തിയറ്ററിലെത്തുന്ന സിനിമകൾ ഒ.ടി.ടിക്ക് നൽകുന്ന സമയപരിധി 56 ദിവസമാക്കണം -ഫിയോക്
text_fieldsകൊച്ചി: തിയറ്റർ റിലീസിനുശേഷം സിനിമകൾ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുന്നതിന്‍റെ കാലയളവ് ഉയർത്തണമെന്ന ആവശ്യവുമായി സിനിമ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. നിലവിൽ 42 ദിവസം എന്ന കാലയളവ് 56 ദിവസമാക്കി ഉയർത്തണമെന്ന് പ്രസിഡന്‍റ് കെ. വിജയകുമാർ ആവശ്യപ്പെട്ടു. ഇതിനായി ഫിലിം ചേംബറിന് കത്ത് നൽകും. ഫിലിം ചേംബറിൽ ടൈറ്റിൽ രജിസ്റ്റർ ചെയ്ത ചിത്രം ഒ.ടി.ടിയിൽ കൊടുത്തിട്ട് തിയറ്ററുകളിലേക്ക് വന്നാൽ പ്രദർശിപ്പിക്കേണ്ടെന്നും യോഗം തീരുമാനിച്ചു.
നടന്‍റെയും നടിയുടെയും അനുവാദമില്ലാതെ ഒരു സിനിമയും ഒ.ടി.ടിയിൽ പ്രദർശിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇവരെ താരമാക്കിയത് തിയറ്ററുകളാണെന്ന് മനസ്സിലാക്കണം. വൈദ്യുതി ചാർജ് അടക്കാനുള്ള പണംപോലും തിയറ്ററുകളിൽനിന്ന് ലഭിക്കുന്നില്ല. മോഹൻലാലിന്‍റെ എലോൺ ഒ.ടി.ടിയിൽ പോയിട്ട് അടുത്ത ചിത്രം തിയറ്ററിൽ പ്രദർശിപ്പിക്കാൻ വന്നാൽ സ്വീകരിക്കില്ല. ഏതു സിനിമയും രണ്ടോ മൂന്നോ നാലോ ആഴ്ച പ്രദർശിപ്പിക്കണം എന്ന് ആഗ്രഹമുണ്ട്. എന്നാൽ, കാണാൻ ആളെത്തണം. ജീവിക്കാൻ കഴിവില്ലാത്തവർ അല്ലല്ലോ സിനിമ ഒ.ടി.ടിയിൽ കൊടുക്കുന്നതെന്നും ഫിയോക് ഭാരവാഹികൾ പറഞ്ഞു.
പാപ്പൻ, തല്ലുമാല, സോളമന്‍റെ തേനീച്ചകൾ, ഗോൾഡ് തുടങ്ങി ഒട്ടേറെ പുതിയ ചിത്രങ്ങൾ ഓണത്തിന് പുറത്തുവരാനിരിക്കെയാണ് ഫിയോക് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. തിയറ്ററിൽ റിലീസ് ചെയ്യുന്ന ചില സിനിമകൾ കരാർ ലംഘിച്ച് 42 ദിവസമെന്ന കാലയളവിന് മുമ്പേ ഒ.ടി.ടിക്ക് നൽകുന്നുണ്ടെന്നും ഭാരവാഹികൾ പറയുന്നു. കെ.ജി.എഫ്, വിക്രം തുടങ്ങി മികച്ച തിയറ്റർ അനുഭവം നൽകുന്ന സിനിമകൾക്ക് മാത്രമാണ് ആളുകൾ തിയറ്ററിൽ വരുന്നത്.
സിനിമകൾ ഒ.ടി.ടിക്ക് നൽകുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യം നേരത്തേ ഫിലിം ചേംബർ പരിഗണിച്ചിരുന്നില്ല. തിയറ്റർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഈയിടെ ഇറങ്ങിയ 'കുറി' എന്ന ചിത്രത്തിന് ഫ്ലക്സി ചാർജ് നടപ്പാക്കിയിരുന്നു. ഇത് ഫലപ്രദമായില്ലെന്നും ഫ്ലക്സി ചാർജിന് സർക്കാർ പിന്തുണ വേണമെന്നുമാണ് സംഘടനയുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.