'12-ത് ഫെയിൽ' കാണാൻ ആരും തിയറ്ററിൽ വരില്ല; ഭാര്യ പോലും നിർദേശിച്ചത് മറ്റൊന്നായിരുന്നു -വിധു ചോപ്ര
text_fieldsഐ.പി.എസ് ഉദ്യോഗസ്ഥൻ മനോജ് കുമാർ ശർമയുടെ ജീവിതത്തെ ആസ്പദമാക്കി വിധു ചോപ്ര സംവിധാനം ചെയ്ത ചിത്രമാണ് 12-ത് ഫെയിൽ. 2023 ഒക്ടോബർ 27 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അധികം ഹൈപ്പില്ലാതെ റിലീസ് ചെയ്ത 12-ത് ഫെയിൽ പോയവർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളൊന്നായിരുന്നു. ഹിന്ദി ഭാഷയിൽ മാത്രം റിലീസ് ചെയ്ത ചിത്രം ഏകദേശം 70 കോടിയാണ് ബോക്സോഫീസിൽ നിന്ന് സമാഹരിച്ചത്.
സിനിമ സമൂഹത്തിൽ വലിയ ചർച്ചയാകുമ്പോൾ റിലീസിങ് സമയത്തുണ്ടായ ആശങ്കയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ വിധു ചോപ്ര. തിയറ്ററിൽ ചിത്രം വിജയിക്കില്ലെന്നും ഭാര്യയും മാധ്യമപ്രവർത്തകയുമായ അനുപമ ചോപ്ര ഉൾപ്പെടെയുള്ളവർ ഒ.ടി.ടി റിലീസ് നിർദേശിച്ചുവെന്നും സംവിധായകൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'12-ത് ഫെയിൽ ഒരുക്കുമ്പോൾ എന്റെ പ്രിയപ്പെട്ട ഭാര്യ (സിനിമ നിരൂപക അനുപമ ചോപ്ര) ഉൾപ്പെടെ പലരും എന്നോട് പറഞ്ഞത് ഈ ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യാനാണ്. ഇത് നിങ്ങളുടെയും വിക്രാന്തിന്റെയും ചിത്രമാണ്. ഇത് കാണാൻ ആരും തിയറ്ററിൽ പോകില്ലെന്നാണ് അവൾ എന്നോട് പറഞ്ഞു. കൂടാതെ ട്രേഡ് ഏജൻസിമാരും ചിത്രത്തിന് അധികം ആയുസ് ഉണ്ടാകില്ലെന്ന് വിധിയെഴുതി. രണ്ട് ലക്ഷം രൂപയായിരുന്നു അവർ പ്രവചിച്ച ഓപ്പണിങ് കളക്ഷൻ. 30 ലക്ഷത്തിന് അപ്പുറം കളക്ഷൻ ലഭിക്കില്ലെന്നും ഇവർ പറഞ്ഞു. ഇതൊക്കെ എന്നിൽ അന്ന് ആശങ്ക സൃഷ്ടിച്ചു.
100 കോടി, ഇപ്പോൾ 500 കോടി, 1,000 കോടി, 2,000 കോടി, എന്നിങ്ങനെയാണ് നമ്മൾ ഇപ്പോൾ സംഖ്യയെക്കുറിച്ച് സംസാരിക്കുന്നത്. എന്നാൽ ഞാൻ ചിന്തിക്കുന്നത് എന്തിനാണ് ചിത്രം എടുക്കുന്നത്, ആ സിനിമയുടെ ഉദ്ദേശമെന്താണ് എന്നിങ്ങനെയാണ്. നിങ്ങൾ സത്യസന്ധമായും ആത്മാർഥമായും സിനിമ ചെയ്താൽ ആ നമ്പറിൽ എത്താൻ കഴിയും' - വിധു പോപ്ര പറഞ്ഞു.
ഐ.പി.എസ് ഓഫീസർ മനോജ് കുമാർ ശർമ്മയുടെയും ഐ.ആർ.എസ് .ഓഫീസറും ഭാര്യയുമായ ശ്രദ്ധ ജോഷിയുടെയും ജീവിത യാത്രയെക്കുറിച്ചുള്ള അനുരാഗ് പഥക്കിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് 12-ത് ഫെയിൽ ഒരുക്കിയത്.പ്ലസ് ടു പരീക്ഷ തോറ്റിട്ടും കഠിനമായി പ്രയത്നിച്ച് യു.പി.എസ്.സി പരീക്ഷ ജയിച്ച് ഐ.പി.എസ് കരസ്ഥമാക്കിയ മനോജ് കുമാർ ശർമയെ അവതരിപ്പിച്ചത് നടൻ വിക്രാന്ത് മാസിയായിരുന്നു. ഭാര്യ ശ്രദ്ധ ജോഷിയായി എത്തിയത് മേധയാണ്. ഒ.ടി.ടിയിലും മികച്ച പ്രതികരണമായിരുന്നു 12-ത് ഫെയിലിന് ലഭിച്ചത്.
ഈയടുത്ത് പ്രഖ്യാപിച്ച ഫിലിം ഫെയർ പുരസ്കാരങ്ങളിലും ചിത്രം സാന്നിധ്യമറിയിച്ചു. മികച്ച ചിത്രം, മികച്ച സംവിധായകൻ, ബെസ്റ്റ് ആക്ടർ ക്രിട്ടിക്സ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.