മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ പടിയിറങ്ങും -രഞ്ജിത്ത്
text_fieldsതിരുവനന്തപുരം: തനിക്കെതിരെ പരാതിയുണ്ടെങ്കിൽ സർക്കാർ തീരുമാനമെടുക്കട്ടെയെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്. പരാതി കൊടുത്തവർക്ക് അതിന് സ്വാതന്ത്ര്യമുണ്ട്. പരാതികൾ സർക്കാർ പരിശോധിക്കട്ടെ. മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ പടിയിറങ്ങാൻ തയാറാണ്. താൻ എകാധിപതി ആണോ എന്ന് അക്കാദമി വൈസ് ചെയർമാനും സെക്രട്ടറിയും പറയട്ടെയെന്നും രഞ്ജിത് മാധ്യമങ്ങളോട് പറഞ്ഞു.
രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് ഭരണസമിതി അംഗങ്ങൾ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന്റെ നിലപാടുകൾക്കെതിരെ അക്കാദമി ഭരണസമിതിയിൽ പൊട്ടിത്തെറി. രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് ഭരണസമിതിയിലെ ഒരു വിഭാഗം മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക മന്ത്രി സജി ചെറിയാനും സാംസ്കാരിക സെക്രട്ടറിക്കും കത്ത് നൽകി. ഭരണസമിതിയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും ഇത്തരത്തിൽ മുന്നോട്ടുപോകാനാകില്ലെന്നും കാണിച്ച് വ്യാഴാഴ്ച രാവിലെയോടെയാണ് കത്തുകൾ ഇ-മെയിൽ മുഖാന്തരവും ഓഫിസുകളിലും നൽകിയത്.
തുടർന്ന് ഉച്ചയോടെ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യവേദിയായ ടാഗോറിൽ ഫെസ്റ്റിവൽ ഓഫിസിനകത്ത് സംവിധായകൻ മനോജ് കാനയുടെ നേതൃത്വത്തിൽ അക്കാദമി ഭരണസമിതി അംഗങ്ങളിൽ ഒമ്പതുപേർ സമാന്തരയോഗം ചേർന്നു. രഞ്ജിത്ത് രാജിവെക്കാതെ മുന്നോട്ടുപോയാൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കാൻ തീരുമാനിച്ചു. എന്‍. അരുണ്‍, മമ്മി സെഞ്ച്വറി, കുക്കു പരമേശ്വരന്, പ്രകാശ് ശ്രീധര്‍, ഷൈബു മുണ്ടയ്ക്കല്‍, നടന് ജോബി, സിബി കെ. തോമസ്, സോഹൻ സിനുലാൽ എന്നിവരാണ് യോഗം ചേർന്നത്. ചലച്ചിത്ര മേളയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് അതൃപ്തി അറിയിച്ച കുക്കു പരമേശ്വരനോട് കഴിഞ്ഞ ദിവസം രഞ്ജിത്ത് മോശം പരാമർശം നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബുധനാഴ്ച തന്നെ മേള ബഹിഷ്കരിച്ച് നാട്ടിലേക്ക് മടങ്ങിയ കുക്കു, വ്യാഴാഴ്ച ചേർന്ന യോഗത്തിൽ ഓൺലൈനായാണ് പങ്കെടുത്തത്.
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ശോഭ കെടുത്തുന്ന പ്രവർത്തനങ്ങളാണ് ചെയർമാൻ സ്ഥാനത്തിരുന്ന് രഞ്ജിത്ത് നടത്തുന്നതെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. അക്കാദമി നടത്തിയ മറ്റ് പരിപാടികളിലും രഞ്ജിത്തിന്റെ പ്രതികരണങ്ങൾ വിവാദമുണ്ടാക്കി. അക്കാദമിയുടെ ഭരണപരമായ കാര്യങ്ങളിൽ ഏകാധിപത്യവും ധിക്കാര സമീപനവുമാണ് ചെയർമാനിൽനിന്ന് ഉണ്ടാകുന്നത്. ഡോ. ബിജുവിനെ അധിക്ഷേപിച്ചതും മേളയുടെ മാറ്റ് കുറക്കാൻ കാരണമായെന്നും പരാതിയിൽ പറയുന്നു.
സംവിധായകൻ ഡോ. ബിജുവിനെക്കുറിച്ച രഞ്ജിത്തിന്റെ പരാമര്‍ശങ്ങളില്‍ മന്ത്രി സജി ചെറിയാനും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഡോ. ബിജുവുമായുള്ള തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ത്തതാണെന്നും വീണ്ടും വിഷയം പരസ്യമായി ഉന്നയിച്ചത് ശരിയായില്ലെന്നുമുള്ള അഭിപ്രായമാണ് സജി ചെറിയാന് അറിയിച്ചത്. 27 അംഗ ഭരണസമിതിയിൽ ഒമ്പതുപേർ സർക്കാർ ഉദ്യോഗസ്ഥരാണ്. സർക്കാർ നോമിനേറ്റ് ചെയ്ത 18 പേരിൽ 14 പേരും രഞ്ജിത്തിന് എതിരാണെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.