ബ്രാഹ്മണിസത്തിനെതിരായ ട്വീറ്റ്: നടൻ ചേതൻ അഹിംസയെ ചോദ്യം ചെയ്തു
text_fieldsബംഗളൂരു: ബ്രാഹ്മണിസത്തിനെതിരായ ടീറ്റിെൻറ പേരിൽ കന്നഡ നടൻ ചേതൻ അഹിംസയെ ബംഗളൂരു പൊലീസ് ചോദ്യം ചെയ്തു. നടെൻറ ട്വീറ്റ് ബ്രാഹ്മണരെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് വിപ്ര യുവ വേദികെ ഭാരവാഹി പവൻ കുമാർ ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബസവനഗുഡി പൊലീസ് ബുധനാഴ്ച നാലുമണിക്കൂർ ചേതനെ ചോദ്യം ചെയ്തത്. ബ്രാഹ്മണിസത്തെ എതിർത്ത് താൻ സമൂഹമാധ്യമത്തലിട്ട വിഡിയോകളും പോസ്റ്റുകളും സംബന്ധിച്ചായിരുന്നു പൊലീസ് ചോദ്യംചെയ്തതെന്ന് വെളിപ്പെടുത്തിയ ചേതൻ, സത്യത്തിനും ജനാധിപത്യത്തിനുമൊപ്പമാണ് നിൽക്കുന്നതെന്ന് വ്യക്തമാക്കി. സമത്വത്തിനും നീതിക്കും അഹിംസക്കും വേണ്ടി ലോകത്തുടനീളം നടക്കുന്ന മൂവ്മെൻറുകൾക്കായി എളിയ രീതിയിൽ തനിക്കും സംഭാവന നൽകാനായതിൽ ഏറെ അഭിമാനിക്കുന്നതായും പോരാട്ടം തുടരുമെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
ബ്രാഹ്മണിസത്തിനെതിരായ അംബേദ്കറുടെയും പെരിയാറിെൻറയും വാക്കുകൾ ട്വിറ്ററിൽ പങ്കുവെച്ച ചേതൻ ജാതീയതക്കെതിരായ ചർച്ചക്ക് തുടക്കമിട്ടിരുന്നു. ബ്രാഹ്മണിസത്തിനെതിരായ ട്വീറ്റിെൻറ പേരിൽ ചേതനെതിരെ കർണാടക ബ്രാഹ്മണ ബോർഡ് ചെയർമാൻ എച്ച്.എസ്. സച്ചിദാനന്ദ മൂർത്തിയുടെ പരാതിയിൽ ബംഗളൂരുവിലെ അൾസൂർഗേറ്റ് പൊലിസ് സ്റ്റേഷനിലും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം 153 ബി, 295 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ട്വീറ്റിെൻറ പേരിൽ ചേതനെതിരെ സംഘ്പരിവാർ സംഘടനകളും രംഗത്തുണ്ട്. അമേരിക്കൻ പൗരനായ ചേതെൻറ റസിഡൻഷ്യൽ പെർമിറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വി.എച്ച്.പി നേതാവ് ഗിരീഷ് ഭരദ്വാജ് ബംഗളൂരുവിലെ ഫോറിനേഴ്സ് റീജ്യനൽ രജിസ്ട്രേഷൻ ഒാഫിസിൽ (എഫ്.ആർ.ആർ.ഒ) പരാതി നൽകിയിരുന്നു. തനിക്കെതിരെ കേെസടുത്തത് വിരട്ടലിെൻറ ഭാഗമായാണെന്നും അതിനെ നിയമപരമായി നേരിടുമെന്നും ചേതൻ പ്രതികരിച്ചിരുന്നു.
ജാതീയതയെ കുറിച്ച് സംസാരിക്കുന്നത് അതിനെ ശാശ്വതമായി നിലനിർത്താനേ സഹായിക്കൂ എന്ന സന്ദേശവുമായി കന്നട നടൻ ഉപേന്ദ്ര ഒരു വിഡിയോ പോസ്റ്റ് ചെയ്തതിനോട് 'ഇന്ത്യയിൽ ജാതീയ അസമത്വത്തിെൻറ അടിവേര് ബ്രാഹ്മണിസമാണ്' എന്ന് ചേതൻ പ്രതികരിച്ചതോടെയാണ് ചർച്ചയുടെ തുടക്കം. ബ്രാഹ്മണ സമൂഹത്തിന് താൻ എതിരല്ലെന്നും എന്നാൽ, ബ്രാഹ്മണിസത്തിന് എതിരാണെന്നും വ്യക്തമാക്കിയ ചേതൻ, ഇൗ ചിന്താഗതി മറ്റു സമുദായങ്ങളിലേക്കും മതങ്ങളിലേക്കുമടക്കം പടർന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. തുടർച്ചയായ ട്വീറ്റുകളിൽ ബ്രാഹ്മണിസത്തിനെതിരായ അംബേദ്കറുടെയും പെരിയാർ ഇ.വി രാമസ്വാമിയുടെയും വാക്കുകൾ ചേതൻ പിന്നീട് പങ്കുവെച്ചു.
^സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.