സിനിമ ഷൂട്ടിങ്ങിനായി വനഭൂമിയിലെ മരങ്ങൾ മുറിച്ച സംഭവം;‘ടോക്സിക്’ന്റെ നിർമാതാക്കൾക്കെതിരെ കേസ്
text_fieldsബംഗളൂരു: കന്നട നടൻ യാഷിനെ നായകനാക്കി മലയാളി സംവിധായിക ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ സിനിമയുടെ ചിത്രീകരണത്തിനായി 100ലേറെ മരങ്ങൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ സിനിമ നിർമാതാക്കൾക്കെതിരെ കേസെടുത്തു.
നിര്‍മാതാക്കളായ കെ.വി.എന്‍ മാസ്റ്റര്‍മൈന്‍ഡ് ക്രിയേഷന്‍സ്, കനറാ ബാങ്ക് ജനറല്‍ മാനേജര്‍, എച്ച്.എം.ടി ജനറല്‍ മാനേജര്‍ എന്നിവര്‍ക്കെതിരെയാണ് കർണാടക വനംവകുപ്പ് കേസെടുത്തത്.
ബംഗളൂരു പീനിയയിലെ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (എച്ച്.എം.ടി) വളപ്പിൽ നിന്ന് 100ലേറെ മരങ്ങളാണ് മുറിച്ചത്. സംഭവത്തിൽ സിനിമ നിർമാതാക്കൾക്കെതിരെ നടപടിയെടുക്കാൻ കർണാടക വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി എച്ച്.എം.ടിയിലെ വനഭൂമി സന്ദർശിച്ച് സാഹചര്യം വിലയിരുത്തിയ ശേഷമാണ് നടപടിക്ക് നിർദേശം നൽകിയത്.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എച്ച്.എം.ടിയും സംസ്ഥാന വനംവകുപ്പും തമ്മില്‍ പീനിയയിലെ 599 ഏക്കര്‍ ഭൂമിയുടെ പേരിലുള്ള തര്‍ക്കമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകരെ കുഴപ്പത്തിലാക്കിയത്. 1900 ത്തിന്റെ തുടക്കത്തിൽ ഈ പ്രദേശം വനഭൂമിയായി അടയാളപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, 1960കളിൽ, ഇത് ഡി-നോട്ടിഫിക്കേഷൻ കൂടാതെ എച്ച്.എം.ടിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.
വനംവകുപ്പിന്റെ 599 ഏക്കർ ഭൂമി എച്ച്.എം.ടിയുടെ കൈയിലുണ്ടെന്നും അവ തിരിച്ചുപിടിക്കുമെന്നും, 300 കോടിയോളം വരുന്ന 165 ഏക്കർ ഭൂമി എച്ച്.എം.ടി അധികൃതർ സ്വകാര്യ -സർക്കാർ ഏജൻസികൾക്ക് വിറ്റതായും മന്ത്രി പറഞ്ഞിരുന്നു. പീനിയയിൽ പ്ലാന്റേഷൻ- ഒന്ന്, പ്ലാന്റേഷൻ -രണ്ട് എന്നിങ്ങനെ വിജ്ഞാപനം നടത്തിയ റിസർവ് ഫോറസ്റ്റായ 599 ഏക്കർ 1960കളിൽ വിജ്ഞാപനം റദ്ദാക്കാതെ എച്ച്.എം.ടിക്ക് കൈമാറുകയായിരുന്നെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.