വാക്കുകൾകൊണ്ട് വേദനിപ്പിച്ചവരോട് ക്ഷമചോദിക്കുന്നുവെന്ന് ഉണ്ണി മുകുന്ദൻ
text_fieldsമാളികപ്പുറം സിനിമയുടെ റിവ്യൂവുമായി ബന്ധപ്പെട്ട് യൂട്യൂബറുമായി നടത്തിയ ഫോൺ സംഭാഷണം വൈറലായ പശ്ചാത്തലത്തിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞ് വീട്ടുകാരെ മോശമായി കാണിക്കരുത്. സിനിമയുടെ റിവ്യൂവിനെ കുറിച്ചല്ല, വ്യക്തിപരമായ പരാമർശങ്ങളെ കുറിച്ചായിരുന്നു തന്‍റെ പ്രതികരണം. തന്‍റെ പ്രതികരണം മോശമായി എന്ന് തോന്നിയതുകൊണ്ട് മാത്രമാണ് ആ വ്യക്തിയെ വിളിച്ച് മാപ്പ് ചോദിച്ചതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
'തെറ്റ് സംഭവിച്ചു എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷെ ഇന്നലെ ആ വ്യക്തിയെ, ഞാൻ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു. തിരിച്ചു അദ്ദേഹം എന്നോടും മാപ്പ് പറഞ്ഞിരുന്നു. വിഡിയോ യൂട്യൂബിൽ വന്നത് വ്യൂസിന് വേണ്ടിയാകാം. എന്നോടുള്ള തീർത്താൽ തീരാത്ത ദേഷ്യം കൊണ്ടുമാവാം. മാൻലി ആയിട്ട് സംസാരിക്കണം എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് നേരിട്ട് വിളിച്ച് കാര്യം പറഞ്ഞത്.
സിനിമ റിവ്യൂ ചെയ്യണം, അഭിപ്രായങ്ങൾ പറയണം. അതു പൈസയും സമയവും ചിലവാക്കുന്ന ഓരോ പ്രേക്ഷകന്റെയും അവകാശമാണ്.
എന്റെ ദേഷ്യം, സങ്കടം അത് ആ വ്യക്തിയുടെ പേർസനൽ പരാമർശങ്ങളോടാണ്. നിങ്ങൾ ഒരു വിശ്വാസി അല്ല!! എന്നു വച്ചു ഞാൻ അയ്യപ്പനെ വിറ്റു എന്നു പറയാൻ ഒരു യുക്തിയുമില്ലാ.
എന്നെ വളർത്തിയവർ എന്നെ ഇങ്ങനെയാക്കി എന്നു പറയുമ്പോ, അത് അച്ഛനേയും അമ്മയേയും മോശം പറയുന്നതായി മാത്രമേ എനിക്ക് കാണാൻ സാധിക്കു.
എന്റെ പ്രതികരണം മോശമായി എന്നു എനിക്ക് തോന്നിയതുകൊണ്ട് മാത്രമാണ് ഞാൻ ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റ് മുകളിൽ മാപ്പ് ചോദിച്ചതും. സിനിമാ അഭിപ്രായങ്ങൾ ആവാം പക്ഷെ വീട്ടുകാരേയോ എന്റെ ചിന്തകളേയോ ആലോചിച്ച് ആവരുതേ ഒരോന്ന് പ്രസൻറ് ചെയ്യേണ്ടത് എന്നേ ഞാൻ പറഞ്ഞിട്ടുള്ളു, ഉദ്ദേശിച്ചിട്ടുള്ളു. ആദ്യ ഫോൺ കോൾ റെക്കോർഡ് അല്ല എന്ന് പറഞ്ഞിട്ട് റെക്കോർഡ് ചെയ്ത സ്ഥിതിക്ക് രണ്ടാമത്തെതും റെക്കോർഡ് ആവണം. അത് ഒരു പക്ഷേ ആ വ്യക്തി അറിഞ്ഞു ചെയ്തതോ അറിയാതെ ചെയ്തതോ ആവാം!! എന്തും ആയിക്കോട്ടേ!! പറഞ്ഞ രീതി ശരി അല്ല എന്നും ആവാം.
പക്ഷേ പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്ന പൂർണ്ണ വിശ്വാസത്തോടെ മുൻപോട്ട് പോവുകയാണ്.
ഒരു കാര്യം പറയാം, ഞാൻ ഒരു വിശ്വാസിയാണ്, അയ്യപ്പഭക്തനാണ്, ആരുടേയും വിശ്വാസത്തെ ചോദ്യം ചെയ്തിട്ടില്ലാ, ആരോടും മാറാൻ പറഞ്ഞിട്ടില്ലാ...
സിനിമ റിവ്യു ചെയ്യാം ചെയ്യാതെ ഇരിക്കാം, പക്ഷെ “ഫ്രീഡം ഓഫ് സ്പീച്ച്“ എന്നു പറഞ്ഞു വീട്ടുകാരേ
മോശമായി കാണിക്കരുത്, സിനിമയിൽ അഭിനയിച്ച ആ മോളേ വെച്ചു ഭക്തി കച്ചവടം നടത്തി എന്നൊക്കെ കേൾക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് നേരിട്ട് വിളിച്ചത്.
ഒരു അച്ഛനേയോ അമ്മയേയോ തെറി വിളിച്ചാലോ കളിയാക്കിയാലോ, പിന്നെ ഒരു മകനും ഇങ്ങനെ ജീവിക്കാൻ പറ്റില്ലാ. തെറി പറഞ്ഞിട്ടുണ്ടെങ്കിൽ, അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലേൽ ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാം. ഒരു സിനിമ ചെയ്തു, അതിനെ വിമർശിക്കാം, എന്നതു കൊണ്ട് എന്റെ മാതാപിതാക്കളേയോ ദേവുനേയോ അനാദരവോടെ സംസാരിക്കുന്നത് എനിക്ക് സ്വീകരിക്കാൻ പറ്റില്ല.
ഉണ്ണി എന്ന ഞാൻ ഇമോഷണല്ലി റിയാക്റ്റ് ചെയ്തു എന്നു പലരും പറഞ്ഞു. സത്യം എന്തെന്നാൽ ഞാൻ ഇങ്ങനെയാണ്. ഒന്നും വെറുതെ കിട്ടിയതല്ലാ, നല്ലവണ്ണം കഷ്ട്ടപ്പെട്ട് പ്രാർഥിച്ചും പ്രയത്നിച്ചും കിട്ടിയതാണ്. അതിന് ഇവിടത്തെ പ്രേക്ഷകരോടും ദൈവത്തോടും തന്നെയാണ് ഇപ്പോഴും നന്ദി.
വാക്കുകൾകൊണ്ട് വേദനിപ്പിച്ചവരോട് ക്ഷമചോദിക്കുന്നു. ഇതു വരെ കൂടെ നിന്നതിനും ഇപ്പോഴും നിൽക്കുന്നതിനും സ്നേഹം മാത്രം. മാളികപ്പുറം തമിഴ് തെലുങ്ക് വേർഷനുകൾ റിലീസ് ആവുകയാണ്. പ്രാർഥിക്കണം' -ഉണ്ണി മുകുന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.