32,000 പെൺകുട്ടികളെ ഐ.എസ് തീവ്രവാദികളാക്കിയെന്ന്; കുപ്രചാരണങ്ങളുമായി ‘ദ കേരള സ്റ്റോറി’ ട്രെയിലർ
text_fieldsകേരളത്തിനെതിരേ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ വിവാദത്തിലായ 'ദ കേരള സ്‌റ്റോറി' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. നേരത്തെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ വാസ്തവ വിരുദ്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായി ചിത്രത്തിനെതിരെ ആരോപണമുയർന്നിരുന്നു. സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ 2.45 മിനിറ്റുള്ള ട്രെയിലറിലും കുപ്രചരണങ്ങളും വാസ്തവ വിരുദ്ധമായ കാര്യങ്ങളും കുത്തിനിറച്ചിട്ടുണ്ട്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമെന്ന് പറഞ്ഞു കൊണ്ടാണ് ട്രെയിലർ തുടങ്ങുന്നതും.
കേരളത്തിൽ മതം മാറ്റി 32,000 സ്ത്രീകളെ ഇസ്‌ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കി വിദേശത്തേക്കു കയറ്റിയയച്ചുവെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ചിത്രത്തിനെതിരെ അടിയന്തരനടപടി ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വാർത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂർ എന്നിവർക്ക് മുമ്പ് കത്തെഴുതിയിരുന്നു.
സിനിമ നിർമിച്ചിരിക്കുന്നത് വിപുൽ അമൃത്‌ലാൽ ഷായാണ്. കേരളത്തിൽനിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നാണ് അണിയറക്കാർ പറയുന്നത്. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ ആഖ്യാനം ആണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഇവർ അവകാശപ്പെടുന്നു.
ചിത്രത്തില്‍ നായികയായി എത്തുന്ന അദാ ശര്‍മ, ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നഴ്സ് ആയി ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ശാലിനി തീവ്രവാദ സംഘടനകള്‍ നടത്തുന്ന പെൺവാണിഭത്തില്‍പ്പെട്ടു എന്നാണ് ടീസറും ട്രെയിലറും പറയുന്നത്. തുടര്‍ന്ന് ഫാത്തിമാ ബാ ആയി മാറിയ അവര്‍ ഐ.എസില്‍ ചേരാന്‍ നിര്‍ബന്ധിതയായി. ഇപ്പോള്‍ താൻ ഐ.എസ് തീവ്രവാദിയായി അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നു എന്നും ഈ കഥാപാത്രം പറയുന്നു.
സംവിധായകൻ സുദീപ്‌തോ സെൻ ചിത്രത്തിന്‍റെ ഭാഗമായി സംസ്ഥാനത്തും അറബ് രാജ്യങ്ങളിലും പോയി ഇരകളുടെ കുടുംബങ്ങളെയും പ്രദേശവാസികളെയും കണ്ടുവെന്നാണ് അവകാശപ്പെടുന്നത്. തന്റെ അന്വേഷണമനുസരിച്ച്, 2009 മുതൽ, കേരളത്തിലും മംഗലാപുരത്തും ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ള ഏകദേശം 32,000 പെൺകുട്ടികൾ ഇസ്ലാം മതം സ്വീകരിച്ചെന്നും അവരിൽ ഭൂരിഭാഗത്തിന്‍റെയും ജീവിതം സിറിയയിലും അഫ്ഗാനിസ്ഥാനിലും അവസാനിച്ചുവെനും ഇയാൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.