വിജയകാന്ത് ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ
text_fieldsനടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് താരം. വിജയകാന്തിന് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ തുടരുകയാണെന്നും എന്നാൽ ആരോഗ്യനില മെച്ചപ്പെടുന്ന ലക്ഷണങ്ങൾ ഉണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൽ പറയുന്നു. അദ്ദേഹം ഉടൻ തന്നെ സുഖം പ്രാപിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
'വിജയകാന്തിന്റെ ആരോഗ്യം മെച്ചപ്പെട്ടുവരികയായിരുന്നു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ശ്വാസകോശ സംബന്ധമായ ചികിത്സ ആവശ്യമാണ്. അതിനാൽ, കൂടുതൽ ചികിത്സക്കായി 14 ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടതുണ്ട്. അദ്ദേഹം ഉടൻ സുഖം പ്രാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.'-ആശുപത്രി അധികൃതർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
നവംബർ 18നാണ് തൊണ്ടയിലെ അണുബാധയെ തുടർന്നാണ് നടനെ ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നാണ് വിവരം. എന്നാൽ പതിവ് പരിശോധനക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങൾക്കകം വീട്ടിൽ തിരിച്ചെത്തുമെന്നും ഡി.എം.ഡി.കെ അറിയിച്ചിരുന്നു.
ആരോഗ്യപ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് വിജയകാന്ത്. 2016നു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും അദ്ദേഹം മത്സരിച്ചിട്ടില്ല. വിജയ്കാന്തിന്റെ അഭാവത്തിൽ ഭാര്യ പ്രേമലതയാണ് പാർട്ടിയെ നയിക്കുന്നത്.
'ഇനിക്കും ഇളമൈ' ആണ് വിജയകാന്തിൻ്റെ അരങ്ങേറ്റ ചിത്രം. വില്ലനായി തുടങ്ങിയ അദ്ദേഹം 'സട്ടം ഒരു ഇരുട്ടറൈ'യിലൂടെയാണ് നായകനാകുന്നത്. ക്യാപ്റ്റന്‍ എന്ന പേരിലാണ് വിജയകാന്ത് സിനിമാ ലോകത്ത് അറിയപ്പടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.