വിജയ് ബാബുവിനെ പുറത്താക്കേണ്ട കാര്യം ഇപ്പോഴില്ല; കോടതി വിധി വരട്ടെയെന്ന് 'അമ്മ'
text_fieldsകൊച്ചി: വിവാദങ്ങൾ ചർച്ച ചെയ്ത് അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറൽ ബോഡി. പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വിജയ് ബാബു അടക്കം പങ്കെടുത്ത യോഗത്തിൽ അച്ചടക്ക നടപടി ഉണ്ടാകാതിരിക്കണമെങ്കിൽ വിശദീകരണം നൽകണമെന്ന് നടൻ ഷമ്മി തിലകനോട് ആവശ്യപ്പെടാനും തീരുമാനിച്ചു.
നേരത്തേ തന്നെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ച നടൻ വിജയ് ബാബുവിന്‍റെ കാര്യത്തിൽ കോടതി വിധിവന്ന ശേഷം മാത്രമേ കൂടുതൽ നടപടി എടക്കുകയുള്ളൂവെന്ന് യോഗശേഷം നടന്ന വാർത്തസമ്മേളനത്തിൽ അമ്മ പ്രസിഡന്‍റ് മോഹൻലാലും സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.
വിജയ് ബാബുവിനെ സംഘടനയിൽ നിന്ന് പുറത്താക്കേണ്ട തരത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. പൊലീസിന്‍റെയും കോടതിയുടെയും പരിഗണനയിലിരിക്കുന്ന കാര്യത്തിൽ തിടുക്കത്തിൽ നടപടി എടുക്കേണ്ടതില്ല. അതുകൊണ്ടുതന്നെ അദ്ദേഹം സംഘടനയിൽ അംഗമാണ്, യോഗത്തിൽ പങ്കെടുത്തതും അംഗമെന്ന നിലയിലാണ്.
അമ്മ ഭാരവാഹികൾക്കെതിരെ ഓൺലൈൻ ചാനലിലും മറ്റും മോശമായി സംസാരിക്കുകയും യോഗം നടന്ന സ്ഥലത്തെ വിഡിയോ ഓൺലൈൻ ചാനലുകൾക്ക് നൽകിയതിനും നടൻ ഷമ്മി തിലകനോട് വിശദീകരണം ചോദിക്കാൻ തീരുമാനിച്ചു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി എടുക്കുന്നതു സംബന്ധിച്ച് അടുത്ത എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ തീരുമാനമെടുക്കും. മൂന്നുതവണ അദ്ദേഹത്തോട് വിശദീകരണം തേടി. ഷമ്മി തിലകനെ പുറത്താക്കിയതായി പ്രചരിക്കപ്പെടുന്നത് ശരിയല്ലെന്നും അമ്മ ഭാരവാഹികൾ അറിയിച്ചു.
അമ്മയിലെ മുതിർന്ന അംഗങ്ങളുടെ ആജീവാനന്ത സംരക്ഷണത്തിന് പ്രത്യേക സംവിധാനം ഒരുക്കാൻ ജനറൽ ബോഡി തീരുമാനിച്ചു. അംഗങ്ങൾക്കുള്ള പ്രവേശന ഫീസ് 2,05,000 രൂപയായി ഉയർത്തും. 120 അംഗങ്ങൾക്ക് പ്രതിമാസ കൈനീട്ടമായി 5,000 രൂപ വീതം നൽകുന്നുണ്ട്. ചില സ്വകാര്യ ചാനലുകളുമായി ചേർന്ന് ഷോ സംഘടിപ്പിക്കാനും നല്ല സ്ക്രിപ്റ്റ് ലഭിച്ചാൽ സിനിമ നിർമിക്കാനും തീരുമാനിച്ചു. വെബ് സീരീസ് തുടങ്ങുന്നതു സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.
സംഘടനയുടെ ആഭ്യന്തര പരാതിപരിഹാര സെല്ലിന് പകരം ഫിലിം ചേംബറിന്‍റെ നേതൃത്വത്തിൽ വേറെ സെൽ രൂപവത്കരിച്ചിട്ടുണ്ട്. ഇനി ഈ സെല്ലാണ് പരാതികളിൽ നടപടി എടുക്കുക. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ സിദ്ദീഖ്, ജയസൂര്യ, മണിയൻപിള്ള രാജു, ശ്വേത മേനോൻ, ടൊവിനോ തോമസ്, സുരഭി എന്നിവരും പങ്കെടുത്തു. ജനറൽ ബോഡി യോഗത്തിൽ ഏറെ നാളത്തെ ഇടവേളക്കുശേഷം സുരേഷ് ഗോപി പങ്കെടുത്തു. മമ്മൂട്ടി അടക്കം യോഗത്തിൽ 250 അംഗങ്ങൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.