തമിഴരും കശ്മീരികളും രാജ്യത്തെ വിഭജിക്കുന്നുവത്രെ...; ഡൽഹി എയർപോർട്ടിൽ വെച്ചുള്ള അനുഭവം പങ്കുവെച്ച് വെട്രിമാരൻ
text_fieldsഹിന്ദി അറിയാത്തതുകൊണ്ട് ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞ് സംവിധായകന്‍ വെട്രിമാരന്‍. 2011 ഓഗസ്റ്റിൽ കാനഡയിലെ മോൺട്രിയൽ ചലച്ചിത്ര മേളയിൽ പങ്കെടുത്ത് തിരികെ വരുമ്പോഴായിരുന്നു സംഭവം. ഇമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥനിൽ നിന്നാണ് സംവിധായകന് ഹിന്ദി അറിയാത്തതിന്‍റെ പേരിൽ മോശം അനുഭവം ഉണ്ടായത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വെട്രിമാരന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
എയര്‍പോര്‍ട്ടില്‍ വെച്ച് ഹിന്ദിയിൽ സംസാരിച്ച ഉദ്യോഗസ്ഥനോട് ഹിന്ദിയില്‍ സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞു. എന്നാൽ രാജ്യത്തിന്‍റെ മാതൃഭാഷയായ ഹിന്ദി അറിയാതിരിക്കുന്നത് എങ്ങനെ എന്നായിരുന്നു ഉദ്യോഗസ്ഥന്‍റെ ചോദ്യം. മറുപടിയായി തന്‍റെ മാതൃഭാഷ തമിഴ് ആണെന്നും മറ്റുള്ളവരുമായി സംസാരിക്കേണ്ടി വരുമ്പോള്‍ ഇംഗ്ലീഷ് ആണ് ഉപയോഗിക്കാറുള്ളതെന്നും വെട്രിമാരന്‍ പറഞ്ഞു.
എന്നാല്‍ ഉദ്യോഗസ്ഥന്‍റെ മറുപടി വളരെ വിചിത്രമായിരുന്നു. നിങ്ങൾ തമിഴന്മാരും, കശ്മീരികളുമാണ് രാജ്യത്തിന്‍റെ ഐക്യത്തെ തകര്‍ക്കുന്നതെന്നും വിഭജിക്കുന്നതെന്നുമായിരുന്നു ഉദ്യോഗസ്ഥന്‍ വെട്രിമാരനോട് പറഞ്ഞത്. നിർമ്മാതാവായ കതിരേശനും സംഗീത സംവിധായകൻ ജി.വി പ്രകാശും അദ്ദേഹം ദേശീയ അവാർഡ് ജേതാവാണെന്ന് ഉദ്യോഗസ്ഥനെ അറിയിച്ചിട്ട് പോലും 45മിനുട്ടിലധികം സമയം മാരന് വിമാനത്താവളത്തിൽ നിൽക്കേണ്ടി വന്നു.
'ഞാന്‍ സംസാരിക്കുന്നത് എന്‍റെ മാതൃഭാഷയാണ്, അതെങ്ങനെയാണ് രാജ്യത്തിനെ വിഭജിക്കുന്നത്..? സ്വന്തം ഭാഷ സംസാരിക്കുന്നത് രാജ്യത്തിന്‍റെ പുരോഗതിക്ക് എങ്ങനെയാണ് തടസ്സമാകുന്നത്..?' വെട്രിമാരൻ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.