നാടക-സിനിമ നടൻ സി.വി.ദേവ് നിര്യാതനായി
text_fieldsകോഴിക്കോട്: സിനിമ, നാടക നടൻ സി.വി. ദേവ് (83) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ഒരാഴ്ചയോളമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 6.15നാണ് അന്ത്യം. പുതിയങ്ങാടി ഗണപതിക്കാവിന് സമീപം ഉഴുത്താലൻ വീട്ടിലായിരുന്നു താമസം. 1940ൽ കണാരൻ -നാരായണി ദമ്പതികളുടെ മൂത്തമകനായി വടകര ചെമ്മരത്തൂരിലാണ് ജനനം. ശരിയായ പേര് സി. വാസുദേവൻ. മാധവൻ വേങ്ങേരി എഴുതി സദാനന്ദൻ കല്ലായി സംവിധാനം ചെയ്ത ‘വിളക്കിന്റെ വെളിച്ചം’ നാടകത്തിൽ 1959ൽ അഭിനയിച്ചാണ് കലാരംഗത്തേക്കുള്ള പ്രവേശം.
പവിത്രന്റെ ‘യാരോ ഒരാൾ’ ആണ് ആദ്യചിത്രം. ടി.വി. ചന്ദ്രന്റെ ‘കൃഷ്ണൻകുട്ടി’ വിജയനാഥിന്റെ ‘തേർവാഴ്ച’ തുടങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ മുതൽ നൂറിലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും വലുതും ചെറുതുമായ വേഷങ്ങൾ ചെയ്തു. മനസ്സിനക്കരെ, മിഴിരണ്ടിലും, വിലാപങ്ങൾക്കപ്പുറം, കിളിച്ചുണ്ടൻ മാമ്പഴം, നരൻ, മകൾക്ക്, പ്രവാസം, കുടുംബശ്രീ ട്രാവൽസ്, ജവാൻ ഓഫ് വെള്ളിമല, മിഴികൾ സാക്ഷി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയവയാണ് പ്രധാന സിനിമകൾ. നിരവധി സീരിയലുകളിലും അഭിനയിച്ചു. ആകാശവാണിയിൽ നാടക ആർട്ടിസ്റ്റായും പ്രവർത്തിച്ചു.
കെ.ടി. മുഹമ്മദിന്റെ ‘സ്ഥിതി’, എം.ടി. വാസുദേവൻ നായർ എഴുതി സംവിധാനം ചെയ്ത ‘ഗോപുരനടയിൽ’ ഉൾപ്പെടെ നാടകങ്ങളിലും അഭിനയിച്ചു. സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ഭാര്യ: ജാനകി. മക്കൾ: സുകന്യ, സുകാവ്യ, സുകാത്മജൻ. മരുമകൾ: വിജിഷ, മോഹൻദാസ്, സുരേഷ്. തിങ്കളാഴ്ച രാത്രി മുതൽ വീട്ടിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.