തല, ദളപതി ആരാധകർ ക്ഷമിക്കുക; കലക്ഷൻ റെക്കോർഡ് ബാലയ്യ കൊണ്ടുപോയി
text_fieldsജനുവരി രണ്ടാവാരം സൗത്ത് ഇന്ത്യൻ സിനിമയിൽ ബിഗ് റിലീസിന്റെ ഉത്സവമായിരുന്നു. തമിഴിൽ നിന്ന് വിജയ് നായകനായ വാരിസും അജിത് നായകനായി തുനിവും ജനുവരി 11ന് ഒരേ ദിവസം തിയറ്ററിലെത്തി. തെലുങ്കിൽ നന്ദമൂരി ബാലകൃഷ്ണ നായകനായ വീര സിംഹറെഢിയാണ് തൊട്ടടുത്ത ദിവസം തിയറ്ററിലെത്തിയ മറ്റൊരു വലിയ റിലീസ്. എന്നാൽ ബോക്‌സ് ഓഫീസ് വേട്ടയിൽ അജിത്തിനിയും വിജയ്‌യെയും ബാലയ്യ കടത്തിവെട്ടിയെന്നാണ് പുതിയ റിപ്പോർട്ട്.
ജനുവരി 12 ന് സംക്രാന്തി റിലീസായി എത്തിയ ബാലയ്യ ചിത്രം ആദ്യ ദിവസം ആഗോള കളക്ഷനായി വാരിക്കൂട്ടിയത് 54 കോടി രൂപയാണ്. ചിത്രത്തിന്റെ നിർമാതാക്കളായ മൈത്രി മൂവീസ് തന്നെയാണ് കളക്ഷൻ വിവരം പുറത്തുവിട്ടത്. ഇത് ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിങ്ങാണ്. ഇതിനു മുമ്പ് ബാലയ്യയുടേതായി ആദ്യദിനം ഏറ്റവുമധികം കലക്ഷൻ ലഭിച്ച ചിത്രം അഖണ്ഡയായിരുന്നു.
ചിത്രത്തിന്റെ ഓൾ ഇന്ത്യ കലക്ഷൻ 42 കോടിയാണ്. ആന്ധ്രപ്രദേശ് തെലങ്കാന എന്നിവിടങ്ങളിൽ നിന്നും 38.7 കോടിയും കർണാടകയിൽ നിന്നും 3.25 കോടിയുമാണ് ചിത്രം ആദ്യ ദിവസം നേടിയത്. ബാലയ്യയുടെ അഖണ്ഡ ആദ്യ ദിനം നേടിയത് 29.6 കോടിയായിരുന്നു.
ആക്ഷൻ ചിത്രമായി ഒരുക്കിയ വീര സിംഹറെഢിയുടെ രചനയും സംവിധാനവും ഗോപിചന്ദ് മലിനേനിയാണ്. ശ്രുതി ഹാസനാണ് നായിക. മലയാളത്തിൽ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ വരലക്ഷ്മി ശരത്കുമാർ, ദുനിയ വിജയ്, പി. രവി ശങ്കർ, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശർമ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്
അതേസമയം വാരിസിനും തുനിവിനും ആദ്യദിന കളക്ഷനിൽ അമ്പത് കോടിയിൽ എത്താനായില്ല. വാരിസ് 49 കോടിയും തുനിവ് 42 കോടിയും ആഗോള കലക്ഷൻ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. വാരിസ് തെലുങ്ക് പതിപ്പ് തമിഴിനൊപ്പം റിലീസ് ചെയ്തിരുന്നില്ല. ഇതാണ് കളക്ഷനിൽ മാറ്റം വന്നതെന്നും പറയുന്നു. തെലുങ്ക് പതിപ്പ് ജനുവരി 14 നാണ് തിയറ്ററിലെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.