മഞ്ഞുമ്മല്‍ ബോയ്സ് സീന്‍ മാറ്റും; തമിഴ് പ്രേക്ഷകര്‍ക്കൊപ്പം ചിത്രം കണ്ട അനുഭവം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍
text_fieldsചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിന് മികച്ച പ്രതികരണമാണ് തമിഴ്നാട്ടിൽ നിന്ന് ലഭിക്കുന്നത്. 10 കോടിയിലധികമാണ് തമിഴ്നാട്ടിൽ നിന്ന് നേടിയിരിക്കുന്നത്. ഇപ്പോഴിതാ തമിഴ് പ്രേക്ഷകർക്കൊപ്പം തിയറ്ററിൽ മഞ്ഞുമ്മൽ ബോയ്സ് കണ്ട അനുഭവം പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസൻ. മഞ്ഞുമ്മല്‍ മലയാള സിനിമയുടെ സീന്‍ മാറ്റുകയാണെന്നും അത് നേരത്തെ തന്നെ സുഷിൻ മനസിലാക്കിയെന്നും വിനീത് പറയുന്നു.
താന്‍ കരയുന്നത് മറ്റുള്ളവര്‍ കാണാതിരിക്കാനായി സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞപ്പോള്‍ തിയറ്ററില്‍ നിന്ന് വേഗം ഇറങ്ങിപ്പോയെന്ന് പറഞ്ഞ വിനീത് മഞ്ഞുമ്മല്‍ ബോയ്സ് കണ്ടതിന് ശേഷം സ്ക്രീനിലേക്ക് ഉറ്റുനോക്കി ഇരുന്നെന്നും കൂട്ടിച്ചേർത്തു. മലയാളികളല്ലാത്തവര്‍ നിറഞ്ഞ ഒരു തിയറ്ററിലാണ് സിനിമ കണ്ടതെന്നും വ്യക്തമാക്കി.
'ഒരു സിനിമാപ്രേമി എന്ന നിലയില്‍ പോയ വര്‍ഷങ്ങളില്‍ അത്രമേല്‍ ഇഷ്ടം തോന്നിയ സിനിമകള്‍ നല്‍കിയ അനുഭവങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഇന്‍സെപ്ഷന്‍, ഷേപ്പ് ഓഫ് വാട്ടര്‍, ലാ ലാ ലാന്‍ഡ് തുടങ്ങിയ ചിത്രങ്ങള്‍ അവസാനിച്ച് എന്‍ഡ് ക്രെഡിറ്റ്സ് കഴിയുന്നതുവരെയും ഞാന്‍ സ്ക്രീനിലേക്ക് നോക്കി ഇരുന്നിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞപ്പോള്‍ തിയറ്ററില്‍ നിന്ന് വേഗം ഇറങ്ങിപ്പോരാനാണ് ഞാന്‍ നോക്കിയത്. കാരണം ഞാന്‍ കരയുന്നത് മറ്റുള്ളവര്‍ കാണരുതെന്ന് കരുതി. ഇന്നലെ മഞ്ഞുമ്മല്‍ ബോയ്സ് കണ്ടതിന് ശേഷം സ്ക്രീനിലേക്ക് ഉറ്റുനോക്കി ഞാന്‍ ഇരുന്നു. മലയാളികളല്ലാത്തവര്‍ നിറഞ്ഞ ഒരു തിയറ്ററിലാണ് എനിക്കറിയാവുന്ന കുറച്ചുപേര്‍ ചേര്‍ന്ന് സൃഷ്ടിച്ച സിനിമ ഞാന്‍ കണ്ടത്. ഞാന്‍ ബഹുമാനിക്കുന്ന ആ കുറച്ചുപേരില്‍ ചിലര്‍ എന്‍റെ സുഹൃത്തുക്കളുമാണ്. എനിക്ക് അഭിമാനം തോന്നി. മഞ്ഞുമ്മല്‍ ബോയ്സ് ശരിക്കും മലയാള സിനിമയുടെ സീന്‍ മാറ്റുകയാണ്. നമ്മള്‍ ആരെക്കാളും മുന്‍പേ സുഷിന്‍ അത് മനസിലാക്കിയിരുന്നെന്ന് തോന്നുന്നു'- വിനീത് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഫെബ്രുവരി 22-ന് എത്തിയ മഞ്ഞുമ്മൽ ബോയ്സ് ഒരു സർവൈവൽ ത്രില്ലറാണ് . സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് 'മഞ്ഞുമ്മൽ ബോയ്സ്' ചിത്രീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.