അവർ സിനിമകളിൽ ജീവിക്കുകയായിരുന്നു...
text_fieldsകെ.പി.എ.സി ലളിത നമ്മളിൽനിന്ന് വിട്ടുപോയിരിക്കുന്നു. പക്ഷേ, അവരെ നമ്മുടെ മനസ്സിൽനിന്ന് വിട്ടുകളയാനാവില്ല. മലയാള നാടകവേദിയിൽ വലിയ നടിയായിരുന്നു ലളിത. പലരും നാടകത്തിൽനിന്ന് സിനിമയിൽ വരുമ്പോൾ പരാജയപ്പെടാറുണ്ട്. പക്ഷേ, ലളിത സിനിമയിൽ വന്നപ്പോഴും ശോഭിച്ചു. കാരണം അവർ അഭിനയിച്ച സിനിമകൾ കാണുമ്പോൾ മനസ്സിലാകും. അവർ അഭിനയിക്കുകയല്ല, സിനിമകളിൽ ജീവിക്കുകയായിരുന്നു.
മണിച്ചിത്രത്താഴ്, പൊൻമുട്ടയിടുന്ന താറാവ്, ഗോഡ്ഫാദർ, അനിയത്തിപ്രാവ്...ഈ സിനിമകളൊക്കെ ഒന്നുകൂടി കണ്ടുനോക്കൂ. ഒരൊറ്റ കാര്യം നോക്കിയാൽ മതി, അനിയത്തിപ്രാവിലെ ഒരു സീൻ. അവസാന സമയത്ത് ശ്രീവിദ്യയോട് പറയുന്നുണ്ട്, ''നിങ്ങൾക്ക് വേണമെങ്കിൽ ഇവളെ അങ്ങെട്ത്തോ'' എന്ന്. പിന്നാലെ ശാലിനിയെ വിട്ടുകൊടുത്ത് മൂക്ക് ചീറ്റി കണ്ണുതുടയ്ക്കുന്നുണ്ട്. ആ സീനിൽ കാണാം, ശരിക്കും ഒരു ആർട്ടിസ്റ്റിനെ.
എനിക്ക് റോളുള്ള സിനിമയിൽ ജോടിയായി ആര് വേണമെന്ന് ഞാൻ ഒരിക്കലും സംവിധായകരോട് പറയാറില്ല. ഗോഡ് ഫാദർ എന്ന സിനിമയിൽ എന്റെ ഭാര്യ കൊച്ചമ്മിണിയുടെ റോളിലേക്ക് ആളെ അന്വേഷിക്കുന്നതറിഞ്ഞ് ഞാൻ പറഞ്ഞു, അന്വേഷിച്ച് ബുദ്ധിമുട്ടണ്ട; ലളിതക്ക് പറ്റിയ റോളാണത്. ആ സിനിമയിൽ എന്റെ വീട്ടിലെത്തി അച്ഛന്റെ മുന്നിൽവെച്ച് കുട്ടികളെ കിണറിലേക്ക് എറിയും എന്ന് കരഞ്ഞ് പറയുന്ന സീൻ ഉണ്ട്. ആ സീൻ കട്ട് പറഞ്ഞ ശേഷവും അവർ നിന്ന് കിതയ്ക്കുകയായിരുന്നു. എന്ത് പറ്റി എന്ന് ചോദിച്ച് ഞങ്ങൾ ഓടിക്കൂടി. ആ സീനിലെ വികാരം പൂർണമായി ഉൾക്കൊണ്ടതിന്റെ കിതപ്പാണ്. അതാണ് ആർട്ടിസ്റ്റ്.
പൊതുവിൽ കൂടെ അഭിനയിക്കുന്നവർ നന്നായി അഭിനയിക്കുമ്പോഴാണ് നമുക്ക് വാശി വരുന്നത്. നമുക്ക് വേറെ നമ്പറിറക്കാം എന്ന് തോന്നുന്നത് ആ ഘട്ടത്തിലാണ്. അങ്ങനെ ചെയ്യാൻ പലപ്പോഴും പ്രേരിപ്പിക്കുന്ന നടിയാണ് ലളിത. അവര് പറയും ഞാൻ അങ്ങനെ ചെയ്യുംട്ടോ... അപ്പോൾ ഞാൻ മനസ്സിൽ പറയും ''എന്നാ ശരിയാക്കിത്തരാം''. അതൊരു വാശിയാണ്. പലർക്കും ആ മൈൻഡ് വരില്ല. കിട്ടുന്ന കാശ് പോക്കറ്റിലിട്ട് പോവുക എന്നേയുള്ളൂ.
അവരെ വടക്കാഞ്ചേരി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാൻ പാർട്ടി തീരുമാനിച്ചു. അവർ ഒഴിഞ്ഞുമാറി. എന്നെ പാർട്ടീടെ ആൾക്കാർ വിളിച്ചു. ഇന്നസെന്റ് ഒന്ന് ചോദിക്കണമെന്ന് പറഞ്ഞു. ഞാൻ ചോദിച്ചപ്പോൾ ''ഇലക്ഷനിൽ നിൽക്കില്ല എന്ന് പറഞ്ഞിട്ടില്ല, പക്ഷേ വയ്യ'' എന്നായിരുന്നു മറുപടി. അന്ന് അവർക്ക് ഷുഗറും പ്രഷറും ഒക്കെയുണ്ട്. ''സിനിമയിൽ അഭിനയിച്ചിട്ടാ നമ്മൾ ജീവിക്കുന്നത്. ജീവിതത്തിൽ വേറെ റോളിന് എനിക്ക് ബുദ്ധിമുട്ടാണ്'' എന്നുകൂടി അവർ പറഞ്ഞു. ഞാൻ അൽപം കടത്തി ചോദിച്ചു: ''കൂടുതൽ നിർബന്ധിക്കാത്തത് കാരണമാണോ ഇങ്ങനെ പറയുന്നത്.'' അവർ പറഞ്ഞു: ''അല്ല ഇന്നസെന്റ്; ഞാൻ നിൽക്ക്ണില്ല്യ...'' നിൽക്കാത്തതുകൊണ്ട് എന്തുണ്ടായി? നമുക്ക് നല്ലൊരു എം.എൽ.എയെ നഷ്ടപ്പെട്ടു.
ഇടയ്ക്ക് ഒരുനാൾ പറഞ്ഞു. അമ്മ എന്ന സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നിങ്ങൾ ഒഴിയരുത്. ഇനിയും നിൽക്കണം. എന്തുകൊണ്ടാ അവര് പറയണേ... ഒരു വിശ്വാസം. നമ്മളിലുള്ള കരുതൽ... അതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.