Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആദിവാസി ഭൂമിയുടെ...

ആദിവാസി ഭൂമിയുടെ രാഷ്ട്രീയം പറഞ്ഞ് 'പട' എത്തുന്നു

text_fields
bookmark_border
Movie Pada, tribal politics
cancel

ഭരണഘടനാപരമായ പരിരക്ഷയുള്ള ജനവിഭാഗമാണ് ആദിവാസികൾ. എന്നാൽ, സർക്കാർ സംവിധാനങ്ങൾ ഒരു കാലത്തും ഇത് അംഗീകരിച്ചിട്ടില്ല. സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇക്കാര്യം സമ്മതിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ആദിവാസികൾക്കുള്ള ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതിൽ മുഖ്യധാരാ സമൂഹത്തിനും താൽപര്യമില്ല. ആദിവാസി ജനതക്കും ഭൂമിക്കും മേലുള്ള കടന്നുകയറ്റത്തെ കൂട്ടുപിടിച്ച ചരിത്രമാണ് കേരളത്തിന്‍റേത്. ആ അനീതി നിറഞ്ഞ ചരിത്രത്തിന്‍റെ കലാപരമായ പ്രതിഫലനമാണ് പടയെന്ന സിനിമ. സംവിധായകനായ കമൽ കെ.എം. ഉയർത്തിപ്പിടിക്കുന്ന വർത്തമാനകാലത്തിന്‍റെ കണ്ണാടിയിൽ ദുന്തരപൂർണ ആദിവാസി ജീവിതാവസ്ഥയാണ് പ്രതിഫലിക്കുന്നത്. അതാകട്ടെ സിനിമയെന്ന കലാവിഷ്കാരമാണ്. മലയാളികൾ അറിഞ്ഞിട്ടും അറിയാതെ പോയ, ബുദ്ധിജീവികൾ ചൂണ്ടിക്കാണിക്കാത്ത, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കണ്ണടച്ച ആദിവാസികളുടെ കേരളമുണ്ട്. ആ കേരളത്തിന്‍റെ പ്രതിഫലനമാണ് സിനിമയെന്ന് കമൽ മാധ്യമത്തോട് പറഞ്ഞു.

സിനിമയുടെ കേന്ദ്ര ആശയം അന്യാധീനപ്പെട്ട് ആദിവാസി ജീവിതങ്ങളാണ്. ആദിവാസി ഭൂമി കൈയേറിയത് തിരിച്ചിപിടിക്കാനാണ് 1975ൽ നിയമം പാസാക്കിയത്. എന്നാൽ, രണ്ട് പതിറ്റാണ്ട് നിയമം നടപ്പാക്കുന്നതിന് തടയിട്ടവർ ഒടുവിൽ 1996ൽ ആ നിയമം അട്ടിമറിക്കാൻ പുതിയൊരു ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. അതിനെതിരായ പ്രതിഷേധമെന്ന നിലയിലാണ് അയ്യങ്കാളിപ്പട പാലക്കാട് കലക്ടറെ ബന്ധിയാക്കിയത്. ആ സംഭവം നടന്നിട്ട് 25 വർഷം കഴിഞ്ഞു. എന്നാൽ, സംഭവത്തിന് ആധാരമായ വിഷയത്തിന് ഇന്നും പ്രസക്തിയുണ്ട്. പൗരസമൂഹം അത് എളുപ്പത്തിൽ മറന്നുപോയത് എന്തുകൊണ്ടാണ്? ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി എന്ന അനീതി ഇപ്പോഴും നിലനിൽക്കുകയല്ലേ?. അട്ടപ്പാടിയിലെ മധുവിന് നേരെ ഉണ്ടായ ആക്രമണം അടക്കം പുതിയ കാലത്ത് ആവർത്തിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? തുടങ്ങിയ ചോദ്യങ്ങളിൽ നിന്നാണ് പട ഉണ്ടായതെന്ന് സംവിധാകയകൻ മാധ്യമത്തോട് പറഞ്ഞു.


സിനിമ കാഴ്ചകാരന്‍റേതാണെന്നും അതിനാൽ കൂടുതൽ സംസാരിക്കുന്നില്ലെന്നുമാണ് അദ്ദേഹത്തിന്‍റെ നിലപാട്. എങ്കിലും അന്യാധീനപ്പെട്ട ആദിവാസി ഭൂമിയുടെ ചരിത്രത്തിലേക്കാണ് സിനിമ വിരൽചൂണ്ടുന്നതെന്ന് സംവിധായകൻ സമ്മതിച്ചു. മാവോവാദി സംഘടനയെന്ന് ആരോപിക്കപ്പെടുന്ന അയ്യങ്കാളിപ്പട പാലക്കാട് കലക്ടറായിരുന്ന ഡബ്ല്യു.ആർ. റെഡിയെ കലക്ടറുടെ ചേംബറിൽ പത്ത് മണിക്കൂറോളം ബന്ദിയാക്കി വെച്ചത് സ്വതന്ത്ര ഇന്ത്യയിലെ അപൂർവ സംഭവമാണ്. കളിത്തോക്കും നൂൽബോംബും കൊണ്ടാണ് അയ്യങ്കാളിപ്പട സമരം നടത്തിയത്. ആ സംഭവത്തിന് പിന്നിലുള്ള കാര്യങ്ങളാണ് സിനിമയിൽ ആവിഷ്കരിക്കുന്നത്. ചരിത്രത്തിൽ നിന്ന് സവിശേഷമായാരു സമരത്തിന്‍റെ ചരിത്രം അടയാളപ്പെടുത്തുകയാണ് കമൽ. സമരത്തിലൂടെയാണ് കഥാസന്ദർഭങ്ങൾ കടന്ന് പോകുന്നത്.

'പട'യൊരു ചരിത്രാന്വേഷണമാണ്. 2018 മുതലാണ് കമൽ അന്വേഷണം തുടങ്ങിയത്. ആ സമരത്തിൽ പങ്കെടുത്ത നാലുപേരെയും (കല്ലറ ബാബു, മണ്ണൂർ അജയൻ, കാഞ്ഞാങ്ങാട് രമേശൻ, വിളയോടി ശിവൻകുട്ടി) കണ്ടെത്തി സംസാരിച്ചിരുന്നു. നാല് വർഷം മുമ്പാണ് കമൽ കല്ലറ ബാബുവിനെ നേരിട്ട് കാണുന്നത്. മണ്ണൂർ അജനെ കോതമംഗലംകാരനായ സംവിധായകന് നേരത്തെ അറിയാം. പിന്നീട് ഒരു വർഷം സിനിമക്കുവേണ്ടിയുള്ള ഗവേഷണമായിരുന്നു. മുൻ ചീഫ് സെക്രട്ടറി സി.പി. നായർ, മുൻ ഐ.ജി. ജേക്കബ് പുന്നൂസ്, പാലക്കാട് മുൻ കലക്ടർ ഡബ്ല്യു.ആർ. റെഡി, ജില്ലാ ജഡ്ജി രാജപ്പൻ ആചാരി തുടങ്ങിയവരെ നേരിട്ട് കണ്ട് അയ്യങ്കാളിപ്പട നടത്തിയ സമരത്തിന്‍റെ അനുഭവം സംസാരിച്ചിരുന്നു. ഇവരുടെ സംഭാഷണങ്ങളിലൂടെ വിശദാംശങ്ങൾ ശേഖരിച്ചാണ് കമൽ സിനിമക്ക് രൂപം നൽകിയത്. സമരം പരാജയമായോ വിജയമായോയെന്ന് പറയേണ്ടത് ചരിത്രമാണ്. ഒരു സമരവും ചരിത്രത്തിൽ പൂർണമല്ലെന്നാണ് കമലിന്‍റെ നിലപാട്.


അയ്യങ്കാളിപ്പട നടത്തിയ സമരം വിജയിച്ചുവെങ്കിലും അവർ ഉന്നയിക്കപ്പെട്ട ആദിവസി പ്രശ്നങ്ങൾ ഇന്നും പരിഹരിച്ചിട്ടില്ല. 1996ൽ പാസാക്കിയ നിയമം രാഷ്ട്രപതി ഭരണഘടനാ വിരുധമാണെന്ന് ചൂണ്ടിക്കാട്ടി തിരിച്ചയച്ചപ്പോൾ പകരമായി 1999 ൽ പുതിയ നിയമം നിയമസഭ പാസാക്കി. ഭൂമി അന്യാധീനപ്പെട്ട ആദിവാസികൾക്ക് പകരം ഭൂമി നൽകുമെന്ന നിയമത്തിലെ വ്യവസ്ഥ സർക്കാർ പാലിച്ചില്ല. അതേസമയം അയ്യങ്കാളിപ്പടയുടെ പ്രവർത്തകർ സമരത്തിന് ശേഷം പൊലിസിന് കീഴടങ്ങാതെ ഒളിവിൽ പോയി.

ആദിവാസി ഭൂ നിയമങ്ങളെ സംബന്ധിച്ചും ആദിവാസികൾ നടത്തുന്ന ചെറുസമരങ്ങളെ സംബന്ധിച്ചും അന്വേഷിച്ചു. ആദിവാസികളുടെ പോരാട്ടങ്ങളുടെ ചെറിയ ഏടുകൾ പോലും വലുതാണ്. ഈ സമരങ്ങളിൽ നിന്നാണ് ഗോത്രമഹാസഭ ഉയർന്ന് വന്നത്. പലതരം പ്രതിഫലനത്തിലൂടെയാണ് സിനിമ കടന്നു പോകുന്നത്. രാഷ്ട്രീയബോധമുള്ള ജനതക്കുള്ള സിനിമയാണത്. ആദിവാസി പക്ഷത്തു നിന്നാണ് സിനിമ രൂപം കൊള്ളുന്നത്. സർക്കാരുകൾ ആദിവാസികളുടെ ജീവിതരീതിയും അവരുടെ ഭൂമിയും നിഷേധിക്കുന്ന നിയമങ്ങൾ ഉണ്ടാക്കി. 90കളിൽ നമുക്കിടയിൽ ഉയർത്തിയ വിയോജിപ്പിന്‍റെ ഒരു എപ്പിസോഡ് സിനിമ പുനരവലോകനം ചെയ്യുന്നു.


"ഞങ്ങളുടെ ആവശ്യങ്ങൾ വളരെ ചെറുതാണ്. നിങ്ങൾ നിങ്ങളുടെ ഭരണഘടനയോടും നിയമ വ്യവസ്ഥയോടും നീതി പുലർത്തണം. മനുഷ്യാവകാശ ധാരണകൾക്കെതിരായ ആദിവാസി ഭൂസംരക്ഷണ നിയമഭേദഗതി റദ്ദാക്കണം. മർദിതരുടെ ഐക്യം തകർത്ത് നിങ്ങളുടെ വൃത്തികെട്ട വ്യവസ്ഥയെ സംരക്ഷിക്കാനുള്ള നീക്കത്തെ സർവശക്തിയും ഉപയോഗിച്ച് ഞങ്ങൾ ചെറുക്കും. കേവലം ഒരു നൂലുണ്ട കൊണ്ടും പ്ലാസ്റ്റിക് പൈപ്പുകൾ കൊണ്ടും ഈ ഭരണകൂടത്തെ കഴിഞ്ഞ ആറ് മണിക്കൂറുകൾ ഞങ്ങൾ പിടിച്ചു നിർത്തി. ഇത് തെളിയിക്കുന്നത് എല്ലാ പിന്തിരിപ്പന്മാരും വെറും കടലാസ് പുലികളാണെന്നാണ്."-കല്ലറ ബാബു ഇത് വായിച്ചിട്ടാണ് സമരം അവസാനിപ്പിച്ചത്.

കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ, കനി കുസൃതി, ഉണ്ണിമായ പ്രസാദ്, പ്രകാശ് രാജ്, ഇന്ദ്രൻസ്, സലിം കുമാർ, അർജുൻ രാധാകൃഷ്ണൻ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ചൂഷണത്തെയും സാമൂഹികമായ അസമത്വത്തെയും എതിർക്കുകയും അതിനെതിരെ വെല്ലുവിളി ഉയർത്തുകയും ചെയ്യുന്ന മനുഷ്യസ്നേഹികൾ എല്ലാ കലാത്തുമുണ്ട്. ചിലപ്പോൾ ചരിത്രഗതിയെ തന്നെ മാറ്റിമറിക്കാൻ ഇക്കൂട്ടർക്ക് കഴിഞ്ഞിട്ടുണ്ട്. കേരളം മറന്നുപോയ ചരിത്ര സംഭവത്തിന്‍റെ കലാവിഷ്കാരമായ 'പട' മാർച്ച് 10ന് തീയറ്ററുകളിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie Padatribal politics
News Summary - The Movie ‘Pada’ arrives with the politics of the tribal land
Next Story