‘ദ കേരള സ്റ്റോറി’ തമിഴ്നാട്ടിൽ തടയണമെന്ന് സംസ്ഥാന ഇന്റലിജൻസ്
text_fieldsചെന്നൈ: ‘ദ കേരള സ്റ്റോറി’ സിനിമ തമിഴ്നാട്ടിൽ പ്രദർശനത്തിന് അനുമതി നൽകിയാൽ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾ സർക്കാറിന് മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച തമിഴ്, മലയാളം തുടങ്ങിയ അഞ്ച് ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന സിനിമക്കെതിരെ കേരളത്തിൽ ശക്തമായ എതിർപ്പുകളുയർന്ന നിലയിലാണിത്. പ്രദർശനത്തിന് വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകനായ ബി.ആർ. അരവിന്ദാക്ഷൻ മദ്രാസ് ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽ വിവാദ സിനിമയുടെ വിതരണത്തിന് ആരും മുന്നോട്ടുവന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഒട്ടു മിക്ക തിയറ്ററുകളിലും ‘പൊന്നിയൻ ശെൽവൻ- രണ്ട്’ ഓടിക്കൊണ്ടിരിക്കയാണ്. അതിനിടെ തമിഴ്നാട്ടിലെ വിവിധ മുസ്ലിം സംഘടനകൾ വിവാദ സിനിമ നിരോധിക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയതിനുശേഷമേ ചിത്രം പ്രദർശിപ്പിക്കുന്നതിന് തയാറാവുകയുള്ളൂവെന്ന് തിയറ്ററുടമകളും വ്യക്തമാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ സിനിമ റിലീസാവുമ്പോഴുണ്ടാവുന്ന സാഹചര്യങ്ങൾ വിലയിരുത്തിയതിനുശേഷം തീരുമാനം കൈക്കൊള്ളാമെന്നാണ് തമിഴ്നാട് സർക്കാറിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.