സിനിമാരംഗത്തെ സ്ത്രീപ്രശ്നം: പരിശോധിക്കാൻ സമിതി
text_fieldsതിരുവനന്തപുരം: സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് രണ്ടുവർഷം മുമ്പ് ജസ്റ്റിസ് ഹേമ കമീഷൻ സമർപ്പിച്ച ശിപാർശകൾ നടപ്പാക്കുന്നത് പരിശോധിക്കാൻ സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചു. റിപ്പോർട്ട് പുറത്തുവിടാത്തത് സംബന്ധിച്ച് വിവാദമുയരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.
ചലച്ചിത്ര അക്കാദമി സെക്രട്ടറി, സാംസ്കാരിക വകുപ്പിലെ അണ്ടര്‍ സെക്രട്ടറി, നിയമവകുപ്പിലെ അണ്ടർ സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ ഓരോ അംഗവും പ്രത്യേകം സമർപ്പിക്കണമെന്നാണ് നിർദേശം. സിനിമാ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച ശിപാർശ ചലചിത്ര അക്കാദമി സെക്രട്ടറിയും സാംസ്കാരിക വകുപ്പും പരിശോധിക്കും.
നിയമപരമായ പ്രശ്നങ്ങൾ നിയമവകുപ്പിന്റെ ശ്രദ്ധയിൽപെടുത്തും. നിയമനിർമാണ സാധ്യതകളാണ് നിയമവകുപ്പ് പ്രധാനമായും പരിശോധിക്കുക. ട്രൈബ്യൂണൽ രൂപവത്കരിക്കുമ്പോൾ ഇപ്പോഴുള്ള കമീഷനുകളുമായോ നിയമവേദികളുമായോ സാമ്യമുണ്ടാകാതിരിക്കാനാണ് നിയമവകുപ്പിന്റെ പരിശോധന. മൂന്ന് അംഗങ്ങളുടെയും അഭിപ്രായം അറിഞ്ഞശേഷം സർക്കാർ തീരുമാനമെടുക്കും. റിപ്പോർട്ട് സമർപ്പിക്കാൻ സമയപരിധി നിശ്ചയിച്ചില്ലെന്നും അടിയന്തരമായി നൽകാനാണ് ആവശ്യപ്പെട്ടതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
2019 ഡിസംബർ 31നാണ് ഹേമ കമീഷൻ 300 ലധികം പേജുകളുള്ള റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചത്. ഇതിൽ രണ്ടുവർഷം കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ല. സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള നിരവധി ശിപാർശകൾ റിപ്പോർട്ടിലുള്ളതായാണ് പറയപ്പെട്ടതെങ്കിലും വിശദാംശങ്ങൾ പുറത്തുവരാത്തത് അഭ്യൂഹങ്ങൾക്കിട നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.