‘കാക്കി’യുടെ ജീവിതം കഥയാക്കി; നേട്ടത്തിന്‍റെ നെറുകയിൽ ഷാഹി കബീർ
text_fieldsആലപ്പുഴ: പൊലീസ് സേനയിൽനിന്ന് അഞ്ചുവർഷം അവധിയെടുത്ത് സിനിമ പിടിക്കാനെത്തിയ ഷാഹി കബീറിനെ തേടിയെത്തിയത് ദേശീയപുരസ്കാരം. ‘നായാട്ട്’ സിനിമയിലൂടെ മികച്ച തിരക്കഥക്കുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോൾ കൈവന്നത് ഇരട്ടനേട്ടം. ‘ഇലവീഴാപൂഞ്ചിറ’ എന്ന സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്കാരത്തിന് പിന്നാലെയാണ് പുതിയനേട്ടം. കഴിഞ്ഞവർഷം ‘നായാട്ട്’ ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാനപുരസ്കാരവും കിട്ടിയിരുന്നു.
2014ൽ കോട്ടയത്ത് സിവിൽ പൊലീസ് ഓഫിസറായിരിക്കെയാണ് സിനിമ ലോകത്തേക്ക് ചുവടുവെച്ചത്. ആദ്യചിത്രം ‘ജോസഫ്’ തന്നെ ആളുകൾ സ്വീകരിച്ചതോടെ പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. പൊലീസ് അന്വേഷണത്തിന്‍റെയും സ്നേഹബന്ധത്തിന്റെയും ത്രില്ലർ കഥകൾ കോർത്തിണക്കിയാണ് മലയാളത്തിന് മികച്ച കാഴ്ചാനുഭവം നൽകിയത്. പൊലീസ് ജീവിതം തുറന്നെഴുതിയ ‘നായാട്ടും’ നിറകൈയടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
ചെറുപ്പം മുതൽ വായനയിലായിരുന്നു താൽപര്യം. സിനിമ മനസ്സിലേക്ക് കയറിയപ്പോഴാണ് എഴുത്തിലേക്ക് തിരിഞ്ഞത്. അങ്ങനെയാണ് ജോസഫിന്‍റെ തിരക്കഥയെഴുതുന്നത്. നായാട്ട് ഉൾപ്പെടെ തിരക്കഥ എഴുതിയ മൂന്നുസിനിമകൾ പിറവിയെടുത്തു. ആരവം, റൈറ്റര്‍ എന്നീ ചിത്രങ്ങളായിരുന്നു അത്. പൊലീസ് കൂട്ടായ്മയിൽ ഒരുക്കിയ ‘ഇലവീഴാപൂഞ്ചിറ’ സിനിമയിലൂടെയാണ് സ്വതന്ത്രസംവിധായകനായത്.
ഈ ചിത്രത്തിൽ കഥയും തിരക്കഥയും എഴുതിയത് പൊലീസുകാരായ നിധീഷും മാറാട് ഷാജിയുമാണ്. പ്രധാന കഥാപാത്രമായ സൗബിനൊപ്പം അഭിനയിച്ച അഞ്ചുപേരും പൊലീസുകാരാണ്. വയര്‍ലസ് പൊലീസ് സ്റ്റേഷനിൽ ദുരൂഹവും ഭീതിജനകവുമായ അന്തരീക്ഷത്തിൽ കഴിയേണ്ടിവന്ന മനുഷ്യരുടെ അതിജീവനവും പകയും പ്രതികാരവും പ്രണയവും ആവിഷ്കരിച്ച സിനിമക്ക് നാല് സംസ്ഥാനപുരസ്കാരവും കിട്ടിയിരുന്നു. ആലപ്പുഴ സിവ്യൂവാർഡ് കണ്ണിട്ടയിൽ വീട്ടിലാണ് താമസം. ഭാര്യ: സബീന മങ്കൊമ്പ് സ്കൂളിലെ ജീവനക്കാരിയാണ്. മക്കൾ: ഫഹീൻ (പത്താം ക്ലാസ്) ഫഹ്മ (അഞ്ചാം ക്ലാസ്).
‘മേപ്പടിയാൻ’ എന്ന് പുരസ്കാര പ്രഖ്യാപനത്തിൽ കേൾക്കാനായത് സന്തോഷം -വിഷ്ണു മോഹൻ
കാക്കനാട്: തനിക്ക് പുരസ്കാരം ലഭിച്ചതിനേക്കൾ സന്തോഷം ‘മേപ്പടിയാൻ’ എന്ന പേര് ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ കേൾക്കാൻ കഴിഞ്ഞതാണെന്ന് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിച്ച വിഷ്ണു മോഹൻ. മേപ്പടിയാന്റെ നിർമാതാവായ ഉണ്ണി മുകുന്ദനോടാണ് ആദ്യമായി നന്ദി പറയുന്നത്. ഒരാളുടെയും അസിസ്റ്റന്റായി പോലും പ്രവർത്തിച്ച് പരിചയമില്ലാത്ത തന്നെ വിശ്വസിച്ച് സിനിമ ചെയ്യാൻ അവസരം നൽകിയത് അദ്ദേഹമാണ്. കോവിഡ് കാലത്ത് ഒരുപാട് കഷ്ടപ്പെട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. മേപ്പടിയാൻ ടീമിന് അവാർഡ് സമർപ്പിക്കുന്നുവെന്നും വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.