ശരവണനെ ട്രോളുന്നവർ അറിയാൻ... 'ലെജൻഡ്' ആദ്യദിനം വാരിയത് കോടികൾ
text_fieldsശരവണ സ്റ്റോഴ്സ് ഉടമ ശരവണൻ അരുളിന്റെ ആദ്യ ചിത്രമായ 'ദി ലെജന്‍ഡ്' ആദ്യ ദിനത്തിൽ വാരിയത് കോടികൾ. വ്യാഴാഴ്ചയാണ് സിനിമ തിയറ്ററുകളില്‍ എത്തിയത്. റിലീസിന് മുമ്പും ശേഷവും നെഗറ്റീവ് പബ്ലിസിറ്റിയും പരിഹാസവുമൊക്കെയായി മലയാളികളടക്കം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞാടുന്നതിനിടെയാണ് ആദ്യദിന കലക്ഷൻ റിപ്പോർട്ട് പുറത്തുവന്നത്. റിലീസ് ദിനം തന്നെചിത്രം കാണാന്‍ പലയിടത്തും പ്രേക്ഷകർ ഒഴുകിയെത്തി.
വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ ഗൾഫ് രാജ്യങ്ങളിലും ശ്രീലങ്കയിലും സിംഗപ്പൂരിലുമെല്ലാം ചിത്രത്തിന്റെ റിലീസ് ഉണ്ടായിരുന്നു. 2500 തിയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ദ് ലെജന്‍ഡ് ന്യൂ ശരവണ സ്റ്റോഴ്സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശരവണന്‍ തന്നെയാണ് ചിത്രം നിർമിച്ചത്. ആറ് കോടി രൂപ ആഗോള റിലീസിങ്ങിലൂടെ ആദ്യ ദിവസം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. 40-50 കോടി ബജറ്റിലാണ് ലെജന്‍ഡ് ഒരുക്കിയത്.
റിലീസിന് മുമ്പ് തന്നെ വലിയ രീതിയില്‍ ചർച്ച ചെയ്യപ്പെട്ട ചിത്രം അഞ്ച് ഭാഷകളിലാണ് ഒരുക്കിയത്. ജെഡി-ജെറി ജോഡി സംവിധാനം ചെയ്‍ത ചിത്രത്തില്‍ സ്വന്തം പേരില്‍ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് 52കാരനായ ശരവണന്‍ അവതരിപ്പിക്കുന്നത്. 2015 മിസ് യൂനിവേഴ്‌സ് മത്സരത്തിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ഉര്‍വശി റൗട്ടേല, ഗീതിക തിവാരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സുമന്‍, ഹരീഷ് പേരടി, വംശി കൃഷ്ണ, നാസര്‍, റോബോ ശങ്കര്‍, യോഗി ബാബു, പ്രഭു തുടങ്ങിയവര്‍ക്കൊപ്പം അന്തരിച്ച നടന്‍ വിവേകും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ഹാരിസ് ജയരാജ് സംഗീതമൊരുക്കിയ ചിത്രത്തിനായി വൈരമുത്തു, കബിലന്‍, മദന്‍ കാര്‍ക്കി, പാ വിജയ്, സ്‌നേഹന്‍ എന്നിവരാണ് ഗാനങ്ങളെഴുതിയത്. ആര്‍. വേല്‍രാജ് ഛായാഗ്രഹണവും റൂബന്‍ എഡിറ്റിങ്ങും നിർവഹിച്ച സിനിമ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.
സിനിമയിലെ നായകനായ ശരവണന് നേരെ സമൂഹ മാധ്യമങ്ങളില്‍ ബോഡി ഷെയിമിങ്ങും വ്യക്തിഹത്യയും വ്യാപകമായി നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശരീരത്തെയും ലുക്കിനെയും മോശമായി ചിത്രീകരിച്ചാണ് നിരവധി പേര്‍ മോശം കമന്റുകളുമായി എത്തുന്നത്. റോബോട്ടിനെപ്പോലെയാണ് സിനിമയിൽ അദ്ദേഹമെന്നാണ് പ്രധാന വിമർശനം. ഇമോഷനൽ രംഗങ്ങൾ കണ്ട് പോലും നിർത്താതെ ചിരിക്കാനാവുന്നെന്നും നല്ലൊരു 'എന്റർടെയ്നറാ'ണെന്നും അഭിപ്രായപ്പെടുന്നവർ ഏറെയാണ്. 2019ല്‍ ഷൂട്ടിങ് തുടങ്ങിയ ചിത്രത്തിന് കോവിഡ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. വിദേശരാജ്യങ്ങളിലടക്കം കോടിക്കണക്കിന് രൂപ മുടക്കി പണിത സെറ്റുകളിലായിരുന്നു ചിത്രീകരണം.
ശരവണ സ്റ്റോറുകൾ എന്ന പേരിൽ തമിഴ്നാട്ടിലുടനീളം പലചരക്ക് കടകളുള്ള കുടുംബത്തിൽനിന്നാണ് ശരവണൻ അരുൾ എത്തുന്നത്. പലചരക്ക് കടകൾ പിന്നീട് വലിയ സൂപ്പർമാർക്കറ്റുകളിലേക്കും മാളുകളിലേക്കും വളർന്നു. സ്വന്തം സ്ഥാപനത്തിന്റെ മോഡലായി ഉടമയായ ശരവണന്‍ അരുള്‍ തന്നെ താരസുന്ദരിമാരായ ഹന്‍സികക്കും തമന്ന ഭാട്ടിയക്കുമൊപ്പം എത്തിയതോടെയാണ് വ്യവസായിയെന്ന നിലയിൽ ശ്രദ്ധ നേടുന്നത്. വ്യത്യസ്തമായ വിപണന തന്ത്രങ്ങളിലൂടെയാണ് അദ്ദേഹം നായകനായെത്തിയ ചിത്രം ഇത്രയധികം ചർച്ച ചെയ്യപ്പെട്ടതും. ചിത്രത്തിന്റെ പ്രമോഷന് പോലും തെന്നിന്ത്യൻ താരസുന്ദരിമാരെ ഒപ്പം കൂട്ടിയാണ് ശരവണൻ പോയിരുന്നത്. വൻതുക മുടക്കി പ്രമോഷൻ പരിപാടികളും കൊഴുപ്പിച്ചു. ചിത്രത്തിൽലെ നടി ഉർവശി റൗട്ടേലക്കും അതിഥി താരമായെത്തിയ ലക്ഷ്മി റായിക്കുമൊപ്പമാണ് കേരളത്തിലെ പ്രമോഷനായി കൊച്ചിയിലെത്തിയിരുന്നത്. അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്യുന്ന 'ദി ലെജന്‍ഡ്' ദേശീയ സിനിമയാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.