നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകും; ആരോപണം വ്യാജമെന്ന് നിവിൻ പോളി
text_fieldsകൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായതിന് പിന്നാലെ ആരോപണങ്ങളിൽ പ്രതികരിച്ച് ചലച്ചിത്രതാരം നിവിൻ പോളി. തനിക്കെതിരെ വ്യാജ ബലാത്സംഗ പരാതിയാണ് നൽകിയിരിക്കുന്നതെന്ന് നിവിൻ പോളി പറഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു.
വ്യാജ ആരോപണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്ത് കൊണ്ടു വരാനുള്ള നടപടികൾ സ്വീകരിക്കും. കേസിൽ നിയമപരമായി നീങ്ങുമെന്നും നിവിൻ പോളി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ വാർത്താസമ്മേളനം നടത്തി നിവിൻ പോളി കാര്യങ്ങൾ വിശദീകരിച്ചു. പരാതി നൽകിയ പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒന്നരമാസം മുമ്പ് ഇതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് വിളിച്ചിരുന്നു. അന്ന് വ്യാജ പരാതിയാണെന്നും പ്രശസ്തിക്ക് വേണ്ടി ചെയ്തതാകാമെന്നുമാണ് പൊലീസ് പറഞ്ഞത്. തന്റെ ഭാഗത്ത് 100 ശതമാനം ന്യായമുണ്ടെന്നും നിവിൻ പോളി പറഞ്ഞു.
കേസിലെ ആറ് പ്രതികളിൽ ഒരാളെ മാത്രം അറിയാം. താൻ കുറ്റക്കാരനല്ലെന്ന് തെളിയിക്കുമ്പോഴും മാധ്യമങ്ങൾ ഒപ്പം നിൽക്കണമെന്നും നിവിൻ പോളി അഭ്യർഥിച്ചു.
അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നിവിൻ പോളിക്കെതിരായ യുവതിയുടെ പരാതി. ഇതിൽ എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകൽ സ്വദേശിയായ യുവതിയുടെ പരാതി. നിവിൻ പോളിക്കൊപ്പം മറ്റു ചിലരും പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. നിവിൻ പോളിയടക്കം ആറ് പേരാണ് പ്രതികൾ.
യുവതിയുടെ പരാതി സിനിമാ രംഗത്തെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.