നുണകൾക്കെതിരെ ദൃശ്യപ്രതിരോധമായി ‘ദ അൺനോൺ കേരള സ്റ്റോറി’
text_fieldsതിരുവനന്തപുരം: പാതിവെന്ത നുണകൾ കുത്തിനിറച്ചുള്ള ‘കേരള സ്റ്റോറി’ക്കെതിരെ സൗഹാർദം കിനിയുന്ന കേരളത്തിന്റെ യഥാർഥ അനുഭവ സാക്ഷ്യങ്ങൾ നിരത്തി മലയാളത്തിൽ നിന്നൊരു ദൃശ്യപ്രതിരോധം. ‘ദ അൺനോൺ കേരള സ്റ്റോറി’ എന്ന പേരിൽ മാധ്യമപ്രവർത്തകൻ സനു കുമ്മിൾ തയാറാക്കിയ ഡോക്യുമെന്ററിയാണ് അസത്യപ്രചാരണങ്ങളെ പൊളിച്ചെഴുതുന്നത്. ദേശീയ മാധ്യമായ ദൂരദർശൻ കേരള സ്റ്റോറി പ്രദർശിപ്പിച്ചത് വെള്ളിയാഴ്ച വൈകീട്ട് എട്ടിനെങ്കിൽ ‘ദ അൺനോൺ കേരള സ്റ്റോറി’യുടെ യൂട്യൂബ് റിലീസ് വെള്ളിയാഴ്ച രാത്രി എട്ടിനായിരുന്നു.
അസത്യം കോരിച്ചൊരിയുന്ന കാലത്ത് തിരക്കഥകളല്ല, കരളിൽ തൊടുന്ന ആറ് ജീവിതമാതൃകകളാണ് 33 മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററി അടിവരയിടുന്നത്. ചക്കിയുടെ മൂന്ന് മക്കൾക്കും പോറ്റമ്മയായി മാറിയ തെന്നാടൻ സുബൈദയുടെ ജീവിത കഥയുടെ പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററി തുടങ്ങുന്നത്. സ്വന്തം ഭൂമി 19 പേർക്ക് അന്ത്യവിശ്രമത്തിനായി വിട്ടുനൽകിയ കൈപ്പറ്റ ജലാലുദ്ദീൻ മതനിരപേക്ഷതയുടെ ‘അർബാബായ’ കഥ ഡോക്യുമെന്ററിയിൽ കണ്ടറിയാം.
തൃശൂർ ശക്തൻ നഗറിലെ സംസ്കൃതം പാഠ്യവിഷയമായ എം.ഐ.സി അറബിക് കോളജിനെയും അധ്യാപകനായ കെ.കെ. യതീന്ദ്രനെയും ഡോക്യുമെന്ററി പരിചയപ്പെടുത്തുന്നു. മട്ടാഞ്ചേരി ജൂതത്തെരുവിലെ സാഹ കോഹൻ എന്ന ജൂത വയോധികയുടെയും അവരെ ജീവിതാവസാനം വരെ സംരക്ഷിച്ച താഹയുടെയും തൗഫീഖിന്റെയും ‘സ്റ്റോറിയാണ്’ മറ്റൊന്ന്. പെരിയാറിന്റെ തീരത്ത്, ശ്രീമൂലനഗരത്തിലെ ഹിറ മസ്ജിദിനെ 20 വർഷമായി പരിപാലിക്കുന്ന 77 കാരിയായ ഭാരതിയമ്മയെയും ഡോക്യുമെന്ററി പരിചയപ്പെടുത്തുന്നു. ഏണിക്കരയിൽ രക്തബന്ധമില്ലാത്തയാൾക്ക് കരൾ പകുത്തുനൽകിയ പ്രിയങ്കയിലൂടെ മാനവികതയുടെ പുതിയ മാതൃകയാണ് പങ്കുവെക്കുന്നത്. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തിയിൽ അമ്പലത്തിനും പള്ളിക്കും വേണ്ടി സ്ഥാപിച്ച ഒരു കമാനത്തിന്റെ കഥയും ഡോക്യുമെന്ററിയിൽ കാണാം. കമാനത്തിന്റെ നേർ പകുതിയിൽ ക്ഷേത്രത്തിന്റെ പേരും മറുപകുതിയിൽ മസ്ജിദിന്റെ പേരുമാണ്. മേഖലയിൽ ഒരു ക്രിസ്ത്യൻ കുടുംബമുണ്ട്. ഇവരെക്കൂടി ഉൾക്കൊള്ളിച്ച് കമാനത്തിന്റെ മധ്യത്തിലായി കുരിശും ഉൾപ്പെടുത്തി.
ഇത്തരം സൗഹൃദാനുഭവങ്ങൾ സ്വാഭാവികമാണെങ്കിലും മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തിനെതിരെ ദുരുദ്ദേശത്തോടെയുള്ള കുപ്രാചാരണങ്ങൾ ആർത്തലക്കുമ്പോഴാണ് ചെറുത്തുനിൽപായി ഇത്തരം മാതൃകകൾ ഉയർത്തേണ്ടിവരുന്നത്. മണിക്കൂറുകൾക്കുള്ളിൽ വലിയ പ്രചാരണമാണ് അൺനോൺ കേരള സ്റ്റോറിക്ക് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.