പ്രീസ്റ്റിൽ 'കണ്ണുവച്ച്' കുഞ്ഞിക്ക; ഈ അച്ഛനാണ് അച്ചനെന്ന് ആരാധകർ
text_fieldsമെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യറും ആദ്യമായി ഒന്നിക്കുന്ന മലയാള സിനിമയാണ് 'ദി പ്രീസ്റ്റ്'. നവാഗതനായ ജോഫിൻ ടി ചാക്കോ എഴുതി സംവിധാനം ചെയ്യുന്ന സിനിമ പുതുവർഷത്തിൽ തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം നടൻ മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. താടിനീട്ടി കോട്ടണിഞ്ഞ് കണ്ണടയും തൊപ്പിയുംവച്ച് നിൽക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണുന്നത്. പങ്കുവച്ച് അൽപ്പസമയത്തിനകം പോസ്റ്റർ വൈറലായി.
മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖറും ഇതേ ചിത്രം പങ്കുവച്ചിരുന്നു. ദുൽഖർ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. 'വളരെ കൗതുകകരമായി തോന്നുന്നു! എന്തൊരു കൂൾലുക്ക്! വലിയ സ്‌ക്രീനിൽ ഈ സിനിമ കാണാൻ കാത്തിരിക്കുന്നു. ദി പ്രീസ്റ്റിന്‍റെ മുഴുവൻ ടീമിനും എല്ലാ ആശംസകളും'-ദുൽഖർ കുറിച്ചു.'ഈ അച്ഛൻ നമ്മളെ ഞെട്ടിക്കും' പോസ്റ്റിന് താഴെ ഒരു ആരാധകൻ കുറിച്ചു.
'കണ്ടാൽ കരുതും ഹോളിവുഡ് സിനിമയാണെന്ന് പക്ഷെ ക്ഷമിക്കണം ഇത് കൊച്ചു കേരളത്തിൽ നിന്നും വരുന്ന വലിയ സിനിമയാണ്'-മറ്റൊരാൾ എഴുതുന്നു. പുതുവർഷത്തിൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ദുൽഖറിന്‍റെ 'കുറുപ്പ്'. ത്രില്ലർ വിഭാഗത്തിൽപെടുന്ന സിനിമയിൽ ക്രിസ്ത്യൻ പാതിരിയായാണ് മമ്മൂട്ടി വേഷമിടുന്നതെന്നാണ് സൂചന.നേരത്തേ സംവിധായകൻ ജോഫിൻ ടി ചാക്കോ സിനിമയിൽ മമ്മൂട്ടിക്കും മഞ്ജുവാര്യർക്കും ഒപ്പം ജോലി ചെയ്യുന്നതിന്‍റെ അനുഭവം പങ്കുവച്ചിരുന്നു.
'അവരെ സംവിധാനം ചെയ്യുകയെന്നത് പ്രത്യേക അനുഭവമായിരുന്നു. പ്രത്യേകിച്ചും അവർ ആദ്യമായി ഒരുമിച്ച് അഭിനയിക്കുേമ്പാൾ, അതും എന്‍റെ ആദ്യ സിനിമയിൽ. നിരവധി മോളിവുഡ് സിനിമാ പ്രവർത്തകരും ആരാധകരും അവരെ സ്‌ക്രീനിൽ ഒരുമിച്ച് കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്നു. ഈ സിനിമയിൽ ഇത് സംഭവിച്ചത് അനുഗ്രഹമായി കരുതുന്നു. മഞ്ജു മാഡം ഈ പ്രത്യേക കഥാപാത്രത്തെ അവതരിപ്പിച്ചാൽ വളരെ മികച്ചതായിരിക്കുമെന്ന് നിർമ്മാതാക്കളും ഞാനും കരുതി. അങ്ങനെയാണ് ഞങ്ങൾ അവരെ സമീപിച്ചത്'-ജോഫിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.