തോമസ് ബർളി: മലയാളത്തെ ഹോളിവുഡിലെത്തിച്ച പ്രതിഭ
text_fieldsമട്ടാഞ്ചേരി: ഫ്രാങ്ക് സിനാത്ര നായകനായി 1959ൽ പുറത്തിറങ്ങിയ ‘നെവർ സോ ഫ്യൂ’ എന്ന ഹോളിവുഡ് ചിത്രത്തിൽ പട്ടാളക്കാരന്റെയും ഡോക്ടറുടെയും വേഷങ്ങളിൽ അഭിനയിച്ചത് ഫോർട്ട്കൊച്ചിക്കാരൻ കുരിശിങ്കൽ വീട്ടിൽ തോമസ് ബർളിയായിരുന്നു. അന്ന് നാട്ടുകാർക്ക് അത്ഭുതമായിരുന്നു അത്. സിനിമ പഠിക്കാൻ അമേരിക്കയിൽ പോയി ഒടുവിൽ ഹോളിവുഡ് നടനായി മാറുകയായിരുന്നു ബർളി.
സിനിമ പഠനത്തിനിടെ നിരവധി ഇംഗ്ലീഷ് ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. അങ്ങനെ വാർണർ ബ്രദേഴ്സിന്റെ ഇഷ്ടനടന്മാരിൽ ഒരാളായി മാറി. അക്കാലത്തെ കൗബോയ് വേഷം തോമസ് ബർളിക്ക് ഇണങ്ങിയിരുന്നതും അഭിനയജീവിതത്തിന് തുണയായി മാറി. ഹോളിവുഡിൽ മേൽവിലാസം ഒരുക്കാൻ പിന്നെ താമസമുണ്ടായില്ല.
വിദ്യാർഥിയായിരിക്കെയാണ് അക്കാലത്തെ പ്രമുഖ സംവിധായകനായ വിമൽകുമാറുമായി തോമസ് കണ്ടുമുട്ടുന്നത്. സിനിമയിൽ അഭിനയിക്കാമോ എന്ന വിമൽകുമാറിന്റെ ചോദ്യം കേട്ടപാടെ അദ്ദേഹം സമ്മതം മൂളി. വീട്ടുകാരുടെ സമ്മതത്തോടെ വിമൽകുമാറിന്റെ ‘തിരമാല’ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. സത്യനായിരുന്നു വില്ലൻ വേഷത്തിൽ. പടം ഹിറ്റായി. പക്ഷേ സിനിമക്ക് പിന്നാലെ പോകാൻ വീട്ടുകാർ അദ്ദേഹത്തെ അനുവദിച്ചില്ല.
പഠനം തുടരണമെന്നാണ് വീട്ടുകാർ പറഞ്ഞത്. അത് അദ്ദേഹം അനുസരിച്ചു. സിനിമ മാത്രമേ പഠിക്കൂ എന്നായിരുന്നു ഉപാധി. അങ്ങനെയാണ് കാലിഫോർണിയ യൂനിവേഴ്സിറ്റിയിൽ സിനിമ പഠിക്കാൻ പറന്നത്. പഠനകാലത്ത് േബർളി എഴുതിയ ഒരു തിരക്കഥ കിങ് ബ്രദേഴ്സ് എന്ന കമ്പനി സിനിമയാക്കി. അക്കാലത്ത് അതിന് 2500 ഡോളർ അദ്ദേഹത്തിന് ലഭിച്ചു.
പിന്നീട് 15 വർഷം അമേരിക്കയിലെ ടെലിവിഷൻ-സിനിമ കമ്പനികളിൽ പ്രവർത്തിച്ചു. ഇക്കാലത്താണ് ഹോളിവുഡ് സിനിമകളിൽ അഭിനയിച്ചത്. ഹോളിവുഡ് നടി മര്ലിൻ ബ്രാൻഡോയുടെ വീട്ടില് അത്താഴവിരുന്നിന് ക്ഷണിക്കപ്പെടാൻ തക്ക ബന്ധങ്ങൾപോലും ഉണ്ടായിരുന്നു അദ്ദേഹത്തിന്.
അമേരിക്കയിൽനിന്ന് മടങ്ങി 10 വർഷത്തിനുശേഷം േബർളി വീണ്ടും മലയാള സിനിമയിലെത്തി. ‘ഇത് മനുഷ്യനോ’ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. കെ.പി. ഉമ്മറായിരുന്നു നായകൻ. 12 വർഷത്തിനുശേഷം വീണ്ടും ഒരു സിനിമ സംവിധാനം ചെയ്തു -‘വെള്ളരിക്കാപ്പട്ടണം’. പ്രേംനസീർ അഭിനയിച്ച മുഴുനീള ഹാസ്യചിത്രമായിരുന്നു അത്. ഇതിലെ പാട്ടുകൾക്ക് ഈണം നൽകിയതും തോമസ് ബർളിയായിരുന്നു. സിനിമയും അതിലെ പാട്ടുകളും ഹിറ്റായിരുന്നു.
ഹോളിവുഡ് ഒരു മരീചിക എന്ന പേരിൽ അദ്ദേഹത്തിന്റെ സിനിമാജീവിതം പുസ്തകമായി പുറത്തിറങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ് കവിത സമാഹാരമായ ‘ബിയോൻഡ് ഹാർട്ട്’, തന്റെ പിതാവിന്റെ സ്മരണക്കായി ഗദ്യകവിത സമാഹാരമായ ‘ഫ്രാഗ്രന്റ് പെറ്റൽസ്’, കാർട്ടൂൺ ബുക്കായ ‘ഓ കേരള’ എന്നിവയും തോമസ് ബർളിയുടേതാണ്. മജീഷ്യനായും വയലിൻ, മാൻഡലിൻ വാദകനായും കഴിവ് തെളിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.