പ്രിയദർശൻ മുതൽ വിവേക് അഗ്നിഹോത്രിവരെ; ‘വൺ നേഷൻ’ സീരീസുമായി ആറ് സംവിധായകർ
text_fieldsപ്രിയദർശൻ, വിവേക് അഗ്നിഹോത്രി തുടങ്ങി ആറ് സംവിധായകർ ഒന്നിക്കുന്ന സീരീസ് ‘വൺ നേഷൻ’ റിപ്പബ്ലിക്ക് ദിനത്തിൽ പ്രഖ്യാപിച്ചു. ‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ വിവേക് അഗ്നിഹോത്രി ട്വിറ്റർ വഴിയാണ് പ്രഖ്യാപനം നടത്തിയത്. പ്രിയദർശൻ, ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോൺ മാത്യു മാത്തൻ, മജു ബൊഹാര, സഞ്ജയ് പുരൺ സിങ് ചൗഹാൻ എന്നിവരാണ് മറ്റു സംവിധായകർ.
‘ഇന്ത്യയെ ഒരു രാജ്യമായി നിലനിർത്താൻ ഈ 100 വർഷക്കാലത്തിനിടക്ക് തങ്ങളുടെ ജീവിതം സമർപ്പിച്ച വാഴ്ത്തപ്പെടാത്ത നായകന്മാരുടെ പറയാത്ത കഥകൾ ആറ് ദേശീയ അവാർഡ് ജേതാക്കളാണ് സംവിധായകർ ചേർന്ന് പറയും’-വിവേക് അഗ്നിഹോത്രി ട്വിറ്ററിൽ കുറിച്ചു. സംവിധായകരുടെ ചിത്രവും ട്വീറ്റിനൊപ്പം നൽകിയിട്ടുണ്ട്.
വിഷ്ണു വർധൻ ഇന്ദുരിയും ഹിതേഷ് തക്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുക.‘ദ കശ്മീർ ഫയൽസ്’ എന്ന പ്രൊപ്പഗണ്ട സിനിമയുടെ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. സിനിമ ദേശീയ ചലച്ചിത്രോത്സവത്തിൽ തിരികിക്കയറ്റാൻ ചരടുവലിച്ചതിനെത്തുടർന്നും ഇദ്ദേഹം കുപ്രസിദ്ധിയാർജിച്ചിരുന്നു.
കഴിഞ്ഞ വർഷം റിലീസിന് എത്തി ഇന്ത്യൻ സിനിമാലോകത്ത് ഏറെ ചർച്ചകൾക്ക് വഴിവച്ച സിനിമയാണ് 'ദ കശ്മീർ ഫയൽസ്'. ചിത്രം വീണ്ടും റിലീസിന് എത്തിക്കുമെന്നും വിവേക് അഗ്നിഹോത്രി അടുത്തിടെ പറഞ്ഞിരുന്നു. തിയറ്ററില്‍ സിനിമ കാണാന്‍ കഴിയാതിരുന്നവര്‍ക്ക് അവസരമൊരുക്കുകയാണത്രെ ലക്ഷ്യം.
കഴിഞ്ഞ വർഷം മാർച്ചിൽ ആയിരുന്നു കശ്മീർ ഫയൽസ് തിയറ്ററുകളിൽ എത്തിയത്. കശ്‍മിരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രം മുസ്‍ലിം വിരുദ്ധത പ്രചരിപ്പിക്കുന്നതിന്റെ പേരിൽ വിമർശനം ഏറ്റുവാങ്ങിയിരുന്നു. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്‍തവ, മൃണാൽ കുൽക്കർണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.