വിക്രമിന്‍റെ ആക്ഷൻ ത്രില്ലർ മഹാന്‍റെ ട്രെയിലറെത്തി; റിലീസ് ഫെബ്രുവരി പത്തിന് ഒ.ടി.ടിയിൽ
text_fieldsഫെബ്രുവരി 10ന് പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യുന്ന തമിഴ് ആക്ഷൻ-ത്രില്ലർ മഹാന്‍റെ ട്രെയിലർ പുറത്തിറക്കി. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് ലളിത് കുമാർ നിർമിച്ച ചിത്രത്തിൽ വിക്രമാണ് നായകൻ. ധ്രുവ് വിക്രം, ബോബി സിംഹ, സിമ്രാൻ തുടങ്ങിയ താരനിരയും ഒപ്പമുണ്ട്.
തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ മഹാൻ എന്ന പേരിലും ഹിന്ദിയിൽ മഹാപുരുഷ എന്ന പേരിലുമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സാധാരണക്കാരനായ ഒരു വ്യക്തിയുടെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജീവിതത്തിലേക്കാണ് വേഗമേറിയ ട്രെയിലർ നയിക്കുന്നത്. ഒരു ദിവസം അയാൾ തന്‍റെ കുടുംബത്തെ വിട്ട് നേരായതും തത്വാധിഷ്ഠിതവുമായ ജീവിതത്തിൽനിന്ന് പുറത്തുകടക്കുന്നു.
തന്‍റെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനായി അയാൾ അവരെ കൂടാതെ നീങ്ങുന്നു. എന്നാൽ, വിജയത്തിന്‍റെ കൊടുമുടിയിൽ എത്തുമ്പോഴും തന്‍റെ മകന്‍റെ അസാന്നിധ്യം അയാൾക്ക് താങ്ങാനാകാതെ വരികയും അവനെ തന്‍റെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.
ഇത് അയാളുടെ ജീവിതത്തിന്‍റെ ഗതി തന്നെ മാറ്റിമറിക്കുന്നു. ഉയർച്ച താഴ്ച്ചകളിലൂടെ കടന്നുപോകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുള്ള ഒരു ആക്ഷൻ പാക്ക് ആഖ്യാനമാണ് സിനിമയിൽ ഒരുക്കിയിരിക്കുന്നത്.
'മഹാൻ എന്നോടുള്ള സ്‌നേഹത്തിന്‍റെ പ്രയത്‌നമാണ്, ശക്തമായ അഭിനേതാക്കളും അണിയറപ്രവർത്തകരും അവരുടെ ഏറ്റവും മികച്ചത് നൽകി എന്‍റെ ഒപ്പം നിൽക്കുന്നു' -ചിത്രത്തിന്‍റെ സംവിധായകൻ കാർത്തിക് സുബ്ബരാജ് പറഞ്ഞു. 'വിക്രമിനൊപ്പം പ്രവർത്തിക്കുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണ്, അദ്ദേഹത്തിന്‍റെ കരിയറിലെ 60-ാമത്തെ സിനിമ എന്ന പ്രത്യേകതയും മഹാനുണ്ട്. വിക്രമിന്‍റെയും ധ്രുവിന്‍റെയും ശ്രദ്ധേയമായ അച്ഛൻ-മകൻ ജോഡികളെ ആദ്യമായി സ്‌ക്രീനിൽ ഒരുമിച്ച് കൊണ്ടുവരാനും സംവിധാനം ചെയ്യാനും ഈ സിനിമയിലൂടെ എനിക്ക് അവസരം ലഭിച്ചു. ആമസോൺ പ്രൈം വീഡിയോയിൽ മഹാൻ പ്രീമിയർ ചെയ്യുന്നതും ലോകമെമ്പാടുമുള്ള കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നതും കാണാൻ ഞാൻ കാത്തിരിക്കുകയാണ്' -സുബ്ബരാജ് കൂട്ടിച്ചേർത്തു.
'മഹാൻ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കും. സിനിമയിലെ എന്‍റെ കഥാപാത്രത്തിന് ഒന്നിലധികം ഷേഡുകൾ ഉണ്ട്, കഥ പുരോഗമിക്കുമ്പോൾ ഒരു വികാരത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് വളരെ രസകരമായിരുന്നു. തീർച്ചയായും, ഇത് എനിക്ക് സവിശേഷതകൾ നിറഞ്ഞ ഒരു സിനിമ കൂടിയാണ് - ഒന്ന്, ഇത് എന്‍റെ 60-ാമത്തെ ചിത്രമാണ്, എന്‍റെ സിനിമാ യാത്രയിലെ മറ്റൊരു നാഴികക്കല്ല്. രണ്ടാമതായി എന്‍റെ മകൻ ധ്രുവ് വിക്രം സിനിമയിലും എന്‍റെ മകനായി അഭിനയിക്കുന്നു. ഈ റോളിനായി അദ്ദേഹം വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്, എനിക്ക് അദ്ദേഹത്തിൽ വളരെ അഭിമാനമുണ്ട്.
കാർത്തിക് സുബ്ബരാജിനെപ്പോലെ പ്രതിഭാധനനായ ഒരു സംവിധായകനൊപ്പം പ്രവർത്തിക്കുന്നത് ഏറെ സന്തോഷകരമാണ്. തനിക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായ കാഴ്ചപ്പാടുള്ള ആളാണ് അദ്ദേഹം' -നായകൻ വിക്രം പറഞ്ഞു.
'ഒരിക്കൽ കൂടി വിക്രമിനും കാർത്തിക്കിനുമൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് മികച്ച അനുഭവമാണ്. ഒരുപാട് ഇമോഷനുകളും ഡ്രാമയും ഇഴചേർന്ന ഒരു ആക്ഷൻ പായ്ക്ക് എന്‍റർടെയ്‌നറാണ് ചിത്രം. സിനിമയിലെ എന്‍റെ കഥാപാത്രമായ നാച്ചി, തന്‍റെ ചെറുതും സന്തോഷം നിറഞ്ഞതുമായ കുടുംബത്തോടൊപ്പം ലളിതജീവിതം നയിക്കുന്ന എളിമയും ലാളിത്യവുമുള്ള ഒരു സ്ത്രീയാണ്. ഭർത്താവ് പ്രത്യയശാസ്ത്രപരമായ ജീവിതത്തിന്‍റെ പാതയിൽ നിന്ന് വഴിതെറ്റുമ്പോൾ അവളുടെ ലോകം തകർന്നുവീഴുകയാണ്. ലോകമെമ്പാടുമുള്ള പ്രൈം വീഡിയോ പ്രേക്ഷകർ സിനിമയെ തീർത്തും ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്' -മഹാനിലെ പ്രധാന നടി സിമ്രാൻ അഭിപ്രായപ്പെട്ടു.
സിനിമയുടെ സംഗ്രഹം:
സ്ഥിരം ജോലിയും ഭാര്യയും മകനുമടങ്ങുന്ന ഒരു ചെറിയ കുടുംബവുമുള്ള ഒരു സാധാരണക്കാരന്‍റെ കഥയാണ് മഹാൻ. അയാൾ വളരെ സാധാരണമായ ഒരു ജീവിതമാണ് നയിക്കുന്നത്. ഒരിക്കലും നിയമവും നിയന്ത്രണങ്ങളും ലംഘിക്കുകയോ പരിധി കടക്കുകയോ ചെയ്യില്ല, സൂരോദയത്തിനും സൂര്യാസ്തമയത്തിനും അനുസൃതമായി തന്‍റെ ജീവിതം മുന്നോട്ട് കൊണ്ടുപോകവെ, ഒരു ദിവസം, അയാൾ ജീവിതത്തിൽ ആദ്യമായി ആ നേർവരയിൽ നിന്ന് പുറത്തുകടക്കേണ്ടതായി വരുന്നു. അതോടെ അയാൾക്ക് തന്‍റെ വീടും കുടുംബവും എല്ലാം നഷ്ടമാകുന്നു.
സംഭവങ്ങളുടെ വഴിത്തിരിവിൽ, അവൻ തന്‍റെ കുട്ടിക്കാലത്തെ ഒരു സുഹൃത്തുമായി കൈകോർക്കുന്നു. അത് അയാളുടെ ജീവിതം വീണ്ടും മാറ്റി മറിക്കുകയും അയാൾ ഒരു ശതകോടീശ്വരനാകുകയും ചെയ്യുന്നു. എന്നിരുന്നാലും, എല്ലാ ദിവസവും അയാൾ തന്‍റെ മകനെ മിസ് ചെയ്യുന്നു. ഒരു ദിവസം ആ മകൻ അസാധാരണമായ ഒരു സാഹചര്യത്തിൽ അയാളുടെ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോൾ, ജീവിതം അവിടെ ഒരു പൂർണ വൃത്തമാകുന്നു. എന്നാൽ, തുടർന്ന് അങ്ങോട്ട് കഥയുടെ ഗതി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.