ഫാമിലി, പാരഡൈസ്-ന്യൂട്ടൺ സിനിമ നിർമിച്ച രണ്ട് ചിത്രങ്ങൾ ഐ.എഫ്.എഫ്.കെയിൽ
text_fieldsതിരുവനന്തപുരം: ഇരുപത്തിയെട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ന്യൂട്ടൺ സിനിമ നിർമിച്ച രണ്ട് ചിത്രങ്ങൾ തിരഞ്ഞെടുത്തു. മത്സരവിഭാഗത്തിൽ ഫാമിലിയും, ലോക സിനിമ വിഭാഗത്തിൽ പാരഡൈസുമാണു തിരഞ്ഞെടുക്കപ്പെട്ടു.
വിഖ്യാത ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്താനഗെ സംവിധാനം ചെയ്തിരിക്കുന്ന ‘പാരഡൈസ്’ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നത് മണിരത്നം നേതൃത്വം നൽകുന്ന മദ്രാസ് ടാക്കീസാണ്. അഞ്ച് നെറ്റ്പാക്ക് പുരസ്കാരങ്ങൾ ഉൾപ്പെടെ മുപ്പത്തിലധികം അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രസന്ന വിത്താനഗെയുടെ പത്താമത്തെ സംവിധാനസംരംഭമാണു പാരഡൈസ്. റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർക്കൊപ്പം ശ്രീലങ്കൻ സിനിമയിലെ പ്രശസ്ത അഭിനേതാക്കളായ ശ്യാം ഫെർണാണ്ടോയും, മഹേന്ദ്ര പെരേരയും ഈ ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുന്നു. രാജീവ് രവി ഛായഗ്രാഹണവും , ശ്രീകർ പ്രസാദ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് ‘കെ’യാണു. തപസ് നായ്ക്കാണു ശബ്ദസന്നിവേശം.
ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്കാരം നേടിയ പാരഡൈസിനു ദേശീയ - അന്തർദേശീയ നിരൂപകരിൽ നിന്നു മികച്ച അഭിപ്രായങ്ങളാണു ലഭിച്ചു കൊണ്ടിരിക്കുന്നത്. 2022ൽ ശ്രീലങ്ക നേരിട്ട രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണു പാരഡൈസിനു പശ്ചാത്തലമാകുന്നത്. പൂർണമായും ശ്രീലങ്കയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രം എന്ന പ്രത്യേകത കൂടി പാരഡൈസിനുണ്ട്. മണിരത്നവും മദ്രാസ് ടാക്കീസും ആദ്യമായി സഹകരിക്കുന്ന മലയാള ചിത്രം കൂടിയാണു പാരഡൈസ്.
‘ഫാമിലി’ സംവിധാനം ചെയ്തിരിക്കുന്നത് സംവിധായകൻ ഡോൺ പാലത്തറയാണു. ശവം, സന്തോഷത്തിൻ്റെ ഒന്നാം രഹസ്യം, 1956 മദ്ധ്യതിരുവിതാംകൂർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡോണിൻ്റെ ആറാമത് സംവിധാനസംരംഭമാണു ഫാമിലി. വിനയ് ഫോർട്ട്, ദിവ്യപ്രഭ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ മാത്യു തോമസ്, നിൽജ കെ ബേബി, ആർഷ ബൈജു, ജെയിൻ ആൻഡ്രൂസ്, ജോളി ചിറയത്ത്, സജിത മഠത്തിൽ, അഭിജ ശിവകല എന്നിവരും അഭിനയിച്ചിരിക്കുന്നു. ജലീൽ ബാദുഷ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് ബേസിൽ സി.ജെയും, ശബ്ദസന്നിവേശം നിർവഹിച്ചിരിക്കുന്നത് രംഗനാഥ് രവിയുമാണു.
ഡോൺ പാലത്തറയും, ഷെറിൻ കാതറിനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ‘ഫാമിലി’ ഇടുക്കിയുടെ പശ്ചാത്തലത്തിൽ, ഒരു കുടിയേറ്റ ഗ്രാമത്തിനുള്ളിലെ സങ്കീർണമായ അധികാരസമവാക്യങ്ങളെ ആധാരമാക്കി കാലികപ്രസക്തമായ ഒരു സാമൂഹികവിഷയത്തെ വൈകാരികതീവ്രതയോടെ അവതരിപ്പിച്ചിരിക്കുകയാണു.
റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആദ്യ പ്രദർശനം നടത്തിയ ഫാമിലി നിരവധി അന്തർദ്ദേശീയ വേദികളിൽ നിന്നു അംഗീകാരവും, നിരൂപകപ്രശംസയും പിടിച്ച് പറ്റിയതിനു ശേഷമാണു ഐ.എഫ്.എഫ്.കെയിലേയ്കെത്തുന്നത്. ഫാമിലി 2024 ഫെബ്രുവരിയോടെയും , പാരഡൈസ് 2024 മാർച്ചോടെയും തീയറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.