ചന്ദനക്കൊള്ളക്കാരൻ ഡബിൾ മോഹനായി പൃഥ്വിരാജ്; 'വിലായത്ത് ബുദ്ധ' ചിത്രീകരണം പൂർത്തിയായി
text_fieldsഉർവ്വശി തീയേറ്റേഴ്സിന്‍റെ ബാനറിൽ സന്ധീപ് സേനൻ നിർമിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന 'വിലായത്ത് ബുദ്ധ'യുടെ ചിത്രീകരണം പൂർത്തിയായി. വിവിധ ഷെഡ്യൂളുകളിലായി 120 ദിവസത്തോളമായിരുന്നു ഷൂട്ടിങ്. ചിത്രീകരണത്തിനിടയിൽ നടൻ പൃഥ്വിരാജിന്‍റെ കാലിനു പരിക്കേറ്റതിനാൽ ഇടക്ക് ബ്രേക്ക് എടുക്കേണ്ടിവന്നുവെന്ന് സന്ധീപ് സേനൻ പറഞ്ഞു.
ആക്ഷൻ ഭാഗങ്ങൾ ചിത്രീകരിക്കുന്നതിനായി പൃഥ്വിരാജിന്‍റെ കാലിന്‍റെ പരിക്ക് പൂർണ്ണമായും ഭേദപ്പെടാൻ കാത്തിരിക്കേണ്ടിവന്നു. ഇതോടെയാണ് വീണ്ടും ചിത്രീകരണം ആരംഭിച്ചതെന്ന് നിർമാതാവ് പറഞ്ഞു. താൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'എംപുരാൻ' പൂർത്തിയാക്കിയ ശേഷമാണ് വിലായത്ത് ബുദ്ധയിലെ ഡബിൾ മോഹൻ എന്ന ചന്ദനക്കള്ളകടത്തുകാരനെ അവതരിപ്പിക്കാനായി പൃഥ്വിരാജ് മറയൂരിൽ എത്തിയത്. മറയൂർ, ചെറുതോണി, പാലക്കാട്, നെല്ലിയാമ്പതി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
മറയൂരിലെ ചന്ദനക്കാടുകളെ എന്നും സംഘർഷഭരിതമാക്കുന്ന ചന്ദന മോഷ്ടാവ് ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രതിയും, പ്രണയവും, പകയുമൊക്കെ കൂടിച്ചേർന്ന അന്തരീക്ഷത്തിലൂടെയാണ് കഥാവികാസം. ഷമ്മി തിലകൻ ഭാസ്ക്കരൻ മാഷ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിയംവദാ കൃഷ്ണൻ, അനുമോഹൻ, തമിഴ് നടൻ ടി.ജെ. അരുണാചലം, രാജശ്രീ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
എഴുത്തുകാരനായ ജി.ആർ. ഇന്ദുഗോപന്‍റെ 'വിലായത്ത് ബുദ്ധ' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ രചിച്ചത്. ജെയ്ക്ക്സ് ബിജോയുടേതാണ് സംഗീതം. അരവിന്ദ് കശ്യപ് ഛായാഗ്രഹണവും ശ്രീജിത്ത് ശ്രീരംഗ് എഡിറ്റിങ്ങും നിർവഹിക്കുന്നു. കലാസംവിധാനം - ബംഗ്ളാൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കിരൺ റാഫേൽ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സംഗീത് സേനൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.