ആക്ഷന്‍ ത്രില്ലര്‍ 'വീര ധീര ശൂരന്‍' ഒ.ടി.ടിയിലേക്ക്
text_fieldsചിയാന്‍ വിക്രം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'വീര ധീര ശൂരന്‍' ഒ.ടി.ടിയിലേക്ക്. ചിത്രം തിയറ്ററിലെത്തി ഒരു മാസം പിന്നിടും മുൻപു തന്നെ ഒ.ടി.ടിയിലേക്ക് എത്തുകയാണ്. ആമസോൺ പ്രൈം വിഡിയോ ആണ് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. ചിത്രം ഏപ്രിൽ 24ന് പ്രദർശിപ്പിക്കുമെന്ന് പ്രൈം വിഡിയോ പ്രഖ്യാപിച്ചു. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ലഭ്യമാകും.
കാളി എന്ന പലചരക്കു കച്ചവടക്കാരന്റെ ജീവിതത്തിൽ ഒരു ദിവസം നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രം പറയുന്നത്. രണ്ട് ഭാഗമായി എത്തുന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ആദ്യം റിലീസ് ചെയ്തിരിക്കുന്നത്. ചിയാന്‍ വിക്രമിനോടൊപ്പം എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എച്ച്.ആര്‍. പിക്‌ചേഴ്‌സിന്റെ ബാനറില്‍ റിയാ ഷിബു നിര്‍മിച്ച ചിത്രം എസ്.യു. അരുണ്‍കുമാറാണ് സംവിധാനം ചെയ്തത്. ജി.വി. പ്രകാശ് സംഗീതസംവിധാനം നിർവഹിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം തേനി ഈശ്വര്‍ ആണ്. ജി.കെ. പ്രസന്ന എഡിറ്റിങും സി.എസ്. ബാലചന്ദര്‍ കലാസംവിധാനവും നിർവഹിച്ചു. വിക്രമിന്‍റെ 62-ാം ചിത്രമാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.