വനിത ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു
text_fieldsകോഴിക്കോട്: അന്താരാഷ്ട്ര വനിത ചലച്ചിത്രമേളക്ക് ആവേശത്തുടക്കം. മൂന്നുദിവസം നീണ്ടുനിൽക്കുന്ന മേള മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ പുരോഗമന ചിന്താഗതിക്ക് അടിത്തറ പാകുന്നതിൽ ചലച്ചിത്രമേളകൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ ചെറുക്കുന്നതിൽ സമൂഹത്തിന്റെ പൊതുബോധത്തിൽ തിരുത്തലുകൾ വരുത്തേണ്ട ആവശ്യകതയുണ്ടെന്ന തിരിച്ചറിവിൽനിന്നാണ് ഇത്തരം മേളകൾ സംഘടിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വനിതകള്‍ സംവിധാനം ചെയ്യുന്ന സിനിമക്കായി ബജറ്റില്‍ തുക വകയിരുത്തിയ ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
വൈകീട്ട് കൈരളി തിയറ്ററില്‍ നടന്ന ചടങ്ങിൽ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം വനിത കമീഷന് അധ്യക്ഷ പി.സതീദേവി കെ.എസ്.എഫ്.ഡി.സി എം.ഡി എന്‍. മായക്ക് നൽകി നിർവഹിച്ചു. കോഴിക്കോട്ടെ അഭിനേത്രികളായ വിധുബാല, നിലമ്പൂര്‍ ആയിഷ, കുട്ട്യേടത്തി വിലാസിനി, സീനത്ത്, സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരന്, പുഷ്പ കല്ലായി, എല്‍സി സുകുമാരന്‍, കബനി ഹരിദാസ്, സീമ ഹരിദാസ്, അജിത നമ്പ്യാര്‍ എന്നിവരെ ആദരിച്ചു.
ജില്ല കലക്ടര്‍ ഡോ. നരസിംഹുഗരി ടി.എല്‍. റെഡ്ഢി സ്വാഗതവും ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത് ആമുഖഭാഷണവും സെക്രട്ടറി സി.അജോയ് നന്ദിപ്രകടനവും നടത്തി. ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേംകുമാര്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ അഞ്ജലി മേനോന്, കുക്കു പരമേശ്വരന്, കോഴിക്കോട് സബ് കലക്ടര്‍ ചെല്‍സ വി. സിനി, മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ സംവിധായികമാരായ താരാ രാമാനുജന്, ഐഷ സുല്‍ത്താന, മിനി ഐ.ജി തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിനുശേഷം ഉദ്ഘാടന ചിത്രമായി ഐ.എഫ്.എഫ്.കെയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരവും മികച്ച നവാഗത സംവിധായികക്കുള്ള രജതചകോരവും നേടിയ 'ക്ലാര സോള' പ്രദര്‍ശിപ്പിച്ചു. ശനിയാഴ്ച രാവിലെ 10 മുതലാണ് ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചത്.
മേളയിൽ ഇന്ന്
കൈരളി: 10.15- യൂ റിസംബ്ൾ മീ, 12.30-മുറിന, 3.15 ബർഗ്മാൻ ഐലൻഡ്, 6.15 അലേ
ശ്രീ: 10.00 വൈറൽ സെബി, 12.15- ഫ്ലഷ്, 3.00 സിറ്റി ഗേൾസ്, 21 അവേഴ്സ്, ദ ഡേ ഐ ബികെയിം എ വുമൺ, 6.00 ഫോർബിഡൻ/നിഷിദ്ധോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.