നടി ഡോളി സോഹി അന്തരിച്ചു; മരണം സഹോദരി അമന്‍ദീപിന്റെ വിയോഗത്തിന് പിന്നാലെ
text_fieldsഹിന്ദി ടെലിവിഷൻ നടി ഡോളി സോഹി (48) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനെ തുടർന്ന് ചികിത്സയിലായിരുന്നു. മാർച്ച് എട്ടിന് പുലർച്ചെയായിരുന്നു അന്ത്യം. സഹോദരൻ മനു സോഹിയാണ് മരണ വാർത്ത സ്ഥിരീകരിച്ചത്.
ഡോളി സോഹിയുടെ സഹോദരിയും നടിയുമായ അമന്‍ദീപ് മഞ്ഞപ്പിത്തം ബാധിച്ച് വ്യാഴാഴ്ച മരണപ്പെട്ടിരുന്നു.ഇരുവരും മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമന്‍ദീപ് സോഹിയുടെ മരണം സംഭവിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഡോളിയുടെ വിയോഗം.
'സഹോദരിമാർ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ഞാൻ. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച നടക്കും'- മനു സോഹി ദേശീയ മാധ്യമത്തിനോട് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവമായ ഡോളി കാൻസർ ചികിത്സയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് ആരാധകരുമായി പങ്കുവച്ചിരുന്നു.'നിങ്ങളുടെ സ്നേഹത്തിനും പ്രാർഥനക്കും നന്ദി. ഈയിടെയായി ജീവിതം ഒരു റോളർ കോസ്റ്ററാണ്, എന്നാൽ അതിനോട് പോരാടാനുള്ള ശക്തി നിങ്ങൾക്കുണ്ടെങ്കിൽ യാത്ര എളുപ്പമാകും. യാത്രയിൽ ഇരയാകണോ (കാൻസർ) അതൊ അതിജീവിക്കണോ എന്നത് നിങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്'- കിമേക്ക് ശേഷമുള്ള ചിത്രത്തിനൊപ്പം ഡോളി കുറിച്ചു.
കലാശ് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയായിരുന്നു ഡോളി അഭിനയരംഗത്ത് എത്തിയത്. ബാബി, മേരി ആഷികി തും സേ ഹി, മേരി ദുര്‍ഗ, കുങ്കും ഭാഗ്യ, പരിണീതി തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഝനക് എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചത്. അന്‍വീത് ധനോവയാണ് ഭര്‍ത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.