പൊങ്കൽ റീലീസ്: തമിഴ്നാട്ടിൽ ആരാധക സംഘർഷം
text_fieldsചെന്നൈ: തമിഴ്നാടിന്റെ ദേശീയോത്സവമായ പൊങ്കലിനോടനുബന്ധിച്ച് വിജയ്യുടെ ‘വാരിസ്’, അജിത്തിന്റെ ‘തുനിവ്’ സിനിമകൾ ഒരേസമയം റിലീസ് ചെയ്തതോടെ മിക്ക തിയറ്ററുകളും യുദ്ധക്കളമായി മാറി. ബുധനാഴ്ച പുലർച്ചെ ഒരു മണിക്ക് തുനിവും നാലുമണിക്ക് വാരിസും തിയറ്ററുകളിലെത്തി. ഇതിന് മണിക്കൂറുകൾക്ക് മുമ്പേ വിജയ്-അജിത് ആരാധകർ തിയറ്ററുകൾക്ക് മുന്നിൽ തടിച്ചുകൂടി. എട്ടു വർഷത്തിനുശേഷമാണ് വിജയ്യുടെയും അജിത്തിന്റെയും സിനിമകൾ ഒരേസമയം റിലീസാവുന്നത്.
ചെന്നൈ, കോയമ്പത്തൂർ, മധുര തുടങ്ങിയ നഗരങ്ങളിലെ പ്രധാനപ്പെട്ട മിക്ക റോഡുകളിലും ഗതാഗതം സ്തംഭിച്ചു. ചെന്നൈ രോഹിണി തിയറ്ററിന് മുന്നിൽ റോഡിലൂടെ കടന്നുപോവുകയായിരുന്ന ടാങ്കർ ലോറിക്ക് മുന്നിൽ കയറിനിന്ന് നൃത്തം ചവിട്ടിയ അജിത് ആരാധകനായ ചെന്നൈ ചിന്താതിരിപ്പേട്ട സ്വദേശി ഭരത്കുമാർ (19) കുഴഞ്ഞുവീണ് മരിച്ചു. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കോയമ്പേട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പലയിടങ്ങളിലും ആരാധകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പോസ്റ്ററുകളും ബാനറുകളും വലിച്ചുകീറി നശിപ്പിച്ചതാണ് ഇതിന് കാരണമായത്.തിരുച്ചിറപ്പള്ളിയിൽ അജിത് ആരാധകർക്കുനേരെ പൊലീസ് ലാത്തിവീശി. കോയമ്പത്തൂരിലും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ നേരിയതോതിൽ പൊലീസ് ലാത്തിച്ചാർജ് നടത്തി. ചിലയിടങ്ങളിൽ ടിക്കറ്റെടുക്കാത്ത നിരവധി പേർ തിയറ്ററുകളുടെ ഗേറ്റുകളും മറ്റും തകർത്ത് ഇരച്ചുകയറിയതും സംഘർഷത്തിനിടയാക്കി. ഇവരെ പൊലീസും തിയറ്റർ ജീവനക്കാരും ചേർന്ന് പുറത്താക്കി. ചില തിയറ്ററുകൾക്ക് നേരെ കല്ലേറുണ്ടായി. ചെന്നൈ കോയമ്പേട് രോഹിണി തിയറ്റർ പരിസരത്ത് കല്ലേറും തീവെപ്പുമുണ്ടായി.
പുതുച്ചേരിയിൽ പ്രത്യേക പ്രദർശനത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് വിജയ് ആരാധകർ മുഖ്യമന്ത്രി എൻ. രംഗസാമിയുടെ വസതി വളഞ്ഞു. കലക്ടർക്ക് നിർദേശം നൽകാമെന്ന് ഉറപ്പ് നൽകിയതോടെയാണ് ആരാധകർ പിരിഞ്ഞുപോയത്.
ഉസിലംപട്ടിയിലെ പൊന്നുസാമി തിയറ്റർ പരിസരത്ത് ടിക്കറ്റുകൾ വൻ തുകക്ക് കരിഞ്ചന്തയിൽ വിൽക്കപ്പെടുന്നതായി ആരോപിച്ച് മധുര-തേനി ദേശീയപാത ഉപരോധിച്ച 42 ആളുകളുടെ പേരിൽ ഉസിലംപട്ടി പൊലീസ് കേസെടുത്തു. പ്രത്യേക സാഹചര്യത്തിൽ ജനുവരി 13 മുതൽ 16 വരെ തിയറ്ററുകളിൽ പ്രത്യേക പുലർകാല പ്രദർശനങ്ങൾക്ക് തമിഴ്നാട് സർക്കാർ വിലക്കേർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.