വെസൂൽ അന്താരാഷ്ട്ര ചലച്ചിത്ര മേള - ‘പ്രീ ദു ജൂറി ലീസിയൻ’ പുരസ്കാരം നേടി ന്യൂട്ടൺ സിനിമയുടെ ‘പാരഡൈസ്’
text_fieldsതിരുവനന്തപുരം: ഫ്രാൻസിലെ വെസൂളിൽ വച്ച് നടന്ന മുപ്പതാമത് വെസോൾ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രീ ദു ജൂറി ലീസിയൻ പുരസ്കാരം. ന്യൂട്ടൺ സിനിമ നിർമിച്ച ‘പാരഡൈസ്’ നേടി. വിഖ്യാത ശ്രീലങ്കൻ ചലച്ചിത്രകാരനായ പ്രസന്ന വിത്താനഗെയാണു ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വെസൂൽ ചലച്ചിത്രമേളയിൽ പുരസ്കാരം നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ചിത്രമാണു പാരഡൈസ്.
റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർക്കൊപ്പം പ്രമുഖ ശ്രീലങ്കൻ അഭിനേതാക്കളായ ശ്യാം ഫെർണാണ്ടോ, മഹേന്ദ്ര പെരേര തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘പാരഡൈസ്’ ഒക്ടോബറിൽ നടന്ന ബുസാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്കാരം നേടിയിരുന്നു. പതിനേഴാമത് ഏഷ്യൻ ഫിലിം അവാർഡ്സിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ നാലു വിഭാഗങ്ങളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്ന പാരഡൈസ് മണിരത്നം നേതൃത്വം നൽകുന്ന മദ്രാസ് ടാക്കീസാണു പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നത്.
2022ൽ ശ്രീലങ്ക നേരിട്ട സാമ്പത്തിക പ്രതിസന്ധിയും, അതിനെ തുടർന്നുണ്ടായ വിലകയറ്റവും ഇന്ധനവും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യവസ്തുകളുടെ ദൗർലഭ്യവും, ജനകീയ പ്രക്ഷോഭങ്ങളുമാണു പാരഡൈസിനു പശ്ചാത്തലമാകുന്നത്. ഈ കാലയളവിൽ ശ്രീലങ്കയിൽ തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാൻ എത്തുന്ന മലയാളികളായ ടി.വി പ്രൊഡ്യൂസർക്കും, വ്ലോഗറായ അയാളുടെ ഭാര്യക്കും നേരിടേണ്ടി വരുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് ചിത്രീകരിക്കുന്നത്. വിചിത്രമായ അനുഭവങ്ങളുടെയും കഥ പറയുന്ന ‘പാരഡൈസ്’ പ്രേക്ഷകർക്ക് ഒരേ സമയം ഉദ്വേഗഭരിതവും വത്യസ്തവുമായ ഒരു ചലച്ചിത്രാനുഭവമായിരിക്കുമെന്നു അണിയറപ്രവർത്തകർ അഭിപ്രായപ്പെട്ടു. ശ്രീലങ്കയിൽ നിലനിൽക്കുന്ന വംശീയ ഉച്ചനീചത്വങ്ങൾ പ്രതിപാദിക്കപ്പെടുന്ന ചിത്രത്തിൽ രാമായണത്തിലെ ശ്രദ്ധേയമായ സംഭവങ്ങളും സ്ഥലങ്ങളും കഥാഗതിയുടെ ഭാഗമാകുന്നുണ്ട്.
പാരഡൈസിനെ തേടി മറ്റൊരു അന്താരാഷ്ട്ര പുരസ്കാരം കൂടി എത്തിയതിന്റെ സന്തോഷത്തിലാണു ന്യൂട്ടൺ സിനിമയുടെ പ്രവർത്തകർ. ന്യൂട്ടൺ സിനിമയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു പുരസ്കാരമാണിതെന്നും,യൂറോപ്പിലെ ആദ്യ പ്രദർശനത്തിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധയും അംഗീകാരവും നേടാൻ സാധിച്ചത് തീയറ്റർ റിലീസിനൊരുങ്ങുന്ന പാരഡൈസിനു കൂടുതൽ ഊർജ്ജമാകുമെന്നും ന്യൂട്ടൺ സിനിമയുടെ സി.ഇ.ഒ. ആന്റോ ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.
രാജീവ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന പാരഡൈസിന്റെ, ചിത്രസംയോജനം ശ്രീകർ പ്രസാദാണ്. “കെ” സംഗീതമൊരുക്കിയിരിക്കുന്ന ചിത്രത്തിനു ശബ്ദസന്നിവേശം ചെയ്തിരിക്കുന്നത് തപസ് നായ്ക് ആണ്. ന്യൂട്ടൺ സിനിമയും വിതരണപങ്കാളികളായ സെഞ്ച്വറി ഫിലിംസും ചേർന്ന് പാരഡൈസ് ഉൾപ്പെടെ ന്യൂട്ടൺ സിനിമ നിർമ്മിച്ച രണ്ടു ചിത്രങ്ങളാണു തീയറ്ററുകളീലെത്തിക്കുന്നത്. പാരഡൈസ് ഏപ്രിൽ 19നും, ഡോൺ പാലത്തറ സംവിധാനം ചെയ്തിരിക്കുന്ന ഫാമിലി ഫെബ്രുവരി 23നും പ്രദർശനത്തിനെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.