'അന്ധവിശ്വാസം' തകർത്ത് മിന്നൽമുരളി; ഭാഗ്യലൊക്കേഷനായി വയനാട്
text_fieldsകൽപറ്റ: അന്ധവിശ്വാസങ്ങളിൽ കുടുങ്ങി ഇക്കാലമത്രയും മാറ്റിനിർത്തിയ വയനാടൻ മലമുകളിലേക്ക് മലയാളസിനിമ ചുരംകയറിയെത്തുന്നു. മുൻകാലങ്ങളിൽ വയനാട്ടിൽനിന്നെടുത്ത ചിത്രങ്ങൾ ബോക്സോഫിസിൽ വിജയമാകാതെ പോയപ്പോൾ 'സിനിമക്ക് രാശിയില്ലാത്ത സ്ഥലം' എന്ന ലേബൽ വയനാടിനുമേൽ പതിക്കുകയായിരുന്നു.
ഈ അബദ്ധധാരണ സൂപ്പർ സംവിധായകരടക്കമുള്ളവർ തലയിലേറ്റിയതോടെയാണ് പ്രകൃതിരമണീയതകൊണ്ട് അനുഗൃഹീതമായ വയനാട്ടിൽ സിനിമ ഷൂട്ടിങ് അന്യമായത്. ഇത്രകാലത്തിനിടക്ക് വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് വയനാട്ടിൽ ഷൂട്ട് ചെയ്തത്. എന്നാൽ, ആധുനിക മലയാള സിനിമയിലെ, പ്രതിഭാധനരായ രണ്ട് ഇളമുറ സംവിധായകർ മുന്നിട്ടിറങ്ങിയതോടെ അബദ്ധചിന്തകളിലൂന്നിയ ആ ധാരണകൾക്ക് 'കട്ട്' പറയുകയാണ് വയനാട്.
വയനാട്ടുകാരായ ബേസിൽ ജോസഫും മിഥുൻ മാനുവൽ തോമസും തങ്ങൾ കളിച്ചുവളർന്ന ചുറ്റുപാടുകളിലേക്ക് കാമറ തിരിച്ചുവെച്ചപ്പോൾ മലയാള സിനിമ വിസ്മയിക്കുകയാണ്.
അമ്മവീട് സ്ഥിതിചെയ്യുന്ന കുറുക്കൻമൂലയിൽ, മലയാളസിനിമയിലെ സമീപകാല ബോക്സോഫീസ് ഹിറ്റായ 'മിന്നൽമുരളി' ഷൂട്ട് ചെയ്താണ് സുൽത്താൻ ബത്തേരി സ്വദേശിയായ ബേസിൽ ജോസഫ് പരമ്പരാഗത ധാരണകളെ തിരുത്തിക്കുറിക്കാൻ മുന്നിട്ടിറങ്ങിയത്. കുറുക്കൻമൂലയിലും ബൈരക്കുപ്പയിലും ചിത്രീകരിച്ച മിന്നൽമുരളി വൻ വിജയമായതോടെ എല്ലാ അന്ധവിശ്വാസങ്ങളും അബദ്ധ ധാരണകളും ആ 'സൂപ്പർ ഹീറോ' കാറ്റിൽ പറത്തി. ഇതിനു പിന്നാലെ കമ്പളക്കാട് പറളിക്കുന്ന് സ്വദേശിയായ മിഥുൻ മാനുവൽ തോമസ് റിലീസാകാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തന്റെ ഗ്രാമത്തിൽ ഉൾപ്പെടെ ചിത്രീകരിച്ചു. വർഷങ്ങൾ പകർത്തിയാലും തീരാത്ത മനോഹര ദൃശ്യങ്ങളുള്ള വയനാടിന്റെ ഉള്ളറകളിലേക്ക് ഇനിയും തങ്ങളുടെ കാമറകൾ തിരിച്ചുവെക്കുമെന്ന് പ്രഖ്യാപിക്കുകയാണ് ഇരുവരും.
നെല്ല്, പൊന്നുച്ചാമി, റെഡ് ഇന്ത്യൻസ്... തുടങ്ങി വയനാട്ടിൽനിന്നെടുത്ത ചിത്രങ്ങൾ ബോക്സോഫീസിൽ കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല. മോഹൻലാൽ അഭിനയിച്ച 'ഫോട്ടോഗ്രാഫർ', മമ്മൂട്ടി നായകനായ 'അങ്കിൾ' എന്നിവയും വയനാട്ടിൽ ഷൂട്ട് ചെയ്തിരുന്നു. ഈ മെഗാസ്റ്റാർ ചിത്രങ്ങളും തിയറ്ററുകളിൽ ആരവമുയർത്താതെ പോയതോടെ വയനാടിനോടുള്ള 'അയിത്തം' അരക്കിട്ടുറപ്പിക്കുകയായിരുന്നു ചലച്ചിത്രമേഖല.
എന്നാൽ, മിന്നൽ മുരളിയുടെ തകർപ്പൻ വിജയത്തോടെ എല്ലാം കീഴ്മേൽമറിയുന്നു. നിലവിൽ ജോജു നായകനായ പുലിമട ഉൾപ്പെടെ രണ്ടു സിനിമകളുടെ ചിത്രീകരണം വയനാട്ടിൽ നടക്കുന്നു. ഇനിയുമേറെ സിനിമകൾ ഷൂട്ടിങ്ങിനായി ചുരം കയറാനൊരുങ്ങുന്നു. 'രാശിയില്ലാത്ത ലൊക്കേഷൻ' എന്ന് പതിറ്റാണ്ടുകളായുള്ള കുറ്റപ്പെടുത്തലുകൾ മായ്ച്ച് ഭാഗ്യ ലൊക്കേഷനിലേക്ക് വയനാട് മാറുകയാണ്.
വയനാട്ടിൽ ഷൂട്ട് ചെയ്യണമെന്ന് വാശിയുണ്ടായിരുന്നു
ആദ്യസിനിമ കുഞ്ഞിരാമായണം വയനാട്ടിൽ ചിത്രീകരിക്കണമെന്നുതന്നെയായിരുന്നു ആഗ്രഹം. ബൈരക്കുപ്പ, കുറുക്കൻമൂല ഭാഗങ്ങളിൽ കുഞ്ഞിരാമായണം ഷൂട്ട് ചെയ്യാനാണ് പ്ലാൻ ചെയ്തതും. എന്നാൽ, ഇതേ പ്രശ്നം പറഞ്ഞിട്ടാണ് വയനാടിനു പകരം ആ സിനിമയുടെ ലൊക്കേഷൻ പാലക്കാട്ടേക്ക് മാറ്റുന്നത്. എന്നെങ്കിലുമൊരു സിനിമ വയനാട്ടിൽ ഷൂട്ട് ചെയ്ത് കാണിച്ചുകൊടുക്കണമെന്ന് അന്നുതന്നെ മനസ്സിൽ വാശിയുണ്ടായിരുന്നു. അബദ്ധ ധാരണകൾ മാറ്റിക്കൊടുക്കണമെന്നുറച്ചുതന്നെയാണ് മിന്നൽ മുരളി വയനാട്ടിൽ ഷൂട്ട് ചെയ്തത്. സിനിമയുടെ വൻ വിജയത്തോടെ ആളുകളുടെ മനോഭാവത്തിൽ മാറ്റം വരുമായിരിക്കും.
വയനാടിന്റെ കുഴപ്പം കൊണ്ടല്ല ഇവിടെ ചിത്രീകരിച്ച സിനിമകൾ ഹിറ്റാകാതെ പോയത്. ആ സിനിമകൾ, അല്ലെങ്കിൽ നമ്മൾ പറയുന്ന കഥകൾ ആൾക്കാർക്ക് കണക്ട് ചെയ്യാൻ കഴിയാതെപോകുന്നു എന്നതുകൊണ്ടാണത്. അതല്ലാതെ, അന്ധവിശ്വാസം കൊണ്ട് മനോഹരമായ ഒരു സ്ഥലത്തെ പൂർണമായും അവഗണിക്കേണ്ട കാര്യമില്ലല്ലോ. ഈ തെറ്റിധാരണകളൊന്നും മൈൻഡ് ചെയ്യാതെ 'മിന്നൽമുരളി' വയനാട്ടിൽ ചിത്രീകരിക്കുന്നതിന് നിർമാതാവ് ഉൾപ്പെടെയുള്ളവർ കൂടെനിന്നത് കരുത്തായി. അവിടെയാണ് പറ്റിയ ലൊക്കേഷനെങ്കിൽ അവിടെത്തന്നെ ഷൂട്ട് ചെയ്യാം എന്നായിരുന്നു അവരുടെ പ്രതികരണം.
ഇനിയിപ്പോ സിനിമ ഹിറ്റായില്ല എന്ന് ആർക്കും പറയാൻ പറ്റില്ലല്ലോ. അതുകൊണ്ട് കൂടുതൽ സിനിമകൾ വയനാട്ടിലേക്ക് വരുമായിരിക്കും. വയനാട്ടിൽ ഷൂട്ട് ചെയ്യുന്നത് വളരെ സന്തോഷകരമായിരുന്നു. നല്ല കാലാവസ്ഥ. മനോഹര സ്ഥലങ്ങൾ. താരങ്ങളും ഹാപ്പി.
യാത്രാപ്രശ്നം ഒഴിച്ചുനിർത്തിയാൽ എല്ലാംകൊണ്ടും മികവുറ്റതാണ് വയനാട്. കണ്ണൂർ എയർപോർട്ട് ഒക്കെ വന്നതുകൊണ്ട് കുറെ ആശ്വാസമായി. ഭാവിയിലും എന്റെ സിനിമകളുടെ ചിത്രീകരണം വയനാട്ടിലുണ്ടാവുമെന്നത് നൂറുശതമാനം ഉറപ്പ്.
ബേസിൽ ജോസഫ്
(സിനിമാ സംവിധായകൻ)
അന്ധവിശ്വാസങ്ങളെ കണക്കിലെടുത്തിട്ടേയില്ല
വയനാട്ടിൽ സിനിമ ചെയ്താൽ വിജയിക്കില്ല എന്ന വിശ്വാസം എങ്ങനെ വന്നു എന്ന് എനിക്കറിയില്ല. ഞാൻ മുമ്പും വയനാട്ടിൽ ഷൂട്ട് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു. എന്നാൽ, അന്ന് ഷൂട്ട് ചെയ്യാതിരുന്നത് ഈ കാരണം കൊണ്ടല്ല. 'ആട്' സിനിമയൊക്കെ ഞാൻ വയനാട്ടിൽ ഷൂട്ട് ചെയ്യാൻ വിചാരിച്ചിരുന്നതാണ്. എന്നാൽ, ആ പദ്ധതി മാറ്റാനുള്ള കാരണം മറ്റൊന്നായിരുന്നു.
എന്തെങ്കിലുമൊരു സാധനം പെട്ടെന്ന് വയനാട്ടിൽ എത്തിക്കണമെന്നുണ്ടെങ്കിൽ എല്ലാം സഞ്ചരിച്ചെത്തേണ്ടത് എറണാകുളത്തുനിന്നാണ്. ദൂരമാണ് എനിക്ക് തോന്നിയ പ്രധാന പ്രശ്നം. അതുകൊണ്ടാണ് എല്ലാവരും തൊടുപുഴ, ഒറ്റപ്പാലം എന്നൊക്കെ പറഞ്ഞുപോകുന്നത്. ഏഴെട്ട് മണിക്കൂർ റണ്ണിങ് ടൈം എന്നതാണ് പ്രധാനം. അബദ്ധ ധാരണകൾക്കപ്പുറം ഭൂമിശാസ്ത്രപരമായ പ്രതിബന്ധങ്ങളാണ് വലിയ വെല്ലുവിളി. ഒരുപാട് ആർട്ടിസ്റ്റുകളൊക്കെയുള്ള സിനിമയാകുമ്പോൾ സൗകര്യവും യാത്രയുമൊക്കെ എളുപ്പമാകുന്നതിനുവേണ്ടിയാണ് ഇടുക്കിയും പാലക്കാട്ടുമൊക്കെ തിരഞ്ഞെടുക്കുന്നത്. എങ്കിലും വയനാട്ടിൽ ചിത്രീകരിച്ചാൽ സിനിമ വിജയിക്കില്ല എന്ന വിശ്വാസം ഇൻഡസ്ട്രിയിൽ ഉണ്ട് എന്നാണ് പറയപ്പെടുന്നത്.
ഇതിന് മുമ്പ് ഇവിടുന്നെടുത്ത സിനിമകൾ പരാജയപ്പെട്ടത് ഇവിടെ ഷൂട്ട് ചെയ്തതുകൊണ്ടുള്ള കുഴപ്പം കൊണ്ടല്ല. അങ്ങനെയെങ്കിൽ മിന്നൽമുരളി പരാജയപ്പെടണമല്ലോ. കുറച്ചധികം സിനിമകൾ പരാജയപ്പെടുമ്പോൾ 'അൺലക്കി ലൊക്കേഷൻ'എന്ന ടാഗ് അങ്ങ് വീണുപോയതായിരിക്കാം. ഞാൻ വയനാട്ടിൽ സിനിമ ഷൂട്ട് ചെയ്യാനുള്ള കാരണം, അന്ന് കേരളത്തിൽ ഷൂട്ടിങ്ങിന് അനുമതി ഇല്ലായിരുന്നു. മലയാളി ടച്ചുള്ള ഗ്രാമമാണ് എനിക്ക് ചിത്രീകരിക്കേണ്ടിയിരുന്നത്. അപ്പോൾ വടുവഞ്ചാലിനപ്പുറമുള്ള വളതുവയൽ തിരഞ്ഞെടുത്തു. അതിർത്തിക്കപ്പുറമെങ്കിലും കേരളം പോലെത്തന്നെയാണല്ലോ. അവിടെ ഔട്ട്ഡോറിൽ ഷൂട്ടിങ്ങിന് കുഴപ്പമില്ലായിരുന്നു. കേരളത്തിൽ അനുമതിയായതോടെ കുറേ രംഗങ്ങൾ സ്വന്തം പഞ്ചായത്തിലും ഷൂട്ട് ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു. നമുക്കറിയാവുന്ന കുറേ നല്ല ലൊക്കേഷനുകളുണ്ട്. കല്ലഞ്ചിറ ഡാം പോലെ. അതൊന്നും ഇതുവരെ ആരും പകർത്തിയിട്ടില്ല. അത് എക്സ്പ്ലോർ ചെയ്തു. ഇനി വയനാട്ടിലേക്ക് ഇഷ്ടംപോലെ സിനിമകൾ വരും. ഇതൊരു തുടക്കം മാത്രമാണ്.
ഞാനും ബേസിലും വയനാട്ടുകാരായതുകൊണ്ടും അവിടത്തെ ഒട്ടേറെ സ്ഥലങ്ങൾ കണ്ടിട്ടുള്ളതുകൊണ്ടും മറ്റു സ്ഥലങ്ങളേക്കാൾ നല്ല ലൊക്കേഷനുകൾ ജില്ലയിലുണ്ടെന്ന് അറിയാവുന്നതുകൊണ്ടുമാണ് ഞങ്ങൾ വരുന്നത്. എന്റെ അടുത്ത സിനിമകളിലും ഉറപ്പായും വയനാട് പ്രതീക്ഷിക്കാം. അടുത്ത അഞ്ചാറുവർഷം ഷൂട്ട് ചെയ്താലും തീരാത്തത്ര ലൊക്കേഷനുകൾ വയനാട്ടിലുണ്ട്. വയനാടിന് മുകളിൽ ചാർത്തപ്പെട്ട അൺലക്കി ലൊക്കേഷൻ എന്ന അന്ധവിശ്വാസങ്ങളെ ഞാൻ കണക്കിലെടുത്തിട്ടേയില്ല. നമ്മുടെ സ്ക്രിപ്റ്റ് നന്നെങ്കിൽ, സിനിമ നന്നെങ്കിൽ ഓടും. അത് ഷൂട്ട് ചെയ്തത് ഒറ്റപ്പാലത്തായാലും തൊടുപുഴയിലായാലും വയനാട്ടിലായാലും ശരി.
മിഥുൻ മാനുവൽ തോമസ്
(സിനിമാ സംവിധായകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.