കശ്മീർ ഫയൽസ് അവസാനിക്കുന്നില്ല; രണ്ടാം ഭാഗം പുറത്തിറക്കുമെന്ന് വിവേക് അഗ്നിഹോത്രി
text_fieldsന്യൂഡൽഹി: ഇസ്രായേൽ സംവിധായകൻ നദവ് ലാപിഡിന്റെ വിമർശനത്തിന് പിന്നാലെ കശ്മീർ ഫയൽസിന് തുടർച്ചയുണ്ടാവുമെന്ന് അറിയിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. 'ദ കശ്മീർ ഫയൽസ്: അൺറിപ്പോർട്ടഡ്' എന്ന പേരിൽ കശ്മീർ താഴ്വരയിലെ പണ്ഡിറ്റുകളുടെ വംശഹത്യയെ സംബന്ധിച്ച യാഥാർഥ്യങ്ങളെല്ലാം പുറത്ത് കൊണ്ടു വരുമെന്നാണ് വിവേക് അഗ്നിഹോത്രി അറിയിച്ചിരിക്കുന്നത്.
ആജ് തക്കിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. നിങ്ങളുടെ ചാനലിലൂടെ ഞാൻ ഒരു പ്രഖ്യാപനം നടത്താൻ ആഗ്രഹിക്കുകയാണ്. കശ്മീരിൽ നമുക്ക് നിരവധി കഥകളുണ്ട് അതിൽ നിന്നും 10 സിനിമകൾ വരെ നിർമ്മിക്കാം. എന്നാൽ, ഒരു സിനിമയെടുക്കാനായിരുന്നു എന്റെ തീരുമാനം. എന്നാൽ, ഇപ്പോൾ മുഴുവൻ സത്യവും പുറത്തുകൊണ്ടുവരാൻ ആഗ്രഹിക്കുകയാണ്. 'ദ കശ്മീർ ഫയൽസ് അൺറിപ്പോർട്ടഡ്' എന്ന പേരിൽ സിനിമക്ക് തുടർച്ചയുണ്ടാവുമെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു.
അതേസമയം, സിനിമയാണോ വെബ് സീരിസാണോ പുറത്തിറക്കുയെന്ന് അഗ്നിഹോത്രി വ്യക്തമാക്കിയിട്ടില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു കലാരൂപം എന്നതിൽ കവിഞ്ഞുള്ള പ്രാധാന്യം ഇപ്പോൾ കശ്മീർ ഫയൽസിന് കൈവന്നിട്ടുണ്ട്. ഇത് രാജ്യത്തിന്റെ അഭിമാനത്തിന്റെ പ്രശ്നമാണ്. തന്റെ കൈയിൽ എന്തൊക്കെ തെളിവുകളാണ് ഉള്ളതെന്ന് ലോകത്തിന് കാണിച്ച് കൊടുക്കേണ്ടത് ഇപ്പോൾ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണെന്നും അഗ്നിഹോത്രി പറഞ്ഞു.
നേരത്തെ കശ്മീർ ഫയൽസിനെ അശ്ലീലമെന്നും 'പ്രൊപഗൻഡ'യെന്നുമാണ് നദവ് ലാപ്പിഡ് വിശേഷിപ്പിച്ചത്. സിനിമ കണ്ട് ജൂറി അസ്വസ്ഥരായെന്നും ലാപിഡ് സിനിമയുടെ പ്രദർശനത്തിന് ശേഷമുള്ള ചടങ്ങിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.