'ദ കേരള സ്റ്റോറി'ക്കുള്ള നികുതി ഒഴിവാക്കി ഉത്തരാഖണ്ഡും; സിനിമയുടേത് സത്യസന്ധമായ ചിത്രീകരണമെന്ന് മുഖ്യമന്ത്രി
text_fieldsഡെറാഡൂൺ: വിദ്വേഷം പരത്തുന്ന സിനിമ 'ദ കേരള സ്റ്റോറി'ക്കുള്ള നികുതി ഒഴിവാക്കി ഉത്തരാഖണ്ഡും. സംസ്ഥാനത്തെ സാംസ്കാരിക വകുപ്പ് മന്ത്രി സത്പാൽ മഹാരാജാണ് സിനിമക്ക് നികുതി ഒഴിവാക്കിയ വിവരം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യസന്ധമായ വിവരങ്ങളുടെ ചിത്രീകരണമാണ് കേരള സ്റ്റോറിയിൽ നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമി പറഞ്ഞു. ആയുധങ്ങൾ ഉപയോഗിക്കാതെ എങ്ങനെയാണ് തീവ്രവാദം പടരുന്നതെന്ന് ചിത്രം കാണിച്ചു തരുന്നു. എല്ലാവരും സിനിമ കാണണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
സിനിമക്ക് നികുതി ഒഴിവാക്കിയതായി ഉത്തർ പ്രദേശ് സർക്കാറും അറിയിച്ചിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സിനിമക്ക് നികുതി ഒഴിവാക്കിയ കാര്യം പ്രഖ്യാപിച്ചത്. ലോക് ഭവനിൽ സംഘടിപ്പിക്കുന്ന പ്രത്യേക പ്രദർശനത്തിൽ യോഗി ആദിത്യനാഥും മന്ത്രിമാരും സിനിമ കാണുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.സിനിമക്ക് നേരത്തെ മധ്യപ്രദേശും നികുതി ഒഴിവാക്കി നൽകിയിരുന്നു. യു.പി ബി.ജെ.പി സെക്രട്ടറി രാഘവേന്ദ്ര മിശ്ര ലഖ്നോവിലെ 100 പെൺകുട്ടികൾക്കായി സിനിമ സൗജന്യ പ്രദർശനം നടത്തിയിരുന്നു.
സംസ്ഥാനത്ത് സിനിമ നിരോധിച്ചതായി കഴിഞ്ഞ ദിവസം പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചു. തമിഴ്നാട്ടിൽ സിനിമ കാണാൻ ആളില്ലാത്തതിനാൽ പ്രദർശനം നിർത്തി. സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തതുമുതൽ വിവാദം സൃഷ്ടിച്ചിരുന്നു. നിലവിൽ നിരവധി സംസ്ഥാനങ്ങളിൽ സിനിമ നിരോധനം നേരിടുകയാണ്.
വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. സുദീപ്‌തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ദ കേരള സ്റ്റോറിയിൽ ആദാ ശർമയാണ് നായിക.
വാസ്തവ വിരുദ്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായി ചിത്രത്തിനെതിരെ വ്യാപക ആരോപണം ഉയർന്നിരുന്നു. കേരളത്തിൽ മതം മാറ്റി 32,000 സ്ത്രീകളെ ഐ.എസിൽ അംഗങ്ങളാക്കി വിദേശത്തേക്ക് കയറ്റിയയച്ചുവെന്നാണ് സിനിമയിലൂടെ അണിയറക്കാർ സമർഥിക്കാൻ ശ്രമിച്ചത്.
എന്നാൽ, വ്യാപക വിമർശനം ഉയർന്നതോടെ യുട്യൂബ് ട്രെയിലറിലെ വിവരണത്തിൽനിന്ന് ‘32,000 സ്ത്രീകളുടെ കഥ' എന്നത് മാറ്റി 'കേരളത്തിൽ നിന്നുള്ള മൂന്ന് യുവതികളുടെ കഥ' എന്നാക്കിയിരുന്നു. 32,000 പേരെ മതംമാറി സിറിയയിലേക്ക് പോയെന്ന വാദത്തിന് തെളിവ് തന്നാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന് മുസ്‍ലിം യൂത്ത് ലീഗ് വെല്ലുവിളിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.