കോട്ടയത്തെ സ്ത്രീകളെ സിനിമ കാണാൻ പഠിപ്പിച്ച് മഴവില്ല്
text_fieldsകോട്ടയം: വെറുതെ കണ്ടുതീർക്കാനുള്ളതാണോ സിനിമ?. അല്ലെന്നു പറയും കോട്ടയത്തെ സ്ത്രീകൾ. അഭിനയം പോലെ, സംവിധാനം പോലെ ആസ്വാദനവും ഒരു കലയാണെന്ന് ഇപ്പോഴവർക്കറിയാം. നല്ല സിനിമകൾ കാണാനും ചർച്ച ചെയ്യാനും പെൺചലച്ചിത്ര മേളകൾ അവരെ പഠിപ്പിച്ചുകഴിഞ്ഞു.
കേരളത്തിലെ ഏക വനിത ഫിലിം സൊസൈറ്റിയായ മഴവില്ലാണ് അവർക്ക് അന്യമായിരുന്ന സിനിമയുടെ ചിന്താതലത്തിലേക്ക് അവരെ എത്തിച്ചത്. 2018ലാണ് സിനിമയെ ഇഷ്ടപ്പെടുന്ന ഒരുകൂട്ടം സ്ത്രീകൾ ചേർന്ന് മഴവില്ലിന് തുടക്കമിടുന്നത്. മലപ്പുറം മഞ്ചേരിയിൽ പെൺകുട്ടികളടക്കം സജീവമായിരുന്ന സിനിമ കൂട്ടായ്മകൾക്കും ചർച്ചകൾക്കുമിടയിൽനിന്ന് കോട്ടയത്ത് എത്തിയപ്പോഴാണ് ഇവിടെയും അത്തരം കൂടിച്ചേരലുകളെക്കുറിച്ചു ചിന്തിച്ചതെന്നു സെക്രട്ടറിയും കോട്ടയം മെഡി. കോളജിൽ നഴ്സിങ് സൂപ്രണ്ടുമായ ഹേന ദേവദാസ് പറയുന്നു. സ്ത്രീകൾക്ക് നല്ല സിനിമകൾ കാണാൻ അവസരമൊരുക്കുക, ഒന്നിച്ചിരുന്ന് സിനിമ കണ്ട് ചർച്ചകൾ നടത്തി നല്ല കാഴ്ചക്കാരെ സൃഷ്ടിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. അങ്ങനെ കോട്ടയത്തെ പെണ്ണുങ്ങളുടെ കൂട്ടായ്മയായി മഴവില്ല് പിറന്നു.
ബസേലിയസ് കോളജിൽ രണ്ടുദിവസത്തെ ചലച്ചിത്ര മേളയോടെയായിരുന്നു അരങ്ങേറ്റം. 2019ൽ മൂന്നുദിവസത്തെ മേള സംഘടിപ്പിച്ചു. കോവിഡ് മൂലം മൂന്നാം ഫെസ്റ്റിവൽ നടന്നില്ല. 2022ൽ 'ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ന്‍റെ പ്രദർശനവും ചർച്ചയും ഒരുക്കിയാണ് തിരിച്ചുവന്നത്. സ്ത്രീ കേന്ദ്രീകൃത സിനിമകളാണ് സ്ത്രീകൾ മാത്രം ഭാരവാഹികളായുള്ള മഴവില്ല് ലക്ഷ്യമിടുന്നത്.
രാത്രികളിൽ സംഘടിപ്പിക്കുന്ന മറ്റു ചലച്ചിത്ര മേളകളെ ഇവർ തോൽപിച്ചത് സ്ത്രീകൾക്കു സൗകര്യമുള്ള സമയത്തും സ്ഥലത്തും മേളകൾ സംഘടിപ്പിച്ചാണ്. വീട്ടമ്മമാരെത്തേടി വീട്ടുമുറ്റങ്ങളിലും വിദ്യാർഥികളെത്തേടി സ്കൂളുകളിലേക്കും എത്തി മഴവില്ല്. ഈ വർഷം മൂന്നുദിവസങ്ങളിലായി നടത്തിയ വനിത ചലച്ചിത്ര ക്യാമ്പ് വൻ വിജയമായിരുന്നു. വിവിധ ജില്ലകളിൽനിന്നായി വിദ്യാർഥികളടക്കം 32 പേർ പങ്കെടുത്തു. 20 മുതൽ 66 വയസ്സുവരെയുള്ളവർ ഇവരിലുണ്ടായിരുന്നു. കൂടുതൽ സ്ത്രീകളിലേക്ക് സിനിമയെ എത്തിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. ഹേന ദേവദാസ് കെ.ജി.എൻ.എയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റുമാണ്. മഴവില്ല് വഴി ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്റർ റീജനൽ കൗൺസിൽ മെംബർ കൂടിയായി. എം.എൻ. ശ്യാമളയാണ് പ്രസിഡന്‍റ്. വിവിധ മേഖലകളിൽ ജോലിചെയ്യുന്നവരും സാമൂഹിക -രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നവരും വിദ്യാർഥികളുമടക്കം 11 പേരാണ് മഴവില്ലിനെ നയിക്കുന്നത്. സ്ത്രീകളാണ് ഭാരവാഹികളെങ്കിലും അംഗങ്ങളും സഹകരിക്കുന്നവരുമായി ഏറെ പുരുഷന്മാർ ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.