നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു
text_fieldsപയ്യന്നൂർ (കണ്ണൂർ): മലയാള സിനിമയുടെ മുത്തച്ഛൻ, നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി വിടവാങ്ങി. 98 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ബുധനാഴ്ച വൈകീട്ട് ശ്വാസതടസ്സമുണ്ടായതിനെത്തുടർന്ന് പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചു. ആറുമണിയോടെയായിരുന്നു മരണം.
ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്. 76ാം വയസ്സിൽ ചലച്ചിത്ര ലോകത്തെത്തി മലയാളികളുടെ പിതാമഹ സങ്കൽപത്തിലെ മുഖപ്രസാദമായി മാറിയ നടനാണ് പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി.
ജയരാജ് സംവിധാനം ചെയ്ത 'ദേശാടന'ത്തിലൂടെയാണ് സിനിമയിലെത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. മലയാളത്തിനു പുറമെ, കമൽഹാസനോടൊപ്പം 'പമ്മൽ കെ. സംബന്ധം', രജനികാന്തിനൊപ്പം 'ചന്ദ്രമുഖി' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
പയ്യന്നൂർ കോറോം പുല്ലേരി വാധ്യാർ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിെൻറയും മകനായി 1923 ഒക്ടോബർ 23നായിരുന്നു ജനനം. ദേവീസഹായം സ്കൂളിൽ ശിപായിയായിരുന്നു. ഇതിനിടയിലും പൂജയിലും കാർഷിക വൃത്തിയിലും സജീവമായി.
സംസ്കാരം വ്യാഴാഴ്ച 11 മണിക്ക് തറവാട്ടുവളപ്പിൽ. ചെർപ്പുളശ്ശേരി തെക്കുംപറമ്പത്ത് മനയിലെ പരേതയായ ലീല അന്തർജനമാണ് ഭാര്യ. മക്കൾ: ദേവകി അന്തർജനം, ഭവദാസൻ (റിട്ട. മാനേജർ കർണാടക ബാങ്ക്), യമുന (കൊല്ലം), കുഞ്ഞികൃഷ്ണൻ (അഭിഭാഷകൻ, കേരള ഹൈകോടതി). മറ്റ് മരുമക്കൾ: ഇന്ദിര (അധ്യാപിക കോറോം ദേവീസഹായം യു.പി സ്കൂൾ), പുരുഷോത്തമൻ (എൻജിനീയർ, കൊല്ലം), നീത. സഹോദരങ്ങൾ: വാസുദേവൻ നമ്പൂതിരി, പി.വി.കെ. നമ്പൂതിരി, സുവർണിനി അന്തർജനം.
ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ വേര്പാടിൽ മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ. ബാലൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.