മണൽ മാഫിയ തല്ലാൻ വളഞ്ഞു, അവർ 500 പേരുണ്ടായിരുന്നു; ജീവൻ തിരികെ കിട്ടിയത് ഭാഗ്യം- വിക്കി കൗശൽ
text_fieldsചെറിയ സമയംകൊണ്ട് ബോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് വിക്കി കൗശൽ . സംവിധായകൻ അനുരാഗ് കശ്യപിന്റെ സംവിധാന സഹായിയായിട്ടാണ് വിക്കി സിനിമ കരിയർ ആരംഭിച്ചത്. പിന്നീട് അനുരാഗ് കശ്യപ് ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.'ബാഡ് ന്യൂസ്' ആണ് നടന്റെ ഏറ്റവും പുതിയ ചിത്രം.
ഇപ്പോഴിതാ അനുരാഗ് കശ്യപിന്റെ 'ഗ്യാങ്‌സ് ഓഫ് വാസിപൂർ' സിനിമ ചെയ്യുന്ന സമയത്തുണ്ടായ ഒരു സംഭവം പങ്കുവെക്കുകയാണ് വിക്കി. മണൽ മാഫിയയുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ചാണ് നടൻ പറഞ്ഞത്. സിനിമയിൽ കാണിച്ച കൽക്കരി കള്ളക്കടത്ത് യഥാർഥമാണെന്നും ചിത്രീകരണത്തിനിടെ ഒരു കൂട്ടം ആളുകൾ തങ്ങളെ തല്ലാൻ വളഞ്ഞെന്നും വിക്കി അഭിമുഖത്തിൽ പറഞ്ഞു.
'ഗ്യാങ്‌സ് ഓഫ് വാസിപൂർ ചിത്രത്തിൽ കാണിച്ച കൽക്കരി കള്ളക്കടത്ത് യഥാർഥമാണ്. അത് ഞങ്ങൾ രഹസ്യമായി ഷൂട്ട് ചെയ്തതാണ്. ഈ രംഗം ചിത്രീകരിക്കാൻ പോയപ്പോഴാണ് ഒരു കാര്യം മനസിലായത്. ഇത്തരത്തിലുള്ള നിയമവിരുദ്ധപ്രവർത്തനങ്ങൾ ഇവിടെ പരസ്യമായി നടക്കുന്നുണ്ടെന്ന്. ബിസിനസ്സിന്റെ ഭാഗമായി നിയമപരമായി നടക്കുന്നതാണെന്ന് നിങ്ങൾക്ക് തോന്നാം. എന്നാൽ അവിടെ രണ്ട് ട്രക്കുകളല്ല, 500 വണ്ടികളാണുള്ളത്- വിക്കി തുടർന്നു.
അവിടെ നടക്കുന്ന സംഭവങ്ങൾ ഞങ്ങൾ വളരെ രഹസ്യമായി ഷൂട്ട് ചെയ്യുകയായിരുന്നു. അപ്പോൾ കുറച്ചുപേർ ഞങ്ങൾക്കു ചുറ്റും കൂടി. ഏകദേശം 500 പേരുണ്ടായിരുന്നു. അന്നത്തെ ഞങ്ങളുടെ കാമറ അസിസ്റ്റന്റ് അൽപം പ്രായമായ വ്യക്തിയായിരുന്നു. ഏകദേശം 50വയസിന് മുകളിൽ വരും. ഞങ്ങളും കാമറയും കുടുങ്ങിയെന്ന് യൂണിറ്റിൽ വിളിച്ച് അറിയിച്ചു. ഇതു കേട്ട് അവിടെയുണ്ടായിരുന്ന ഒരാൾ,ഞങ്ങൾ അധികാരികളെ അറിയിക്കുകയാണെന്ന് കരുതി കാമറമാനെ തല്ലി. കാമറ തട്ടിയെടുത്തു. അത് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി. അടി കട്ടുമെന്ന് ഉറപ്പിച്ചു. ഭാഗ്യം കൊണ്ടാണ് അന്ന് അവിടെ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടത്'-വിക്കി പറഞ്ഞു.
വിക്കി കൗശല്‍, തൃപ്തി ദിംറി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് തിവാരി സംവിധാനം ചെയ്ത കോമഡി ചിത്രമാണ് 'ബാഡ് ന്യൂസ്' . ജൂലൈ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം ഇന്ത്യയിൽ നിന്ന് നേടിയത്8.62 കോടിയാണ്. തൃപ്തി ദിംറിയാണ് നായിക. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.