10 ദിവസത്തിനുള്ളിൽ 13 ഹൊറർ സിനിമകൾ കാണാൻ റെഡിയാണോ? വൻതുക വാഗ്ദാനം ചെയ്ത് കമ്പനി
text_fieldsന്യൂയോർക്ക്: 10 ദിവസം കൊണ്ട് 13 ഹൊറർ സിനിമകൾ കണ്ട് തീർക്കാമെന്ന് ആത്മവിശ്വാസമുള്ള വ്യക്തിയാണോ നിങ്ങൾ?. ഉത്തരം അതെ എന്നാണെങ്കിൽ നിങ്ങളെ കാത്ത് കിടിലൻ ഓഫറുണ്ട്. ഒക്ടോബറിൽ 13 ഹൊറർ ചിത്രങ്ങൾ കാണുന്നയാൾക്ക് 1300 ഡോളർ (ഏകദേശം 95000 രൂപ) വാഗ്ദാനം ചെയ്തിരിക്കുകയാണ് ഫിനാൻസ് ബസ് എന്ന സാമ്പത്തിക സ്ഥാപനം.
ചിത്രത്തിന്‍റെ വലിപ്പവും ബജറ്റും പ്രേക്ഷകരിൽ വല്ല സ്വാധീനവും ചെലുത്തുന്നുണ്ടോ എന്ന് പഠിക്കാൻ വേണ്ടിയാണ് കമ്പനിയുടെ ശ്രമമെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
ഹൊറർ മൂവി ഹാർട് റേറ്റ് അനലിസ്റ്റ് എന്നാണ് തസ്തികയുടെ പേര്. ഇതുവരെ ഇറങ്ങിയതിൽ വെച്ച് ഏറ്റവും പേടിപ്പെടുത്തുന്ന 13 ചിത്രങ്ങൾ കാണുന്ന വേളയിൽ വ്യക്തിയുടെ ഹൃദയമിടിപ്പ് ഫിറ്റ്ബിറ്റ് എന്ന ഉപകരണം വെച്ച് അളക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഉയർന്ന ബജറ്റിലുള്ള ഹൊറർ ചിത്രങ്ങൾ ചെറുബജറ്റിലുള്ള ചിത്രങ്ങളേക്കാൾ ആളുകളെ പേടിപ്പിക്കുന്നുണ്ടോ എന്നാണ് കമ്പനിക്ക് അറിയേണ്ടത്.
ചിത്രങ്ങൾ സ്വരൂപിക്കാനായി 50 ഡോളർ കമ്പനി വേറെ നൽകും. സോ, അമിറ്റിവില്ലെ ഹൊറർ, എ ക്വയറ്റ് പ്ലേസ്, എ ക്വയറ്റ് പ്ലേസ്-2, കാൻഡിമാൻ, ഇൻസിഡ്യസ്, ദ ബ്യെർ വിച്ച് പ്രൊജക്ട് സിനിസ്റ്റർ, ഗെറ്റ് ഔട്ട്, ദ പർജ്, ഹാലോവീൻ (2018), പാരാനോർമൽ ആക്ടിവിറ്റി, അനബല്ലെ എന്നീ ചിത്രങ്ങളാണ് കാണേണ്ടത്.
ഈ വർഷം സെപറ്റംബർ 26 വരെ അപേക്ഷിക്കാം. അമേരിക്കയിൽ താമസക്കാരായ 18 വയസിന് മുകളിൽ പ്രായമുള്ളയാളുകൾക്ക് മാത്രമാണ് അവസരം. ഒക്ടോബർ ഒന്നിനാണ് തെരഞ്ഞെടുക്കപ്പെട്ടയാളെ പ്രഖ്യാപിക്കുക. ഒക്ടോബർ നാലിന് ഫിറ്റ്ബിറ്റ് അയച്ചുകൊടുക്കും. ഒക്ടോബർ ഒമ്പത് മുതൽ ഒക്ടോബർ 18 വരെയാണ് സിനിമ കാണേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.