നടനം സത്യം; പകരമില്ലാത്ത മേൽവിലാസം
text_fieldsകാലം ഒടുവിലത്തെ സീനിന് അര നൂറ്റാണ്ട് മുമ്പ് ക്ലാപ്പടിച്ചിട്ടും മലയാള സിനിമയിൽ സത്യൻ എന്ന അഭിനയാതിശയം ഒഴിച്ചിട്ട സിംഹാസനം അതേപടി കിടപ്പുണ്ട്. 150ഒാളം സിനിമകളിലൂടെ മലയാളിയുടെ ചലച്ചിത്രാനുഭവത്തിലെ കരുത്തായി മാറിയ സത്യൻ വേർപിരിഞ്ഞിട്ട് ഇന്ന് 50 വർഷമാകുന്നു.
നടനം, 'അഭിനയം'വിട്ട് പെരുമാറ്റമായി വളർച്ചപ്രാപിച്ച കാലമാണിത്. പെരുമാറ്റത്തിെൻറ ആ സ്വാഭാവികത മലയാള സിനിമയിൽ അനായാസം കാഴ്ചവെച്ച ആദ്യത്തെ സൂപ്പർ സ്റ്റാർ, മാനുവൽ സത്യനേശൻ നാടാർ എന്ന സത്യനായിരുന്നു. നാടകവേദിയുടെ സ്ഥലകാല പരിമിതികളിൽനിന്ന് വിട്ടുമാറാൻ മടികാണിച്ചുനിന്ന മലയാള സിനിമയിൽ അഭിനയത്തിെൻറ ലോകോത്തര ഭാവം പകർന്നാടിയ നടനും സത്യനായിരുന്നു.
അദ്ദേഹം അഭിനയിച്ചനുഭവിപ്പിച്ച 150ഒാളം സിനിമകൾ അതിനുദാഹരണം. ഒരേ കാലത്ത് സിനിമയിൽ വന്നവരായിരുന്നു പ്രേംനസീറും സത്യനും. അതിനാടകീയവും കാമുകഭാവങ്ങളുമായി പ്രേംനസീർ സൂപ്പർ സ്റ്റാറായപ്പോൾ ജീവിതത്തിെൻറ പരുക്കൻ ഭാവങ്ങളിലൂടെയായിരുന്നു സത്യെൻറ യാത്ര. ആൾക്കൂട്ടത്തിൽ എവിടെയൊക്കെയോ കണ്ടുമുട്ടിയ മനുഷ്യരുടെ ഛായയായിരുന്നു സത്യൻ കഥാപാത്രങ്ങൾക്ക്.
ഒാടയിൽ നിന്നിലെ പപ്പുവും ചെമ്മീനിലെ പളനിയും മുടിയനായ പുത്രനിലെ രാജശേഖരൻ പിള്ളയും കരകാണാക്കടലിലെ തോമയും അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പനുമൊക്കെ ഇന്നും അഭിനയത്തിെൻറ അധ്യായങ്ങളായി നിലകൊള്ളുന്നു. കടൽപാലത്തിലെ ഇരട്ടവേഷത്തിന് 1969ലും കരകാണാക്കടലിലെ തോമക്ക് 1971ലും മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു. ജീവിതത്തിലും നിരവധി വേഷങ്ങൾ കെട്ടാൻ നിയോഗിക്കപ്പെട്ടയാളായിരുന്നു സത്യൻ.
1912 നവംബർ ഒമ്പതിന് തെക്കൻ തിരുവിതാംകൂറിലെ തിരുമലക്കടുത്തുള്ള ആരമട ഗ്രാമത്തിൽ മാനുവലിെൻറയും ലില്ലിയമ്മയുടേയും ആദ്യ പുത്രനായി ജനിച്ച സത്യൻ, അധ്യാപകനും സെക്രേട്ടറിയറ്റ് ഉദ്യോഗസ്ഥനുമായ ശേഷം രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളത്തിൽ സേവനമനുഷ്ഠിച്ചു. തിരികെ വന്ന് പൊലീസിൽ ചേർന്ന സത്യൻ പുന്നപ്ര-വയലാർ സമരകാലത്ത് ആലപ്പുഴയിലെ ഇടിയൻ എസ്.െഎയായി മാറി.
പിന്നീട് നാടകത്തിലും സിനിമയിലും ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട സത്യൻ നടനമാണ് തെൻറ വഴിയെന്ന് തിരിച്ചറിയുകയായിരുന്നു. ആ തിരിച്ചറിവ് മലയാള സിനിമയിലെ മഹാനടന് പിറവിയേകി. അതിനിടയിൽ രക്താർബുദ ബാധിതനായ സത്യൻ രോഗത്തോടും പൊരുതിയായിരുന്നു വെള്ളിത്തിരയിൽ ആളിക്കത്തിയത്. 1971 ജൂൺ 15ന് 58ാമത്തെ വയസ്സിൽ രോഗം മൂർച്ഛിച്ച് ചെെന്നെയിൽ മരണത്തിന് കീഴടങ്ങി. നാട്ടിൽ കൊണ്ടുവന്ന സത്യെൻറ മൃതശരീരം തിരുവനന്തപുരം നഗരത്തിലെ എൽ.എം.എസ് കോമ്പൗണ്ടിൽ സംസ്കരിച്ചു.
'സത്യെൻറ പിൻഗാമികൾ...' എന്ന മേൽവിലാസത്തിൽ പിന്നെയും നായകന്മാർ മലയാള സിനിമയിൽ വന്നുകൊണ്ടിരുന്നു. പക്ഷേ, ആ നടനസത്യത്തിന് പകരക്കാരനില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.