'ദിലീപിനെ മാറ്റി ജയസൂര്യയെ നായകനാക്കിയത് ആ കാരണത്താലാണ്';'മാധ്യമ'ത്തിലെ കലൂർ ഡെന്നീസിെൻറ വെളിപ്പെടുത്തലിൽ വിശദീകരണവുമായി വിനയൻ
text_fieldsകൊച്ചി: മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്ന 'നിറഭേദങ്ങൾ' ആത്മകഥയിൽ തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. 'ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ' എന്ന ചിത്രത്തിലെ തിരക്കഥാകൃത്തായ തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ദിലിപിനെ മാറ്റി പുതുമുഖമായ ജയസൂര്യയെ വിനയൻ നായകനാക്കിയെന്ന് കലൂർ ഡെന്നീസ് എഴുതിയിരുന്നു.
ഇതിൽ വിശദീകരണവുമായി വിനയൻ ഫേസ്ബുക്കിൽ ദീർഘമായ കുറിപ്പ് പങ്കുവെച്ചു. ജയസൂര്യയും കാവ്യാമാധവനും പ്രധാനകഥാപാത്രങ്ങളായി 2002ൽ പുറത്തിറങ്ങിയ ചിത്രം മികച്ച വിജയമായിരുന്നു.
വിനയൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
മലയാളസിനിമയിലെ തലമുതിർന്ന തിരക്കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ശ്രീ കലൂർ ഡെന്നീസ് 'മാധ്യമം' ആഴ്ചപ്പതിപ്പിൽ ആത്മകഥ എഴുതുന്ന വിവരം ഞാൻ ഈ ഒാൺലൈൻ ന്യൂസിലുടെയാണ് അറിഞ്ഞത്. ഇത്തവണത്തെ അദ്ധ്യായം വായിച്ചപ്പോൾ എൻെറ മനസ്സും 19 വർഷം പിന്നിലുള്ള ആ ഒാർമ്മകളിലേക്ക് അറിയാതെ പോയി..ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണല്ലോ നമ്മൾ പഴയ കാര്യങ്ങൾ ഒാർക്കുന്നത്.. "ഊമപ്പെണ്ണിന് ഉരിയാടാപ്പൈയ്യൻ"എന്ന സിനിമയിലൂടെ അന്ന് സീരീയലിലും ചില സിനിമകളിലും വളരെ ചെറിയ വേഷങ്ങൾ മാത്രം ചെയ്തിരുന്ന ജയസൂര്യ നായകനായി വന്നത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു.. അതിനു കാരണമായതോ?മറ്റു ചില പിടിവാശികളും...
കല്യാണസൗഗന്ധികം മുതൽ രാക്ഷസരാജാവു വരെ നിരവധി വിജയ ചിത്രങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കുകയും ഒരു സഹോദരനെ പോലെ ഞാൻ സ്നേഹിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു നടൻ ദിലീപ്. വളരെ ആത്മാർത്ഥതയോടെ ഞാൻ കണ്ടിരുന്ന ആ ബന്ധത്തിൽ ആദ്യമായി ചെറിയൊരു അകൽച്ച ഉണ്ടാകേണ്ടി വന്ന സാഹചര്യമാണ് ഡെന്നീസു ചേട്ടൻ വീണ്ടും ഒാർമ്മയിൽ എത്തിച്ചത്...
പി കെ ആർ പിള്ളച്ചേട്ടൻ ശിർദ്ദിസായി ക്രിയേഷൻസിനു വേണ്ടി നിർമ്മിച്ച ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിൽ എൻെറ കഥയ്ക് തിരക്കഥ തയ്യാറാക്കുന്നത് ഡെന്നീസുചേട്ടൻ ആയിരിക്കുമെന്ന് അഡ്വാൻസ് വാങ്ങുമ്പോഴേ ഞാൻ വാക്കു കൊടുത്തിരുന്നതാണ്.. പിള്ളച്ചേട്ടനും ഡെന്നീസു ചേട്ടനും കൂടി എൻെറ വീട്ടിൽ വന്നാണ് ആ ചിത്രത്തിന് അഡ്വാൻസ് തന്നത്.. ആകാശഗംഗയും,ഇൻഡിപ്പെൻഡൻസും, വാസന്തിയും ലഷ്മിയും,കരുമാടിക്കുട്ടനും, പോലെ സൂപ്പർതാരങ്ങൾ ഒന്നുമില്ലാത്ത എൻെറ ചിത്രങ്ങൾ സൂപ്പർ ഹിറ്റായി മാറിയിരുന്ന ആ സമയത്ത് വമ്പൻ സിനിമകൾ ധാരാളം നിർമ്മിച്ച് സാമ്പത്തികമായി പാടേ തകർന്നു പോയ പി കെ ആർ പിള്ളച്ചേട്ടന് ഒന്നു പിടിച്ചു നിൽക്കാൻ ഒരു സിനിമ ചെയ്യണമെന്നും പറഞ്ഞാണ് എൻെറ അടുത്തു വരുന്നത്.. "രാക്ഷസ രാജാവ്" എന്ന എൻെറ മമ്മൂട്ടിച്ചിത്രത്തിൻെറെ ഷൂട്ടിംഗ് തുടങ്ങാൻ പോകുന്ന സമയമായിരുന്നു അത്. അതുകഴിഞ്ഞ് തമിഴ് ചിത്രമായ "കാശി" യുടെയും ഷൂട്ടിംഗ് തുടങ്ങേണ്ടതായിട്ടുണ്ട്., ഇതിനിടയിൽ ഡെന്നീസു ചേട്ടൻെറ നിർബന്ധം ഒന്നു കൊണ്ടു മാത്രമാണ് ആ സിനിമ ചെയ്യാൻ പിള്ളച്ചേട്ടനിൽ നിന്നും ഞാൻ അഡ്വാർസ് വാങ്ങിയത്. കലൂർ ഡെന്നീസുമായി അതിനു മുൻപ് സിനിമ ഒന്നും ചെയ്തിട്ടില്ലങ്കിലും വളരെ നല്ല സുഹൃത് ബന്ധമായിരുന്നു ഞങ്ങൾ പുലർത്തിയിരുന്നത്..
ഞാനൊരു കഥ ദിലീപിനോടു പറഞ്ഞിട്ടുണ്ടന്നും ദിലീപിനെയും കാവ്യയേയും വച്ച് ആ സിനിമ വേണമെങ്കിൽ പിള്ളച്ചേട്ടനു വേണ്ടി ചെയ്യാമെന്നും ഞാൻ പറഞ്ഞു..പിള്ളച്ചേട്ടനു സന്തോഷമായി.. ദിലീപിനോട് അക്കാര്യം പറയുകയും ദിലീപിന് ഒരു ലക്ഷം രുപ അഡ്വാൻസായി പി കെ ആർ പിള്ള കൊടുക്കുകയുംചെയ്തു. ഇതിനിടയിലാണ്.. ചിത്രത്തിൻെ തിരക്കഥ തയ്യാറാക്കുന്നത് ശ്രീ കലൂർ ഡെന്നീസാണന്ന വാർത്ത ശ്രീ ദിലീപ് അറിയുന്നത്.. ഒരു ദിവസം ദിലീപ് പാലാരിവട്ടത്തുള്ള എൻെറ വീട്ടിൽ നേരിട്ടെത്തുന്നു.. ഭാര്യ മഞ്ജുവും അന്ന് കൂടെ ഉണ്ടായിരുന്നു എന്നാണെൻെറ ഒാർമ്മ.. സംസാരമദ്ധ്യേ ദിലീപ് ഇക്കാരം എടുത്തിട്ടു.. നല്ല കഥയാണന്നും പക്ഷേ തിരക്കഥ കലൂർ ഡെന്നീസെഴുതിയാൽ ശരിയാകില്ലന്നും പറയുന്നു..മമ്മൂട്ടിക്കും മോഹൻലാലിനും ജയറാമിനും ഒക്കെ വേണ്ടി ധാരാളം ഹിറ്റ് സിനിമകളുടെ തിരക്കഥ രചിച്ച ആളാണന്നും ഞാൻ വാക്കു കൊടുത്തു പോയി എന്നു പറഞ്ഞിട്ടും ദിലീപ് നിർബന്ധം തുടർന്നു..
സത്യത്തിൽ എനിക്ക് ഡെന്നീസു ചേട്ടനോട് ഒരു ദേഷ്യവും ഇല്ല വിനയേട്ടാ.. എന്നാണ് ദിലീപ് പറഞ്ഞത് പക്ഷേ ഡെന്നീസു ചേട്ടൻെറ പങ്കാളിത്വം ഉണ്ടായാൽ ആ സിനിമ ഒാടില്ല എന്ന ഒറ്റ പിടിവാശിയിൽ ദിലീപ് നിന്നു.. അതിനു കാരണമായി ചൂണ്ടിക്കാണിച്ചത് ആ സമയത്തെ അദ്ദേഹം എഴുതിയ ചില സിനിമകളുടെ പരാജയമാണ്.. ചില സിനിമകളുടെ പരാജയം വച്ച് മൊത്തത്തിൽ വിലയിരുത്തരുതെന്നും.. അങ്ങനെയെങ്കിൽ ദിലീപ് അഭിനയിക്കുന്ന വേറെ ചില ചിത്രങ്ങൾ പരാജയപ്പെടുന്നില്ലേ? എന്നും ഞാൻ ചോദിച്ചു.. മാത്രമല്ല.. എൻെറ ഈ സബ്ജക്ട് തിരക്കഥയാക്കുമ്പോൾ ഞാൻ പുർണ്ണമായും കൂടെയുണ്ടാകും എന്നു പറഞ്ഞിട്ടും ദിലീപ് തൻെറ തീരുമാനത്തിൽ നിന്നു മാറുന്നില്ല എന്നു മനസ്സിലാക്കിയ ഞാൻ തെല്ലൊന്നാലോചിച്ച ശേഷം പറഞ്ഞു.. ദിലീപേ.. ഇതെൻെറ സിനിമയാണ്.. ഇതു വിജയിക്കേണ്ടത് ദിലീപിനേക്കാൾ കൂടുതൽ എൻെറ ആവശ്യമാണ്... പക്ഷേ അതിനായി ഒരാളോടു പറഞ്ഞ വാക്കു മാറ്റാനോ? എടുത്ത നിലപാടിൽ നിന്ന് ഒളിച്ചോടാനോ എനിക്കു പറ്റില്ല..എന്നു മാത്രമല്ല നിർമ്മാതാവു കഴിഞ്ഞാൽ സിനിമയുടെ ക്യാപ്റ്റൻ സംവിധായകനാണന്ന് വിശ്വസിക്കുന്ന ആളാണു ഞാൻ..
തിരക്കഥാകൃത്തിനെയും, ക്യാമറാ മാനെയും, നായികയെയും ഒക്കെ തീരുമാനിക്കുന്നത് സംവിധായകൻെറ ചുമതലയാണ്. അല്ലാതെ നടൻെറ അല്ല..അതുകൊണ്ട് നമുക്കൊരു കാര്യം ചെയ്യാം.. ഏതായാലും ഡെന്നിസു ചേട്ടനെ മാറ്റുക എന്ന ദിലീപിൻെറ ആവശ്യം ഈ സിനിമയിൽ നടക്കില്ല. പിന്നെ ഒരു പോംവഴിയേ ഉള്ളു. വളരെ വിഷമത്തോടെ ആണങ്കിലും പറയട്ടേ.. തൽക്കാലം ദിലീപ് ഈ സിനിമയിൽ നിന്നു മാറുക..
നമുക്ക് അടുത്ത സിനിമ ചെയ്യാം.. ദിലീപ് പൊട്ടിച്ചിരിച്ചു.. പിന്നെ വിനയേട്ടൻ ആരെ വച്ചു ചെയ്യും... ദിലീപിൻെറ ആ ചോദ്യം പ്രസക്തമായിരുന്നു.. കാരണം ഹ്യൂമറും സെൻറിമെൻസും നിറഞ്ഞ ആ ഊമയുടെ വേഷത്തിന് ദിലീപ് കഴിഞ്ഞേ അന്നാരുമുണ്ടായിരുന്നൊള്ളു.. മാത്രമല്ല പഞ്ചാബി ഹൗസും, ഈ പറക്കും തളികയും, ഇഷ്ടവും ഒക്കെ തകർത്തോടിയ സമയം.. പക്ഷേ ഒരു ഫിലിം മേക്കറുടെ വ്യക്തിത്വം ബലികഴിച്ചു കൊണ്ട് താരത്തിൻെറ ആജ്ഞാനുവർത്തി ആകുന്നതിലും നല്ലത് സിനിമ ചെയ്യാതിരിക്കുന്നതല്ലേ എന്നു ഞാൻ ചിന്തിച്ചു... പിള്ളച്ചേട്ടനോട് ദിലീപിനു കൊടുത്ത അഡ്വാൻസ് തുക തിരിച്ചു വാങ്ങിക്കോളാൻ പറഞ്ഞു...അദ്ദേഹം ആ തുക തിരിച്ചു വാങ്ങി.. അതിൻെറ തൊട്ടടുത്ത ദിവസം എ സി വി യിൽ പ്രോഗ്രാം അവതരിപ്പിക്കുന്ന വെളുത്തു കൊലുന്നനെയുള്ള ഒരു പയ്യനെ കാണുന്നു..( അന്ന് അഞ്ചാം ക്ലാസ്സിൽ പഠിച്ചിരുന്ന എൻെറ മകൻ വിഷ്ണുവാണ് അതിനു കാരണമായത്) എൻെറ കഥാപാത്രമായി ഇയാളെ മാറ്റിയാലോ എന്നു ചിന്തിക്കുന്നു..
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് രാജൻ ഫിലിപ്പിനെ വിട്ട് തൃപ്പൂണിത്തുറയിൽ നിന്നും അയാളെ വിളിപ്പിക്കുന്നു.. അങ്ങനെ ജയസൂര്യ എൻെറ മുന്നിലെത്തുന്നു...ആ സമയം ജയനെ പോലെ ധാരാളം പേർ പുതുമുഖത്തെ തേടുന്നു എന്ന വിവരം അറിഞ്ഞ് എത്തിയെങ്കിലും ജയസൂര്യയെ തിരഞ്ഞെടുക്കുവാനാണ് ഞാൻ തയ്യാറായത്... ഞാൻ പറഞ്ഞ പോലെ ഒരു സീൻ എന്നെ അയാൾ അഭിനയിച്ചു കാണിച്ചു എന്നതിലുപരി അന്ന് കോട്ടയം നസീറിൻെറ ട്രൂപിൽ മിമിക്രി ചെയ്തിരുന്ന ജയൻെറ സാമൂഹ്യ പശ്ചാത്തലവും എന്നെ സംബന്ധിച്ച് ആ സെലക്ഷനിൽ ഒരു ഘടകം തന്നെ ആയിരുന്നു.. അവസരങ്ങൾ ചോദിച്ച് അലയുന്ന തനിക്ക് സിനിമയിൽ നല്ല ഒരു ഇൻട്രൊഡക്ഷൻ കിട്ടിയാൽ മിമിക്രിയിൽ കൂടുതൽ പ്രതിഫലം ലഭിക്കും എന്നു പറഞ്ഞ ജയൻെറ മുന്നിലേക്ക് അന്ന് മലയാളത്തിൻെറ പ്രിയങ്കരി ആയ നായിക കാവ്യാ മാധവൻെറ നായകപദവി ഞാൻ സമ്മാനിക്കുകയായിരുന്നു.. ആ ചിത്രത്തിൻെറ വിജയവും അതിനു ശേഷം ജയസൂര്യ കാണിച്ച അർപ്പണ ബോധവും പരിശ്രമവും ഒക്കെ ജയനെ വലിയ നിലയിൽ എത്തിച്ചിരിക്കാം...
പക്ഷേ അതിലും വലുതായി എൻെറ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നത്... തങ്ങളുടെ മകൻ സിനിമയിലെ നായകനാവുമോ എന്ന അടങ്ങാത്ത ആകാംഷയോടും അതിലേറെ പ്രാർത്ഥനയോടും കൂടി നിറകണ്ണുകളോടെ എന്നേ വന്നുകണ്ട് ചോദിച്ച ജയസുര്യയുടെ സ്നേഹ നിധികളായ മാതാപിതാക്കളുടെ മുഖമാണ്... അവരുടെ പ്രാർത്ഥനയുടെ കൂടെ ഫലമാണ് ജയസൂര്യ എന്നനടൻെറ ഇന്നത്തെ ഉന്നതി എന്നു വിശ്വസിക്കുന്നവനാണ് ഞാൻ..
ജയസുര്യ തന്നെ ആയിരിക്കും ആ ചിത്രത്തിലെ നായകൻ എന്നറിഞ്ഞ നിമിഷത്തിലെ ആ മാതാപിതാക്കളുടെ ആനന്ദക്കണ്ണീരും ഞാൻ കണ്ടതാണ്...നമ്മൾ ഉയർച്ചയിൽ എത്തുമ്പോഴൊക്കെ അതെല്ലാം നമ്മുടെ മാത്രം എന്തോ അസാമാന്യ കഴിവു കൊണ്ടാണന്നു വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും.. ആ വിജയത്തിൻെറ ഒക്കെ പിന്നിൽ നമ്മൾ രക്ഷപെടണമേ എന്ന് ആത്മാർത്ഥമായി ചിന്തിച്ച ചിലരുടെ പ്രാർത്ഥനയും പരിശ്രമവും കൂടി ഉണ്ടായിരുന്നു എന്നോർക്കണം..
അവരുടെ പ്രാർത്ഥനയുടെ ഫലത്തെ നമുക്ക് ഭാഗ്യമെന്നോ? യോഗമെന്നോ, ഗുരുത്വമെന്നോ ഒക്കെ വിളിക്കാം..അതില്ലായിരുന്നു എങ്കിൽ നമ്മളേക്കാളേറെ കഴിവും സർഗ്ഗശേഷിയും ഉള്ള പലരും പടിക്കു പുറത്തു നിൽക്കുമ്പോൾതനിക്ക് ഈ സോപാനത്തിൽ കയറി ഇരിക്കാൻ കഴിയില്ലായിരുന്നു എന്നു ചിന്തിക്കുന്ന കലാ കാരനും മനുഷ്യനും ഒക്കെ ആയി നമ്മൾ മാറണം.. നന്ദിയും സ്നേഹവും ഒക്കെ മനസ്സിൽ സൂക്ഷിക്കാൻ കഴിഞ്ഞാൽ അതൊരു പ്രത്യേക സുഖമാണ്... അതിനു വേണ്ടി ചില തോൽവികൾ ഏൽകേണ്ടി വന്നാലും.. അതിലൊരു നൻമയുണ്ട്...വലിയ നൻമമരമൊന്നും ആകാൻ കഴിഞ്ഞില്ലങ്കിലും.. തികഞ്ഞ സ്വാർത്ഥരാകാതിരിക്കാൻ ശ്രമിക്കുക
കലൂർ ഡെന്നിസു ചേട്ടൻെറ വാക്കുകൾ വായിച്ച് ഇത്രയുമൊക്കെ ഒാർത്തു പോയി... ക്ഷമിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.