‘ദ കേരള സ്റ്റോറി’: വി.എസിന്‍റെ പരാമർശങ്ങൾ മറ്റൊരു രീതിയിൽ സിനിമയിൽ ഉൾപ്പെടുത്തുമെന്ന് സംവിധായകൻ
text_fieldsന്യൂഡൽഹി: വിവാദമായ ‘ദ കേരള സ്റ്റോറി’ സിനിമയിൽ സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തുമെന്ന് സംവിധായകൻ സുദീപ് തോ സെൻ. കേരള മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ അഭിമുഖം പൂർണമായി ഒഴിവാക്കും. എന്നാൽ, വി.എസിന്‍റെ പരാമർശങ്ങൾ മറ്റൊരു രീതിയിൽ സിനിമയിൽ ഉൾപ്പെടുത്തുമെന്നും സംവിധായകൻ പറഞ്ഞു.
സെൻസർ ബോർഡ് ഉന്നത സമിതിയാണെന്നും സമിതിയുടെ നിർദേശങ്ങൾ അംഗീകരിച്ച് മാറ്റങ്ങൾ വരുത്തുമെന്നും സംവിധായകൻ വ്യക്തമാക്കി. സിനിമയെ കുറിച്ച് അഭ്യൂഹങ്ങളാണ് പരക്കുന്നത്. യാഥാർഥ്യം അതല്ല. താൻ സിനിമ നിർമാതാവ് മാത്രമാണെന്നും ഇസ്ലാമോഫോബിയയെ കുറിച്ച് അറിയില്ലെന്നും സുദീപ് തോ സെൻ വ്യക്തമാക്കി.
റിലീസിന് മുമ്പേ വിവാദത്തിലായ ‘ദ കേരള സ്റ്റോറി’ സിനിമക്ക് ‘എ’ സർട്ടിഫിക്കറ്റോടെയാണ് കേന്ദ്ര സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയത്. അതേസമയം, സിനിമയിൽ 10 മാറ്റങ്ങൾ വരുത്തണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) നിർദേശിച്ചിട്ടുണ്ട്.
സിനിമയിൽ പരാമർശിക്കുന്ന കണക്കുകളെ സംബന്ധിച്ച രേഖാമൂലമുള്ള തെളിവ് സമർപ്പിക്കാൻ എക്സാമിനിങ് കമ്മിറ്റി (ഇ.സി) നിർമാതാക്കളോട് ആവശ്യപ്പെട്ടു. ചില സംഭാഷണങ്ങൾ ഒഴിവാക്കണമെന്നും എക്സാമിനിങ് കമ്മിറ്റി നിർദേശിച്ചു. ‘പാകിസ്ഥാൻ വഴി’, ‘അങ്കോ പൈസൺ കി മദാത് അമേരിക്ക ഭി കർത്താ ഹേ’, ‘കമ്യൂണിസ്റ്റ് പാർട്ടി ഹൈന്ദവ ആചാരങ്ങൾ അനുവദിക്കുന്നില്ല’ എന്നിവയാണ് നീക്കം ചെയ്യേണ്ട സംഭാഷണങ്ങൾ.
‘ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി’ എന്നതിൽ നിന്ന് ‘ഇന്ത്യൻ’ എന്ന വാക്ക് ഒഴിവാക്കാനും സെൻസർ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. കേരള മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിർദേശമുണ്ട്. ഈ അഭിമുഖമാണ് സിനിമയിൽ നിന്ന് ഒഴിവാക്കുന്ന ഏറ്റവും ധൈർഘ്യമുള്ള ഭാഗം.
കേരളത്തിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചത് വഴി വിവാദത്തിലായ സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ‘ദ കേരള സ്റ്റോറി’ സിനിമ വിപുൽ അമൃത് ലാൽ ഷായാണ് നിർമിക്കുന്നത്. നേരത്തെ, ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ വാസ്തവ വിരുദ്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായി ചിത്രത്തിനെതിരെ ആരോപണം ഉയർന്നിരുന്നു.
സിനിമയുടെ 2.45 മിനിറ്റുള്ള ട്രെയിലറിലും കുപ്രചരണങ്ങളും വാസ്തവ വിരുദ്ധമായ കാര്യങ്ങളും കുത്തിനിറച്ചിരുന്നു. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമെന്ന് പറഞ്ഞു കൊണ്ടാണ് ട്രെയിലർ തുടങ്ങുന്നതും. കേരളത്തിൽ മതം മാറ്റി 32,000 സ്ത്രീകളെ ഐ.എസിൽ അംഗങ്ങളാക്കി വിദേശത്തേക്ക് കയറ്റിയയച്ചുവെന്നാണ് സിനിമയിലൂടെ അണിയറക്കാർ സമർഥിക്കാൻ ശ്രമിക്കുന്നത്. സിനിമക്കെതിരെ കോൺഗ്രസ്, സി.പി.എം, മുസ് ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.