താനും പ്രതിഫലം ഇല്ലാതെ അഭിനയിച്ചു; എന്നിട്ടും ബാലക്ക് രണ്ട് ലക്ഷം നൽകിയെന്ന് ഉണ്ണി മുകുന്ദൻ
text_fieldsബാലയുടെ ഒരു ചിത്രത്തിൽ താൻ പ്രതിഫലം ഇല്ലാതെ അഭിനയിച്ചു എന്നും സൗഹൃദം എന്തെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും നടൻ ഉണ്ണി മുകുന്ദൻ. കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉണ്ണി മുകുന്ദൻ നിർമ്മിച്ച പുതിയ സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം കിട്ടിയില്ല എന്ന് നടൻ ബാല ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ഉണ്ണി മുകുന്ദൻ രംഗത്ത് എത്തിയിരിക്കുന്നത്.
ബാലയുടെ രണ്ടാം വിവാഹത്തിൽ പങ്കെടുത്തത് താൻ മാത്രമായിരുന്നെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. 'നീ എനിക്ക് വേണ്ടി ചെയ്തത് ഞാൻ നിനക്ക് വേണ്ടി ചെയ്യും' എന്ന് ബാല പറഞ്ഞു. 20 ദിവസം ചിത്രത്തിൽ ജോലിചെയ്തതിനു രണ്ട് ലക്ഷം രൂപ പ്രതിഫലമായി നൽകി. ഒരു ദിവസത്തിന് 10,000 രൂപ എന്നായിരുന്നു കണക്ക്. മുൻ ചിത്രത്തിൽ ബാലയ്ക്ക് മൂന്ന് ലക്ഷം ആയിരുന്നു പ്രതിഫലം. ആരും പണം ലഭിക്കാതെ ഈ സിനിമയിൽ ജോലി ചെയ്തിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ബാലയുടെ ആരോപണങ്ങള്‍ 'ഷഫീക്കിന്റെ സന്തോഷം' സിനിമയുടെ 'മാര്‍ക്കറ്റിങ്ങ്' അല്ല. ബാലയുടെ പരാമര്‍ശങ്ങള്‍ വ്യക്തിഹത്യ ആയിട്ടാണ് കാണുന്നത്. മനസുകൊണ്ട് ബാലയോട് ദേഷ്യമില്ല. എന്റെ സൗഹൃദം അങ്ങനെ പെട്ടെന്ന് പോവില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. സൗഹൃദമാണ് എല്ലാമെന്ന് പറഞ്ഞ് വന്നയാളാണ് ബാല. അദ്ദേഹത്തിന്റെ പടത്തില്‍ അഭിനയിക്കുന്നതില്‍ (ഹിറ്റ് ലിസ്റ്റ്) പ്രതിഫലം വാങ്ങിയിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ടെക്നീഷ്യന് പ്രതിഫലം ക്ലിയറായില്ല എന്ന ആരോപണം ഗൗരവമായി കാണുന്നു. 7 ലക്ഷം രൂപ ഡി.ഒ.പി എൽദോയ്ക്ക് നൽകിയിട്ടുണ്ട്. മറ്റുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും ഉണ്ണി പറഞ്ഞു.
'ബാലാ തമാശ കളിക്കുന്നു എന്നാണ് കരുതുന്നത്. സിനിമ ജീവിതത്തില്‍ ഇതുവരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. ബാല വേണമെങ്കില്‍ പരാതി കൊടുക്കട്ടെ, അത് നേരിടാന്‍ തയ്യാറാണ്. ബാല എന്താണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. ക്യാമറാമാന് പണം നല്‍കിയില്ലെന്നത് തെറ്റാണ്. ബാലയെ സിനിമയിലേക്ക് നിര്‍ദേശിച്ചത് ഞാനാണ്. സിനിമക്ക് മുമ്പ് ബാലയോട് വ്യക്തമായി സംസാരിച്ചിരുന്നെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
'ഷെഫീക്കിന്‍റെ സന്തോഷം' സിനിമയിൽ അഭിനയിച്ചതിന് നിര്‍മാതാവും നടനുമായ ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്നാണ് നടൻ ബാല ആരോപിച്ചത്. ചിത്രത്തില്‍ അഭിനയിച്ച സ്ത്രീകള്‍ക്ക് മാത്രമേ പണം നല്‍കിയുള്ളൂ. തനിക്ക് മാത്രമല്ല, അണിയറ പ്രവർത്തകർക്കും പ്രതിഫലം നല്‍കിയില്ല. തനിക്ക് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, അണിയറയില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ക്കെങ്കിലും നല്‍കണമെന്നും ബാല ആവശ്യപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ആരോപണം.
സംവിധായകന്‍, ഛായാഗ്രഹകന്‍ അടക്കമുള്ളവർക്കൊന്നും പ്രതിഫലം നല്‍കിയിട്ടില്ല. 'അമ്മ'യുടെ പ്രതിനിധിയായ ഇടവേള ബാബുവിനെ വിവരം അറിയിച്ചപ്പോള്‍ പരാതി നല്‍കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍, പരാതി നല്‍കാന്‍ താല്‍പര്യമില്ല. ഉണ്ണി മുകുന്ദന്‍ നന്നാവണമെന്ന ആഗ്രഹം മാത്രമേയുള്ളൂ. ഇങ്ങനെ ആളുകളെ പറ്റിച്ചുള്ള സിനിമ ഇനി മലയാളത്തിൽ വേണ്ട. മനുഷ്യൻ മനുഷ്യനായി ഇരിക്കണമെന്നും ബാല പറഞ്ഞു. എന്നെ ചതിച്ചാൽ കുഴപ്പമില്ല, പാവങ്ങളെ ചതിക്കരുത്. അവന്‍ ഇനിയും അഭിനയിച്ചോട്ടെ, സിനിമ നിര്‍മിക്കാന്‍ നില്‍ക്കരുതെന്നാണ് പറയാനുള്ളത്. ഒരു കാലത്ത് ഇതിനെല്ലാം പ്രതിഫലം കിട്ടുമെന്നും ബാല പറഞ്ഞു.
ഉണ്ണി മുകുന്ദനെ നായകനാക്കി അനൂപ് പന്തളം സംവിധാനം ചെയ്ത 'ഷെഫീക്കിന്‍റെ സന്തോഷം' നവംബർ 25നാണ് തിയറ്ററുകളിൽ എത്തിയത്. മനോജ് കെ. ജയൻ, ദിവ്യാ പിള്ള, ബാല, ഷഹീൻ സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.