ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മൂന്ന് ഒമാനി ചിത്രങ്ങൾ
text_fieldsമസ്കത്ത്: മുംബൈയിൽ നടക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്റെ 11ാമത് എഡിഷനിൽ മൂന്ന് ഒമാനി ചിത്രങ്ങളും. ഈ മാസം 10 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. അബ്ദുല്ല അൽ അജ്മി സംവിധാനം ചെയ്ത ‘അൽ മന്യോർ’, ദലീല അൽ ദാരെയുടെ ‘അൽ മകാസറ’, ‘ഹഷഫ്’ എന്നീ സിനിമകളാണ് ഒമാൻ ഫിലിം സൊസൈറ്റി മുഖേന ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്. സുൽത്താനേറ്റിന്റെ തീരദേശ ഗ്രാമങ്ങളിലെ കാർഷിക, ഗാർഹിക ആവശ്യങ്ങൾക്കായി ആഴത്തിലുള്ള കിണറുകളിൽനിന്ന് ശുദ്ധജലം വലിച്ചെടുക്കുന്ന പരമ്പരാഗത പ്രക്രിയയായ ‘അൽ സമത്തു’മായി ബന്ധപ്പെട്ട കാര്യങ്ങളാണ് ‘അൽ മന്യോർ’ ചിത്രത്തിന്റെ ഇതിവൃത്തം.
നിസ്വ സൂഖിൽ വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിൽ വിലപേശുകയും സാധനങ്ങൾക്ക് യോജിച്ച വിലയിൽ എത്തിച്ചേരുകയും ചെയ്യുന്ന ശീലത്തെ പറഞ്ഞുവെക്കുന്നതാണ് അൽ മകാസറ. സുൽത്താനേറ്റിന്റെ പൈതൃകത്തിന്റെ ഭാഗമായ ഒമാനി ഖഞ്ചറിനെ കേന്ദ്രീകരിച്ചാണ് അൽ മകാസറ സിനിമ. വിദൂരത്തുള്ള ഒമാനി ഗ്രാമത്തിൽ താമസിക്കുന്ന ഒരു സ്ത്രീയുടെ കഥയും ഗ്രാമീണർ അവരുടെ ജീവിതരീതിയിൽ എങ്ങനെ ഉറച്ചുനിൽക്കുന്നുവെന്നുമാണ് ഹഷഫ് സിനിമ പറയുന്നത്. അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലെ പങ്കാളിത്തം വ്യത്യസ്ത സംസ്കാരങ്ങളെക്കുറിച്ച് അറിയുന്നതുൾപ്പെടെയുള്ള മറ്റ് അനുഭവങ്ങൾ പരിചയപ്പെടാൻ അവസരമൊരുക്കുമെന്ന് ഡയറക്ടർ മുഹമ്മദ് അൽ അജ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.