ആർ.ഡി.എക്സിന് ശേഷം കലുഷിതമായ കടലിന്റെ കഥയുമായി വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്; നായകൻ ആന്റണി വർഗീസ്
text_fieldsവീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം വർക്കലക്കടുത്തുള്ള അഞ്ചുതെങ്ങ് തീരപ്രദേശത്ത് ആരംഭിച്ചു. നീണ്ടു നിൽക്കുന്ന കടൽ സംഘർഷത്തിന്റെ കഥ പറയുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. ആന്റണി വർഗീസാണ് ചിത്രത്തിൽ നായകനാകുന്നത്.
ആർ.ഡി.എക്സിന്റെ വൻ വിജയത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിർമ്മിക്കുന്ന ചിത്രം ഈ കമ്പനിയുടെ ഏഴാമതു ചിത്രം കൂടിയാണ്. ചിത്രത്തിന്റെ പേര് ഇതുവരെയും പുറത്തു വിട്ടിട്ടില്ല. ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗ് നേരത്തേ കഴിഞ്ഞിരുന്നതിനാൽ തികച്ചും ലളിതമായി രീതിയിലാണ് ചിത്രീകരണം ആരംഭിച്ചത്. ആന്റണി വർഗീസ്, പുതുമുഖം പ്രതിഭ, ജയാക്കുറുപ്പ്, ബാലതാരങ്ങളായ അഭാ എം. റാഫേൽ, ഫസിയ മറിയം ആന്റണി എന്നിവരാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്.
കടലിന്റെ പശ്ചാത്തലത്തിൽ പൂർണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു തീരപ്രദേശത്തിന്റെ സംസ്ക്കാരവും ജീവിതവും തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ്. ദിവസ്സങ്ങളോളം കടലിൽ പണിയെടുക്കുന്ന അദ്ധ്വാനികളായ ഒരു സമൂഹത്തിന്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രമെന്നു പറയാം.
കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്. ഉള്ളിൽ കത്തുന്ന കനലുമായി തൻ്റെ ജീവിത ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുന്ന ഒരു കടലിൻ്റെ പുത്രൻ്റെ ജീവിതമാണ് തികച്ചും സംഘർഷഭരിതമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുവാൻ തക്ക വിധമാണ് ഈ ചിത്രത്തിൻ്റെ അവതരണം. എഴുപതോളം ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ചിത്രീകരണത്തിൽ ഏറെയും കടലിലെ തകർപ്പൻ റിവഞ്ച് ആക്ഷൻ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്.
യൗവനത്തിൻ്റെ തിളപ്പും കൈയ്യിൽ തോണി തുഴയുന്ന പങ്കായം പിടിച്ച ഉറച്ച തഴമ്പും ഉറച്ച മനസ്സുമുള്ള ഒരു യുവാവായ നായകന് ആൻ്റണി വർഗീസാണ് ജീവൻ നൽകുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബോളിവുഡിലേയും കോളിവുഡിലേയും പ്രമുഖ സംഘട്ടന സംവിധായകരാണ് കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്. പുതുമുഖം പ്രതിഭയാണ് നായിക.
ഗൗതമി നായർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷബീർ കല്ലറക്കൽ (കൊത്ത ഫെയിം), ശരത് സഭ, നന്ദു, സിറാജ് (ആർ.ഡി.എക്സ് ഫെയിം), ജയക്കുറുപ്പ്, ആഭാ.എം. റാഫേൽ, ഫൗസിയ മറിയം ആൻ്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോയ്‌ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സാം സി.എസ്സിൻ്റേതാണു സംഗീതം. ഗാനരചന - വിനായക് ശശികുമാർ, ഛായാഗ്രഹണം - ജിതിൻ സ്റ്റാൻസിലോസ്, എഡിറ്റിംഗ് - ശ്രീജിത് സാരംഗ്, കലാസംവിധാനം - മനു ജഗദ്, മേക്കപ്പ് - അമൽ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈൻ - നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഉമേഷ് രാധാകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ - സൈബൻ സി സൈമൺ (വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്). റോജി പി കുര്യൻ, പ്രൊഡക്ഷൻ മാനേജർ - പക്കു കരീത്തറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സനൂപ് മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പി.ആർ.ഒ - ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ. രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വർക്കല, കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് തന്നെയാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.