'ഒരു സംവിധായകന്‍റെ ചിത്രം തിരുകികയറ്റാൻ പറഞ്ഞു; ചലച്ചിത്ര അക്കാദമിയുടെ നെറികേട് അന്ന് മനസിലായി'
text_fieldsചലച്ചിത്ര അക്കാദമി കലാകാരൻമാരെ എന്നാണ് അവഹേളിക്കാതിരുന്നിട്ടുള്ളതെന്ന് സംവിധായകൻ വിനോദ് മങ്കര. കേരളത്തിലെ അക്കാദമികളിൽ ഇത്രയും മോശമായി പ്രവർത്തിക്കുന്ന മറ്റൊന്നില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ചിലരുടെ താത്പര്യങ്ങൾ നടപ്പിലാക്കാൻ മാത്രമാണ് ഈ സ്ഥാപനം എന്നും നിലനിന്നിട്ടുള്ളത്. അക്കാദമി നടത്തുന്ന ചലച്ചിത്ര മേളയായാലും ഡോക്യുമെൻററി മേളയായാലും സംസ്ഥാന-ടെലിവിഷൻ അവാർഡ് ആയാലും ഇതു തന്നെയാണ് അവസ്ഥ.
വളരെക്കാലം മുമ്പ് ഒരു ഡോക്യുമെൻററി ജൂറിയിൽ ഇരുന്നപ്പോൾ അക്കാദമിയുടെ നെറികേടുകൾ മനസ്സിലായതാണ്. തിരുവനന്തപുരത്തെ ഒരു സംവിധായകന്‍റെ ചിത്രം തിരുകി കയറ്റാൻ ആവശ്യപ്പെട്ടെങ്കിലും ഞങ്ങൾ ജൂറി അംഗങ്ങൾ അതിന് തയ്യാറായില്ല. എന്നാൽ ഞങ്ങൾ കൊടുത്ത ലിസ്റ്റിൽ ഇല്ലാത്ത ആ ചിത്രം ഫൈനൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു. അന്നുതൊട്ട് എന്നെ ഒരു ജൂറിയിലും വിളിക്കാറില്ലെന്നും അക്കാദമിയുടെ പരിപാടികളിൽ ക്ഷണിക്കാറില്ലെന്നും വിനോദ് മങ്കര പറയുന്നു. അക്കാദമിക്കു താത്പര്യമുള്ളവർക്കു മാത്രമാണ് ഡോക്യുമെൻററി നിർമാണത്തിനും ലോഗോ നിർമ്മാണത്തിനും ഫണ്ടുകൾ അനുവദിച്ചിട്ടുള്ളത്. ഇതിനൊക്കെ പുറമേ, മറ്റൊരു ഭാഷയിൽ സെൻസർ ചെയ്ത ചിത്രത്തിന് മലയാള ചലച്ചിത്ര അവാർഡുകൾ നൽകി പുരസ്ക്കരിച്ചതും ഇതേ അക്കാദമി തന്നെ.
സർക്കാറിന്‍റെ കീഴിലെ പി.ആർ.ഡി യിലെ സംവിധായകരുടെ പാനലിനെ നോക്കുകുത്തിയാക്കി കോർപ്പറേറ്റുകൾക്ക് ചിത്ര നിർമാണത്തിന് വലിയ ഫണ്ട് അനുവദിക്കുന്നതിന്‍റെ മറ്റൊരു വശം തന്നെ ഈ അക്കാദമിയിലും നടക്കുന്നത്. എത്രയോ നല്ല ചിത്രങ്ങളെ ഇവർ തമസ്ക്കരിച്ചിരിക്കുന്നു. എത്രയോ ചലചിത്ര പ്രവർത്തകരെ ഇവർ അപമാനിച്ചിരിക്കുന്നു-അദ്ദേഹം കുറിക്കുന്നു.'ചലചിത്ര അക്കാദമി ഷാജി എൻ കരുണിനോടും സലിം കുമാറിനോടും കാണിച്ച നെറികേടുകളിൽ ഒട്ടും പുതുമയില്ല. ഈ സ്ഥാപനത്തിൽ നിന്നും മറിച്ച് പ്രതീക്ഷിക്കാൻ പോയതാണ് തെറ്റ്. ഇപ്പോൾ ഈ സ്ഥാപനത്തിന്‍റെ തലപ്പത്തുള്ളവർക്ക് തോന്നിയത് അവർ ചെയ്യും. വ്യക്തി താത്പര്യത്തിനനുസരിച്ച് കുഴലൂത്തുകാരെ സംരക്ഷിക്കലാണ് അക്കാദമിയിൽ കുറച്ചു കാലമായി നടക്കുന്നത്. ഇടതുപക്ഷ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് മന്ത്രിക്ക് കത്തെഴുതിയ ചെയർമാനുള്ളത് ഇതേ അക്കാദമിയിലാണ്. അന്താരാഷ്ട്ര തലത്തിൽ മലയാളത്തിന്‍റെ യശസ്സുയർത്തിയ ഷാജി എൻ കരുണിനെ പോലുള്ള വ്യക്തികൾ ഇവർക്ക് പുല്ലാണ്. ഷാജി സാറും സലീംകുമാറും ഈ സ്ഥാപനത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വെടിയണമെന്ന് അഭ്യർഥിക്കുന്നു'-വിനോദ് മങ്കര ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.