'ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ...'; പൃഥിരാജിനെതിരായ ഭീഷണിയിൽ പ്രതികരിച്ച് വി.എച്ച്.പി
text_fieldsപൃഥ്വിരാജ്-ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുരുവായൂർ അമ്പലനടയിൽ'. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത് മുൻ നേതാവ് പ്രതീഷ് വിശ്വനാഥൻ എത്തിയിരുന്നു.
'മലയാള സിനിമാക്കാർക്ക് ദിശ ബോധം ഉണ്ടാക്കാൻ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി. ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോർത്താൽ മതി'- ഫേസ്ബുക്കിൽ കുറിച്ചത് . ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
ഇപ്പോഴിതാ നടനെതിരെ ഉയർന്ന ഭീഷണിയിൽ പ്രതികരിച്ച് വിശ്വഹിന്ദു പരിഷത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ നടനെതിരെ പ്രതികരിച്ച വ്യക്തിയുമായി സംഘടനക്ക് ഒരു ബന്ധമില്ലെന്നും വർഷങ്ങൾക്ക് മുമ്പ് വി.എച്ച്.പിയിൽ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണെന്നും വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ പറഞ്ഞു. ഒരു സിനിമ ജനിക്കുന്നതിന് മുമ്പ് അതിന്റെ ജാതകം എഴുതാന്‍ അത്ര ബുദ്ധിയില്ലാത്തവരല്ല വിശ്വഹിന്ദു പരിഷത്തിലുള്ളതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
'ഒരു സിനിമ ജനിക്കുന്നതിന് മുമ്പ് അതിന്റെ ജാതകം എഴുതാന്‍ അത്ര ബുദ്ധിയില്ലാത്തവരല്ല വിശ്വഹിന്ദു പരിഷത്തിലുള്ളത്. എന്തു സിനിമയാണെങ്കിലും അത് റിലീസ് ചെയ്യട്ടെയെന്നാണ് തങ്ങളുടെ നിലപാട്. സിനിമ വന്നതിനു ശേഷം അതില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ആ സമയത്ത് സംഘടനയുടെ പ്രതികരണം ഉണ്ടാകും. അതല്ലാതെ നിലവിലെ വിവാദവുമായി വിശ്വഹിന്ദു പരിഷത്തിന് യാതൊരു വിധ ബന്ധവുമില്ലെന്നും അനാവശ്യമായി വിശ്വ ഹിന്ദു പരിഷത്തിനെ ഇതിലേക്ക് വലിച്ചിഴച്ചത് പ്രതിഷേധാര്‍ഹമാണെന്നും' നേതാക്കള്‍ വ്യക്തമാക്കി.
ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂർ അമ്പലനടയിൽ.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കുഞ്ഞിരാമായണ ത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന ആഘോഷ ചിത്രമായിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.