ബോളിവുഡിനെ ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ട -ഉദ്ധവ് താക്കറെ
text_fieldsമുംബൈ: ബോളിവുഡ് സിനിമാ മേഖലയെ ഇല്ലാതാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. നടൻ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിനെതിരെ ചില മാധ്യമങ്ങൾ മന:പൂർവം പ്രചാരണം നടത്തിയെന്ന ആരോപണമുയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
ബോളിവുഡിനെ ഇല്ലാതാക്കാനോ മുംബൈയിൽ നിന്ന് മറ്റെവിടേക്കെങ്കിലും പറിച്ചുനടാനോ ഉള്ള നീക്കം അനുവദിക്കില്ല. മുംബൈ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം മാത്രമല്ല, വിനോദവ്യവസായ തലസ്ഥാനം കൂടിയാണ്.
ലോകമാകെ ബോളിവുഡിന് ആരാധകരുണ്ട്. വൻ തോതിലുള്ള തൊഴിലവസരമാണ് സിനിമാ മേഖല നൽകുന്നത്. എന്നാൽ, ഏതാനും ദിവസങ്ങളായി ബോളിവുഡിന്‍റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങളാണ് ചില കോണുകളിൽ നിന്നുണ്ടാകുന്നത് -തിയറ്റർ ഉടമകളുടെ ഒരു യോഗത്തിൽ അദ്ദേഹം പറഞ്ഞു.
അടുത്തിടെ യു.പിയിൽ ഫിലിം സിറ്റി തുടങ്ങാനുള്ള വൻ പദ്ധതി ബി.ജെ.പി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടി മുന്നിൽ കണ്ടാണ് ഉദ്ധവിന്‍റെ പ്രസ്താവന. മഹാരാഷ്ട്രയിൽ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാനുള്ള മാർഗരേഖ ഉടൻ തയാറാക്കുമെന്നും അതിനനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.