'സ്നേഹിച്ച ഓർമ്മകളുമായി നീ യാത്രയാകാൻ അന്ന് ഞങ്ങൾ പാടി'- ഇർഫാൻ ഖാന്‍റെ അവസാന നിമിഷങ്ങളിൽ പ്രാർഥിക്കുകയല്ല, പാടുകയാണ് ചെയ്തതെന്ന് ഭാര്യ
text_fieldsമുംബൈ: കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29നാണ് പ്രതിഭാധനനായ നടന്‍ ഇര്‍ഫാന്‍ ഖാന്‍ ഈ ലോകത്തോട് വിടപറയുന്നത്. അപൂര്‍വമായ ട്യൂമറിനോടു പോരാടി ഒടുവിൽ മരണത്തിന് മുന്നിൽ കീഴടങ്ങിയ പ്രിയ ഭർത്താവിന്‍റെ ഓർമ്മയിൽ വിതുമ്പി ഭാര്യ സുതാപ സിക്ദർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഹൃദയസ്പർശിയാകുന്നു. ഇർഫാൻ ഖാൻ മരിക്കുന്നതിന് തലേദിവസം രാത്രി താനും സുഹൃത്തുക്കളും അദ്ദേഹത്തിന് സമീപത്തിരുന്ന് ഇഷ്ടഗാനങ്ങൾ പാടിയെന്ന് സുതാപ ഓർത്തെടുക്കുന്നു.
സാധാരണ ഈ സാഹചര്യങ്ങളിൽ പ്രാർഥനകൾ മാത്രം കേട്ടിട്ടുള്ള നഴ്സുമാർ തങ്ങളെ വിചിത്ര ജീവികളെ എന്ന പോലെ നോക്കിയെന്നും എന്നാൽ താൻ സ്നേഹിച്ച ഓർമ്മകളുമായി ഇർഫാൻ പോകണമെന്ന് ആഗ്രഹിച്ചതിനാലാണ് പാട്ടുകൾ പാടിയതെന്നും അവർ പറയുന്നു. ഡല്‍ഹി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ഒരുമിച്ച് പഠിച്ച കാലത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഏപ്രില്‍ 29 11.11ന് തന്‍റെ ക്ലോക്ക് നിലച്ചുവെന്നും സ്നേഹവും അടുപ്പവും മരിക്കാത്ത ഓര്‍മകളും നിറഞ്ഞുനില്‍ക്കുന്ന കുറിപ്പിൽ സുതാപ പറയുന്നു.
'ആഴത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ ഒരിക്കലും മരണത്തെ ഭയപ്പെടുന്നില്ല'- അനെയ്സ് നിന്‍, നിന്‍റെ പ്രിയപ്പെട്ട കവി, ഇർഫാൻ. കഴിഞ്ഞ വര്‍ഷം ഇതേ രാത്രി ഞാനും സുഹൃത്തുക്കളും നിനക്കുവേണ്ടി പാട്ടുകള്‍ പാടുകയായിരുന്നു. നിന്‍റെ എല്ലാ പ്രിയപ്പെട്ട പാട്ടുകളും. നഴ്സുമാര്‍ ഞങ്ങളെ വിചിത്ര ജീവികളെപ്പോലെ നോക്കി. അവര്‍ക്കു പരിചിതം പ്രാര്‍ഥനകളും മറ്റു മതപരമായ ചടങ്ങുകളുമായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി പകലിരവുകളിൽ ഞാൻ നിന്‍റെ ജീവനുവേണ്ടി പ്രാര്‍ഥിക്കുകയായിരുന്നല്ലോ. അവസാന യാത്രയിൽ നീ സ്നേഹിച്ച ഓർമ്മകളുമായി നീ പോകണമെന്ന് ഞാൻ ആഗ്രഹിച്ചതിനാലാണ് ഞങ്ങൾ പാട്ടുകൾ പാടിയത്.
അടുത്ത ദിവസം നീ അടുത്ത സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ഞാനില്ലാതെ എവിടെ ഇറങ്ങണമെന്ന് നിനക്കറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 363 ദിവസങ്ങള്‍, 8712 മണിക്കൂറുകള്‍, ഓരോ സെക്കന്‍ഡുകളും എണ്ണുമ്പോള്‍ കാലത്തിന്‍റെ ഈ വലിയ സമുദ്രം എങ്ങനെ കൃത്യമായി നീന്തുന്നു? എന്നെ സംബന്ധിച്ചിടത്തോളം ഏപ്രില്‍ 29 11.11ന് എന്‍റെ ക്ലോക്ക് നിലച്ചു. ഇർഫാൻ നിനക്ക് അക്കങ്ങളുടെ നിഗൂഢതയെക്കുറിച്ച് വളരെയധികം താൽപ്പര്യമുണ്ടായിരുന്നു. നിന്‍റെ അവസാനദിനത്തില്‍ മൂന്ന് 11 വന്നത് കൗതുകമായി തോന്നുന്നു. 11/11/11 നിഗൂഢത നിറഞ്ഞ നമ്പറാണെന്ന് എല്ലാവരും പറയുന്നു.
ഈ മഹാമാരി എങ്ങനെ കടന്നുപോകുമെന്നത് ഭയവും വേദനയും ഉത്കണ്ഠയും വർധിപ്പിക്കുന്നു. പേര് മാറ്റുന്നതുള്‍പ്പെടെയുള്ള പുതിയ ചില ഉത്തരവാദിത്തങ്ങളുമായി ദിവസങ്ങള്‍ കടന്നുപോയി. അദ്ദേഹത്തിന്‍റെ പേര് എടുത്തുമാറ്റി എങ്ങനെ സുതാപ എന്ന് മാത്രമാക്കും. എന്‍റെ വിരലുകള്‍ നിന്നുപോയി. എനിക്ക് ഒപ്പിടാന്‍ കഴിഞ്ഞില്ല, ഞാനൊരു ദിവസം അവധിയെടുത്തു. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ വൈകിയ രാത്രികള്‍ ഓര്‍മ വന്നു. കഥക് കേന്ദ്രത്തിൽ നിന്നുള്ള സുന്ദരികളായ പെൺകുട്ടികൾ പുറത്തേക്ക് ഒഴുകുന്നു.
അവരെല്ലാം വ്യത്യസ്തമായി വസ്ത്രം ധരിച്ചിരുന്നു. നമ്മൾ എല്ലായ്പ്പോഴും നമ്മളുടെ നീല ട്രാക്ക്പാന്‍റിലും സ്കൈ ബ്ലൂ ടി ഷർട്ടിലുമായിരുന്നു. നിങ്ങളെന്‍റെ പേര് തെറ്റായി ഉച്ഛരിച്ചതും ഞാൻ തിരുത്തിയതുമൊക്കെ ഓര്‍മ വരുന്നു. ജീവിതകാലം മുഴുവൻ പരസ്പരം തിരുത്താനുള്ള ഒരു നീണ്ട യാത്രയുടെ തുടക്കമായിരുന്നു അത്. അന്നും ആള്‍ക്കൂട്ടത്തില്‍ നീ ഒറ്റക്കായിരുന്നു. ആളുകള്‍ മരിച്ചുവീഴുന്ന കാലമാണിത്. ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. പലര്‍ക്കും മാന്യമായ സംസ്കാരം പോലും നടത്താന്‍ കഴിയുന്നില്ല. വേര്‍പാടിന്‍റെ വേദനകള്‍ കൂടുകയാണ്. വേര്‍പാടില്‍ വേദനിക്കുന്ന മനസ്സുകളും കൂടുന്നു. പ്രിയ ഇര്‍ഫാന്‍, നീ മനഃസമാധാനത്തോടെ ഇരിക്കൂ...'. അരുവിയില്‍ നിന്ന് ഇര്‍ഫാന്‍ വെള്ളം കുടിക്കുന്ന ഒരു ചിത്രവും സുതാപ ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.