ജവാനും ജയിലറും പിന്നിൽ; കലക്ഷനിൽ മിന്നി ലിയോ
text_fieldsആദ്യദിന കലക്ഷനിൽ മികച്ച പ്രകടനവുമായി ലോകേഷ് കനകരാജ്-വിജയ് ചിത്രം ‘ലിയോ’. ഷാരൂഖ് ഖാന്റെ ജവാൻ,രജനിയുടെ ജയിലർ തുടങ്ങിയ ചിത്രങ്ങളെ മറികടന്നാണ് ലിയോ ആഗോള ഓപ്പണിങ്ങിൽ മിന്നുന്ന നേട്ടം കൈവരിച്ചത്.ഇൻഡസ്ട്രി ട്രാക്കറായ സക്നിൽക്ക്, പിങ്ക് വില്ല തുടങ്ങിയവരുടെ കണക്കുകൾ പ്രകാരം 145 കോടിയ്ക്ക് അടുത്താണ് ലിയോ ആദ്യദിനം കളക്റ്റ് ചെയ്തത്. കേരളത്തിൽ നിന്നുമാത്രം ചിത്രം 11 കോടി നേടി. തമിഴ്നാട്ടിൽ നിന്നുമുള്ള ആദ്യ ദിന കലക്‌ഷൻ 30 കോടിയാണ്. പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ ആദ്യദിനം 140 കോടിയോളം നേടിയിരുന്നെങ്കിലും ആദ്യവാരത്തിനു ശേഷം ചിത്രം നിലംപതിച്ചു. ഷാരൂഖാൻ ചിത്രം ജവാൻ ആദ്യദിനം 129.1 കോടി രൂപയാണ് കളക്റ്റ് ചെയ്തത്.
ആഭ്യന്തര വിപണിയിൽ 63 കോടിയും ഇന്ത്യൻ വിപണിയിൽ 74 കോടിയും ചിത്രം നേടി. ആന്ധ്ര- തെലങ്കാന എന്നിവിടങ്ങളിൽ നിന്നും 15 കോടി, കർണാടകയിൽ നിന്നും 14 കോടി എന്നിങ്ങനെയാണ് ലിയോയുടെ ബോക്സ് ഓഫീസ് കണക്കുകൾ. റിലീസ് ദിവസം തമിഴ്നാട്ടിലെ തിയേറ്ററുകളിലെ 86.5% സീറ്റുകളും നിറഞ്ഞിരുന്നു. നൈറ്റ് ഷേകളിൽ ഇത് 90% എത്തി. ചെന്നൈയിൽ മാത്രം 1282 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്.
കേരളത്തിലേത് സർവ്വകാല റെക്കോർഡ്
കേരളത്തിലെ ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടമാണ് ലിയോ നേടിയത്. കേരളത്തിൽ 655 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനം 11 കോടി ഗ്രോസ് കലക്ഷൻ നേടിയ ചിത്രം മറ്റു സിനിമകൾ കേരളത്തിൽ നേടിയ കലക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ് മുൻനിരയിലെത്തി. കേരള ബോക്‌സോഫീസിലെ എക്കാലത്തെയും ആദ്യ ദിന ഗ്രോസ് കലക്ഷനാണ് ചിത്രം നേടിയത്. 11 കോടിയുമായി ലിയോ മുൻ നിരയിലെത്തിയപ്പോൾ 7.25 കോടി നേടിയ കെ.ജി.എഫ്, 6.76കോടി നേടിയ ഒടിയൻ, വിജയുടെ തന്നെ 6.6 കോടി നേടിയ ബീസ്റ്റ് സിനിമകളുടെ റെക്കോർഡുകൾ പഴങ്കഥയാവുകയാണ്.
സിനിമയുടെ രണ്ടാം ദിനം പ്രീ ബുക്കിങിലൂടെ കേരളത്തിൽ ലിയോ നേടിയത് മൂന്ന് കോടി രൂപയാണ്. 313 ലേറ്റ് നൈറ്റ് ഷോസ് ആണ് ഇന്നലെ മാത്രം ചിത്രത്തിനായി കേരളത്തിൽ നടന്നത്. ഹൗസ്ഫുൾ ഷോകളുമായി കുതിക്കുന്ന ലിയോക്ക് വർക്കിങ് ഡേ ആയിട്ട് കൂടി ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റു പോകുന്ന കാഴ്ചയാണുള്ളത്. കേരളത്തിലെ മിക്ക തിയേറ്ററുകളും രാവിലെ മുതൽ ഇന്നത്തെ അഡിഷണൽ ഷോകൾ ചാർട്ട് ചെയ്തിട്ടുണ്ട്.
ചിത്രത്തിന്റെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ ഇതിനോടകം സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത് ബ്ലോക്ബസ്റ്റർ എന്നാണ്. നിർമാതാക്കൾക്ക് ആദ്യ ദിനം തന്നെ ലിയോ ലാഭമുണ്ടാക്കി കൊടുത്തുന്നുെവന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളും റിപ്പോർട്ടു ചെയ്യുന്നത്. തമിഴ്നാട്ടിൽ ആദ്യ ദിനം നൂറു കോടി നേടിയ സിനിമകൾ 2 പോയിന്റ് ഒയും കബാലിയുമാണ്. ആദ്യ ദിനം തന്നെ നൂറ് കോടി നേടുന്ന ദളപതിയുടെ വിജയ്‌യുടെ ആദ്യ ചിത്രമാണ് ലിയോ.
ഹിമാചൽപ്രദേശിലെ കോഫി ഷോപ്പ് ഉടമയായ പാർഥിപൻ എന്ന കഥാപാത്രമായി വിജയ് എത്തുന്നു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന പാർഥിപന്റെ ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും തുടർന്നുള്ള അപ്രതീക്ഷിത ട്വിസ്റ്റുകളുമാണ് ലിയോ പറയുന്നത്.
അത്യുഗ്രൻ ഗ്രാഫിക്സും ആക്‌ഷൻ രംഗങ്ങളുമാണ് ലിയോയുടെ മറ്റൊരു ഹൈലൈറ്റ്. കഴുതപ്പുലിയുമായുള്ള വിജയ്‌യുെട ഫൈറ്റ് രംഗങ്ങളും അതിഗംഭീരം. സഞ്ജയ് ദത്ത് ആന്റണി എന്ന ക്രൂരനായ വില്ലനായി എത്തുന്നു. ഹരോൾഡ് ദാസ് ആയ അർജുനും വില്ലൻ വേഷമാണ്.
മാത്യു തോമസ് വിജയ്‌യുടെ മകനായി ലിയോയിൽ മുഴുനീള വേഷത്തിലെത്തുന്നുണ്ട്. ഗൗതം വാസുദേവ മേനോൻ ഫോറസ്റ്റ് ഓഫിസറായ ജോഷി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിയ ആനന്ദ് ആണ് ഗൗതം മേനോന്റെ ഭാര്യയുടെ വേഷത്തിലെത്തുന്നത്.
അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ മിഷ്കിൻ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങളും ശ്രേധേയമായ വേഷങ്ങളിലെത്തുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ട്നർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.